Medical Report | നിയമസഭാ സംഘര്‍ഷക്കേസില്‍ സര്‍കാരിന് തിരിച്ചടി; വാച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈ എല്ലിന് പൊട്ടല്‍ ഇല്ലെന്ന മെഡികല്‍ റിപോര്‍ട് പുറത്ത്; പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ജാമ്യമില്ലാക്കുറ്റം ഒഴിവാക്കിയേക്കും
Mar 23, 2023, 14:56 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായക്കേസില്‍ സര്‍കാരിന് തിരിച്ചടി. വാച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈ എല്ലിന് പൊട്ടല്‍ ഇല്ലെന്ന മെഡികല്‍ റിപോര്‍ട് പുറത്തുവന്നു. എല്ലിന് പൊട്ടലുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം ജാമ്യമില്ലാവകുപ്പ് ഒഴിവാക്കിയേക്കുമെന്നാണ് റിപോര്‍ട്.
വാച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ 12 പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഉമാ തോമസ്, കെ കെ രമ, പി കെ ബശീര്‍, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പ്രതിപ്പട്ടികയിലുള്ളത്. കലാപശ്രമം ഉള്‍പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ബുധനാഴ്ചയാണ് കേസുനാസ്പദമായ സംഭവം നടന്നത്. പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തരപ്രമേയത്തിന് തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് സ്പീകറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഈ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സ്പീകര്‍ എ എന്‍ ശംസീറിന്റെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം ബഹളംവെച്ചതോടെ വാച് ആന്‍ഡ് വാര്‍ഡ് വന്നു തടയുകയും തുടര്‍ന്ന് കയ്യാങ്കളിയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് വിവിധ കേസുകള്‍ മ്യൂസിയം പൊലീസ് രെജിസ്റ്റര്‍ ചെയ്തത്. വാച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. വാച് ആന്‍ഡ് വാര്‍ഡിന്റെ കൈ തല്ലിയൊടിച്ചു എന്നതായിരുന്നു പരാതി.
എന്നാല്‍ വാച് ആന്‍ഡ് വാര്‍ഡിന്റെ കയ്യില്‍ പൊട്ടലില്ലെന്ന് മെഡികല്‍ റിപോര്‍ട് വന്നതോടെ സര്‍കാര്‍ വെട്ടിലായി. ജാമ്യമില്ലാ വകുപ്പ് ഇനി നിലനില്‍ക്കില്ല എന്നുമാത്രമല്ല, കേസ് കോടതിയിലെത്തുമ്പോള്‍ അത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും. ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍ തേടിയ ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി എഫ് ഐ ആര്‍ പുതുക്കി നല്‍കാനുള്ള ആലോചനയിലാണ് സര്‍കാര്‍. നിയമസഭാ സമ്മേളനം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നേരത്തേ അവസാനിപ്പിച്ചിരുന്നു.
Keywords: News, Kerala, State, Thiruvananthapuram, Report, Health, Top-Headlines, Politics, Case, FIR, Police, speaker, Government, Watch and ward's arm not injured: Medical report
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

