Waste | മാലിന്യം പ്രശ്നമല്ല, ഒരു അവസരം! ഇതുപോലെ കൂടുതൽ റീസൈക്കിൾ കേന്ദ്രങ്ങൾ വരട്ടെ; നമ്മുടെ നാടും സുന്ദരമാക്കാം
കെ ആർ ജോസഫ്
(KVARTHA) മാലിന്യം (Waste), ആർഭാടത്തിന്റെയും അഹങ്കാരത്തിന്റെയും സന്തതിയാണ്. അതുകൊണ്ട് തന്നെ ഈ മാലിന്യം ഇന്ന് നമ്മുടെ നാട്ടിലെ ഒരു പ്രധാന പ്രശ്നമായി (Problem) വളർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് (Thiruvananthapuram) മാലിന്യം വൃത്തിയാക്കാൻ ഇറങ്ങിയ ഒരു പാവപ്പെട്ട മനുഷ്യൻ മാലിന്യക്കയത്തിൽ വീണ് മരിച്ചത് നാം എല്ലാം അറിഞ്ഞതാണ്. അത് ആരെയും ഞെട്ടിച്ച ഒരു കാര്യവും ആയിരുന്നു. എന്നാൽ അതിരൂക്ഷമായ മാലിന്യ പ്രശ്നം ഇവിടെ നിലനിൽക്കുമ്പോഴും ചില സ്ഥലങ്ങളിൽ ചില ഏജൻസികൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിച്ച് അവ വേർതിരിച്ച് ശാസ്ത്രീയമായി മാലിന്യം സംസ്കരിച്ച് (Waste treatment) ഉപയോഗിക്കാനുതകും വിധം ആക്കി മാറ്റുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
വലിച്ചെറിയുന്ന 90 ശതമാനം മാലിന്യവും വീണ്ടും ഉപയോഗിക്കാനാവും എന്നതാണ് ഇതിൻ്റെ പ്രത്യേകത. കൊച്ചി കോർപറേഷനിലെ (Kochi Corporation) മാലിന്യം എടുക്കുന്ന ചില ഏജൻസികളാണ് ഈ രീതിയിൽ ഒരു പ്രവർത്തനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് കൊച്ചിയിലെ ഗ്രീൻവോർമ്സ് (Greenworms) എന്ന ഏജൻസി ഒരു മാതൃകയാകുന്നു എന്ന് വേണമെങ്കിൽ പറയാം. ഹരിതകർമസേന (Haritha Karma Sena) ശേഖരിക്കുന്ന മാലിന്യം, അതിൽ ഉൾപ്പെടുന്ന കുപ്പി, കവർ, തുണി, ചെരുപ്പുകൾ, ഗ്ലാസുകൾ ഒക്കെ തന്നെ ഇവർ റീസൈക്കിളിലൂടെ ഉപയോഗിക്കാൻ ഉപകരിക്കുന്ന തരത്തിൽ പുതിയ ഉൽപ്പന്നമാക്കി മാറ്റുന്നു എന്നതാണ് വലിയ പ്രത്യേകത.
എന്തായാലും നമുക്ക് ഇത് സന്തോഷിക്കാവുന്ന ഒരു വാർത്ത തന്നെയാണ്. ഒപ്പം അഭിമാനിക്കാനും ഇത് വക നൽകുന്നു. ഇവിടെ മാലിന്യ പ്രശ്നത്തിൻ്റെ കെടുതികൾ അവസാനിക്കണമെങ്കിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിൻ്റെ മാതൃക കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയാണ് വേണ്ടത്. നമ്മുടെ നാട്ടിൽ നമ്മൾ കടലാസ്, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു കളയുന്നത് സ്വഭാവികമാണ്. പക്ഷേ, ഇത് ചെയ്യുമ്പോഴും നാം ഒന്ന് മനസിലാക്കേണ്ടത് വികസിത രാജ്യങ്ങളിൽ അതൊരു വലിയ കുറ്റകൃത്യം (Crime) ആണ് എന്ന സത്യമാണ്. കത്തിക്കഴിയുന്നതോടെ പൊലീസ് അന്വേഷിച്ച് വീട്ടിലെത്തി പിടികൂടി ജയിലിലടയ്ക്കും. വലിയൊരു തുക പിഴയും ഒടുക്കേണ്ടി വരും. അതുകൊണ്ട് ഒക്കെ തന്നെയാണ് വലിയ വികസിത രാജ്യങ്ങളിൽ മാലിന്യ പ്രശ്നം രൂക്ഷമാകാത്തത്.
ശരിക്കും നമ്മുടെ നാട്ടിൽ ഇതുപോലെ ഒന്ന് തുടക്കമിട്ടത് എന്തുകൊണ്ടും അഭിനന്ദനാർഹം തന്നെ. നാം ഓരോരുത്തരും മനസിലാക്കേണ്ടത് മാലിന്യ സംസ്കരണം എന്ന് വെച്ചാൽ അത് സർക്കാരിന്റെയോ പഞ്ചായത്ത് / മുനിസിപ്പാലിറ്റിയുടെയോ മാത്രം ആവശ്യം അല്ല എന്നതു തന്നെയാണ്. നമ്മൾ ഓരോരുത്തരും അതിനു ബാധ്യസ്ഥർ ആണ്. നമ്മുടെ വീട്ടിൽ സംസ്‌കരിക്കാൻ ആവുന്ന മാലിന്യങ്ങൾ അതാത് സമയത്ത് വീട്ടിൽ വച്ച് തന്നെ ചെയ്യണം. കഴിവതും പ്ലാസ്റ്റിക്, വീടുകളിൽ പുതുതായി കൊണ്ടുവരാതെ നോക്കുകയും വേണം. ഉള്ളവയെ അല്ലെങ്കിൽ കൊണ്ട് വരേണ്ടി വരുന്നവയെ കഴുകി വൃത്തിയാക്കി ഹരിത കർമ്മസേനയെ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടത്.
പ്രത്യേകം ഓർക്കുക ഹരിത കർമ്മസേന എന്നാൽ കച്ചിറ, ആക്രി പെറുക്കുന്നവർ അല്ല. നമ്മുടെ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ചു അധികാരികൾ പറയുന്നിടത്ത് എത്തിക്കുന്ന ജോലിക്കാർ മാത്രം ആണ്. അധികാരികൾ ശ്രദ്ധിക്കേണ്ടത് പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ വേണ്ട പെട്ടികൾ തരാതരം പേരെഴുതി നിശ്ചിത ദൂരത്തു സ്ഥാപിക്കുക എന്നതാണ്. സമയാസമയം അതിൽ നിന്ന് മാലിന്യം നീക്കി പെട്ടി ഉപയോഗപ്രദമാക്കി വയ്ക്കുക. സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ മാലി ന്യങ്ങളെ റീസൈക്കിൾ ചെയ്തു ഉപയോഗപ്രദമാക്കുക. അതിന് കൂടുതൽ മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾ ഉയർന്നു വരിക തന്നെ വേണം.
എന്തുകൊണ്ട് ഹരിത കർമസേനക്ക് ഓരോ വാർഡിൽ നിന്നും ഇതു പോലെ മാലിന്യങ്ങൾ സ്വകാര്യ ഏജസിക്ക് തരം തിരിച്ചു നൽകി പണം ഉണ്ടാക്കി കൂടാ? 50 രൂപ അഡീഷണൽ ആയും അവർക്ക് ഉണ്ടാക്കിയെടുക്കാവുന്ന കാര്യവുമാണ്. ആ വിധവും ഹരിത കർമ്മസേനയ്ക്ക് പരിശീലനം നൽകുന്നതും നല്ലതാണ്. ആദ്യമായി ഹരിതകർമ്മസേന എങ്ങനെയാണ് പ്രവർത്തിക്കുന്നത്, അവർ ശേഖരിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ എങ്ങനെയാണ് സംസ്കരിക്കപ്പെടുന്നത്, അവർ വാങ്ങുന്ന 50 രൂപ കൊണ്ട് അവരുടെ ശമ്പളം തികയുമോ, ഈ കാര്യങ്ങളൊക്കെ പ്രാഥമികമായി ഒന്ന് അന്വേഷിക്കാൻ ശ്രമിക്കാൻ ഉത്തരവാദിത്തപ്പെട്ട അധികാരികളും ബാധ്യസ്ഥരാണ്.
ഹരിത കർമ്മസേന നല്ല ജോലിയാണ് ചെയ്യുന്നത് എന്ന് സമ്മതിക്കുന്നു. മാലിന്യങ്ങൾ തരം തിരിക്കുന്നത് ഇവരുടെ മാത്രം ജോലി ആയും കാണരുത്. സാമൂഹിക മാധ്യമങ്ങളിൽ ഹരിത കർമസേനയെ കുറ്റം പറയുന്ന മനുഷ്യർ നന്നായി മാലിന്യങ്ങൾ തരംതിരിച്ച് അവർ പറയുന്നതുപോലെ നൽകാമെങ്കിൽ വളരെ എളുപ്പത്തിൽ ഏതു നഗരവും വൃത്തിയാക്കാൻ കഴിയും. ജനങ്ങളുടെ മനോഭാവവും സന്നദ്ധതയും ആണ് ഏറ്റവും പ്രധാനം. ഇങ്ങനെയുള്ള പോരായ്മകൾ ഒക്കെ കൊണ്ടു തന്നെയാണ് പലസ്ഥലത്തും ഹരിത കർമസേന കൊണ്ടുപോകുന്ന മാലിന്യങ്ങൾ റോഡരികിൽ വെള്ളം ഒലിച്ച് പുഴുവന്ന് നാശമായി കിടക്കുന്നത് കാണുന്നത്.
അതും ഒരു ശാപം തന്നെയാണ്. അതിന് ഒരു പരിഹാരമാകണം ഇതുപോലെയുള്ള റീസൈക്കിൾ കേന്ദ്രങ്ങൾ.
ആരെ കൊന്നിട്ടും പണം ഉണ്ടാക്കുക, പണമാണ് വലുത് എന്ന് ചിന്തിക്കുന്ന രാഷ്ട്രീയ ഭരണകൂടം ഉള്ള നാട്ടിൽ ജനങ്ങൾക്ക് മാലിന്യങ്ങളുടെ വിലപോലും ഇല്ല എന്നതാണ് സത്യം. എവിടെയെങ്കിലും നാടിനെ സ്നേഹിക്കുന്ന, ജനങ്ങളെ സംരക്ഷിക്കുന്ന ഭരണകൂടം ഉണ്ടെങ്കിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത്തരം മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെ റീസൈക്കിളിലൂടെ നമ്മുടെ പ്രദേശവും സുന്ദരമാകും.