സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ്: എ.രാധാകൃഷ്ണന്‍ പുറത്ത്, വി.വി മത്തായി അകത്ത്

 


ഇടുക്കി: (www.kvartha.com 18.02.2015) തൊടുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എ.രാധാകൃഷ്ണനെ ഒഴിവാക്കി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചു. തൊടുപുഴ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവായ വി.വി മത്തായി ഒമ്പതംഗ സെക്രട്ടറിയേറ്റില്‍ ഇടം പിടിച്ചു.

മൂലമറ്റം ഏരിയാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ.എല്‍ ജോസഫും മത്തായിയുമാണ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ഇടിച്ചു കൊണ്ടിരുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ചതടക്കമുളള കേസുകള്‍ ഉളളതാണ് ജോസഫിന് വിനയായത്.

അതേ സമയം തൊടുപുഴ ഏരിയാ സമ്മേളനത്തില്‍ വന്‍ തിരിച്ചടി ഏറ്റുവാങ്ങിയ വി.വി മത്തായി ജില്ലാ സെക്രട്ടറിയേറ്റിലെത്തിയത് ഏരിയാ സെക്രട്ടറി ടി.ആര്‍ സോമന്റെ നേതൃത്വത്തിലുളള പക്ഷത്തിന് ക്ഷീണമായി. ഏരിയാ സമ്മേളനത്തില്‍ മത്തായി വിഭാഗം സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിപ്പിച്ച എം.കുമാരനടക്കം ഏഴു പേരും പരാജയപ്പെട്ടതിന് പുറമെ ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളും എതിര്‍പക്ഷം പിടിച്ചെടുത്തിരുന്നു. മുതലക്കോടം, മണക്കാട്, ഇടവെട്ടി തുടങ്ങിയ ലോക്കല്‍ സമ്മേളനങ്ങളില്‍ വിഭാഗീയത നടന്നതായ പരാതി അന്വേഷിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം പി.എന്‍ വിജയന്റെ നേതൃത്വത്തിലുളള കമ്മീഷന്‍ ആരോപണം ശരിവെച്ചതായാണ് സൂചന. മത്തായിയുടെ ജില്ലാ സെക്രട്ടറിയേറ്റ് പ്രവേശം തൊടുപുഴ ഏരിയായിലെ വിഭാഗീയതക്ക് ആക്കം കൂട്ടും.

അര്‍ബന്‍ ബാങ്കിലെ ആത്മഹത്യ ചെയ്ത ഷാജി എന്ന ജീവനക്കാരന്റെ ഭാര്യക്ക് ജോലി നല്‍കുന്നതില്‍ പാര്‍ട്ടി തീരുമാനം ലംഘിച്ചതിന് എ.രാധാകൃഷ്ണനെ ശാസിച്ചിരുന്നു. ഇതാണ് ഉടുമ്പന്നൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ കാരണം.
ചെറുതോണി ജില്ലാ കമ്മിറ്റി ഓഫീസില്‍ കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സെക്രട്ടറിയേറ്റ് അംഗങ്ങളെ തീരുമാനിച്ചത്.

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ്: എ.രാധാകൃഷ്ണന്‍ പുറത്ത്, വി.വി മത്തായി അകത്ത്ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ., പി.എസ്. രാജന്‍, പി.എന്‍. വിജയന്‍, സി.വി. വര്‍ഗ്ഗീസ്, കെ.വി. ശശി, കെ.എസ്. മോഹനന്‍, പി.എ. രാജു, വി.എന്‍. മോഹനന്‍ എന്നിവരാണ് മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍. സംസ്ഥാന കമ്മിറ്റി അംഗങ്ങളെന്ന നിലയില്‍ എം.എം മണിയും കെ.പി മേരിയും ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia