ഉത്തരം വി എസ് തന്നെ പറയും, പിന്നീട്....

 


ഉത്തരം വി എസ് തന്നെ പറയും, പിന്നീട്....
തിരുവനന്തപുരം: ശരിക്കും ആരാണ് സഖാവ് വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്? സ്വന്തം പാര്‍ട്ടിക്കാരാണ് എന്നു തോന്നിപ്പിക്കുന്ന ഡയലോഗ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹം അതു തിരുത്തി. ഉമ്മന്‍ ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നതെന്നാണ് ചൊവാഴ്ച വി എസ് വെളിപ്പെടുത്തിയത്. ആദ്യത്തെ വെളിപാടിലും മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പേരുകളുണ്ടായിരുന്നു. എന്നാലോ, അവരുമായിച്ചേര്‍ന്ന് ആരോ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരേയുള്ള ഭൂമിദാനക്കേസ് എന്നാണ് അന്നു പറഞ്ഞത്. വി എസിന്റെ കസേര പോയാല്‍ പകരം അത് ലഭിക്കാനിടയുള്ള പലരിലേയ്ക്കും മാധ്യമങ്ങളുടെയും ജനത്തിന്റെയും സംശയം നീണ്ടു.

പ്രതിപക്ഷ ഉപനേതാവിന്റെ നേരേയാണ് സംശയമുന കൂടുതലും നീണ്ടത്. പക്ഷേ, ദാ, അടുത്ത ദിവസം വി എസ് നീട്ടിവലിച്ചു ചോദിക്കുന്നു; എന്നെക്കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ? എന്നുവച്ചാല്‍, ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞതില്‍ പാര്‍ട്ടിക്കാര്‍ ആരെങ്കിലുമാണ് ഗൂഢാലോചന നടത്തിയത് എന്നു ധ്വനിയേ ഇല്ലായിരുന്നല്ലോ എന്ന്. പിന്നെന്തിനാ നിങ്ങള്‍ അങ്ങനെ വ്യാഖ്യാനിക്കുന്നത് എന്ന ചോദ്യം കൂടി അദ്ദേഹം നിഷ്‌കരുണം മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തേയ്ക്കു വലിച്ചെറിയുകയും ചെയ്തു. എന്നെ എന്തിനാ ഇങ്ങനെ എല്ലാവരും കൂടി വേദനിപ്പിക്കണെ, എന്റെ ഈശ്വരാ.. എന്ന് ഇന്നസെന്റ് കഥാപാത്രം ഏതൊക്കെയോ സിനിമകളില്‍ ചോദിച്ചതുപോലെ.

വാദി പ്രതിയായ മട്ടായി, മാധ്യമ പ്രവര്‍ത്തകര്‍ കുന്തം വിഴുങ്ങികളുമായി. അങ്ങ് പറഞ്ഞതുകേട്ടാല്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കൊന്നും പാര്‍ട്ടിക്കാരെയല്ലാതെ സംശയം തോന്നില്ലായിരുന്നല്ലോ എന്ന് ആരും തിരിച്ചു പറഞ്ഞില്ല. പകരം വാര്‍ത്ത, വാര്‍ത്ത, ചൂടുള്ള വാര്‍ത്ത എന്നു വിളിച്ചുപറഞ്ഞു. മുതിര്‍ന്ന നേതാവ് എന്തിനും മുതിര്‍ന്നാല്‍ പിന്നെ, ഇന്നലെ മൈക്കുമെടുത്ത് ഇറങ്ങിയ പാവം ചാനല്‍ പയ്യന്മാരും പയ്യത്തികളും എന്തു ചെയ്യാന്‍.

സംഗതി അവിടം കൊണ്ടൊന്നും തീരാന്‍ പോകുന്നില്ലെന്നു വ്യക്തമായിരുന്നു. നിയമസഭാ സമ്മേളനം തുടങ്ങാന്‍ പോകുമ്പോള്‍ സഭയ്ക്കകത്ത് പാര്‍ട്ടിക്കാര്‍ നാണംകെടാതിരിക്കാന്‍ കാരാട്ട് സഖാവ് വി എസിനെക്കൊണ്ട് പറഞ്ഞു പറയിച്ചതാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം മനസിലായിരുന്നല്ലോ.

ഏതായാലും പാര്‍ട്ടിക്കാരെ വിട്ട വി എസ്, തന്റെ പ്രഖ്യാപിത സ്ഥിരം ശത്രുക്കളായ ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും കയറിപ്പിടിച്ചിരിക്കുകയാണ്. നിങ്ങളാണ്, നിങ്ങള്‍തന്നെയാണ്, നിങ്ങള്‍ മാത്രമാണ് എന്റെ കസേരയുടെ ആണി ഇളക്കാന്‍ നോക്കുന്നത് എന്നാണ് വി എസിന്റെ ചൊവാഴ്ചത്തെ ആക്രോശം. ആണെങ്കില്‍ കണക്കായിപ്പോയി, പോയി കേസുകൊടുക്ക് എന്നാണോ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും പറഞ്ഞത് എന്നു വ്യക്തമല്ല.

പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, കോടിയേരി, ആര്‍ ബാലകൃഷ്ണ പിള്ള തുടങ്ങിയ എണ്ണമറ്റ 'മ്ലേഛന്മാര്‍'ക്കിടയിലെ ഒരേയൊരു വിശുദ്ധ പശുവായ വി എസ് അച്യുതാനന്ദന്റെ പുള്ളി വെളിച്ചത്തായതിന്റെ രോഷം തീര്‍ക്കാനാണ് ഇക്കണ്ട ബേജാറൊക്കെ കാണിക്കുന്നതെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. മകന്റെ പേരിലും മകളുടെ പേരിലുമൊക്കെ പഴി കേട്ടിട്ട് അവസാനം സ്വന്തം അക്കൗണ്ടിലും ഒരു അഴിമതി കേസുണ്ടായതിന്റെ നിരാശയ്ക്കാണ് ഹൈക്കോടതി ആശ്വാസ വിധി നല്‍കിയത്. ഭൂമി ദാനക്കേസിന്റെ എഫ്‌ഐആറില്‍ നിന്ന് വി എസിനെ ഒഴിവാക്കുക.

ആശ്വാസ വിധി വന്ന ആവേശത്തിലാണ്, ചിലര്‍ക്ക് പ്രതിപക്ഷ നേതാവാകാനുള്ള മോഹത്തെയും ഗൂഢാലോചനയെയും കുറിച്ച് വിളിച്ചു പറഞ്ഞത്. ഇപ്പോള്‍ മാറ്റിപ്പറഞ്ഞുവെന്നുവച്ച് വി എസ് എല്ലാം വേണ്ടെന്നുവച്ചു എന്നൊന്നും അര്‍ഥമില്ല. കാറ്ററിഞ്ഞാണ് വി എസ് കാലുവയ്ക്കുക. ഒരിക്കല്‍ പറഞ്ഞത് പിന്‍വലിച്ചെന്നു കരുതി ഇനിയും പറയില്ലെന്നൊന്നും ആരും വിചാരിക്കേണ്ട. തന്റെ കസേരയ്ക്കു പിന്നില്‍ കാല്‍വച്ചിരിക്കുന്നത് ആരാണെന്ന് ഏറ്റവും നന്നായി അറിയുന്ന മനുഷ്യന്‍ വി എസ് തന്നെയാകണം.

അതുകൊണ്ട്, ഒരു ഇടക്കാല ഗെയിം ആണ് ഇപ്പോഴത്തെ പിന്മാറ്റം. ശരിക്കും ആരാണ് സഖാവ് വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യം ചാനലുകളിലെ ഒമ്പതുമണി ചര്‍ച്ചക്കാര്‍ ചോദിച്ചുകൊണ്ടേയിരിക്കട്ടെ. ഉത്തരം സമയമാകുമ്പോള്‍ വി എസ് തന്നെ പറയും.

Keywords:  V.S Achuthanandan, Oommen Chandy, Kunhalikutty, Leader, Media, Channel, News, Kerala, Malayalam News, Kerala Vartha, VS will answer, but later
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia