വി എസ് വിശ്രമത്തിലാണ്; ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ല. പക്ഷേ, വി എസ് സംസാരിക്കുമ്പോള്‍ മയക്കത്തിലേക്കു പോകുന്നുവെന്ന് ഇംഗ്ലീഷ് പോര്‍ട്ടല്‍

 


തിരുവനന്തപുരം: (www.kvartha.com 06/11/2016) തൊണ്ണൂറ്റിമൂന്ന് വയസായ മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍. എന്നാല്‍ പുറത്തു പ്രചരിക്കുന്നതുപോലെയല്ല വി എസിന്റെ സ്ഥിതിയെന്നും അദ്ദേഹത്തിന് പ്രായത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നും നല്ല ക്ഷീണവും ഓര്‍മക്കുറവുമുണ്ടെന്നും ഇംഗ്ലീഷ് ഓണ്‍ലൈന്‍ പത്രം.

തങ്ങളുടെ പ്രതിനിധി വി എസിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയപ്പോള്‍ ഇത് നേരിട്ടു മനസിലായെന്നാണ് പത്രം പറയുന്നത്. അദ്ദേഹം സംസാരിക്കുന്നതിനിടെ പലവട്ടം മയക്കത്തിലേക്കു പോയി. പലകാര്യങ്ങളും സംസാരിക്കുമ്പോള്‍ തുടര്‍ച്ചയില്ല തുടങ്ങിയ 'വിവരങ്ങളും' അവര്‍ പങ്കുവയ്ക്കുന്നു. എന്നാല്‍ അതിനുശേഷം വി എസിനെ ഇന്റര്‍വ്യൂ ചെയ്ത പ്രമുഖ മലയാളം വാരികയുടെ ലേഖകന്‍ എഴുതിയത് വി എസിന്റെ മങ്ങാത്ത ഓര്‍മകളെയും തളരാത്ത വീര്യത്തെയും കുറിച്ചാണ്.

കേരളത്തിലെയെന്നല്ല രാജ്യത്തെത്തന്നെ ഏറ്റവും മുതിര്‍ന്ന ഇടുപക്ഷ നേതാവും സിപിഎം സ്ഥാപകനേതാക്കളില്‍ പ്രമുഖനുമായ വി എസിന്റെ ആരോഗ്യനില പതിയെപ്പതിയെ ചര്‍ച്ചയായി മാറുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം 93-ാം ജന്മദിനം ആഘോഷിച്ചത്.
രക്തസമ്മര്‍ദം കൂടിയതിനേത്തുടര്‍ന്ന് നവംബര്‍ മൂന്നിന് രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ പതിവ് നടത്തത്തിനിടയില്‍ വി എസിന് തല ചുറ്റല്‍ അനുഭവപ്പെട്ടു.

ഒരു വശത്തേക്ക് വീഴാന്‍ തുടങ്ങിയപ്പോള്‍ ഗണ്‍മാന്‍ താങ്ങിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് വി എസ് വീട്ടിലെത്തിയ ശേഷവും ദേഹാസ്വാസ്ഥ്യം തുടര്‍ന്നു. വീട്ടിലെത്തി പരിശോധിച്ച ഡോ. ഭരത്ചന്ദ്രന്റെ നിര്‍ദേശപ്രകാരം എസ് യു ടി റോയല്‍ ആശുപത്രിയിലെത്തിച്ചു. ഇസിജി അടക്കമുള്ള പരിശോധനകള്‍ നടത്തിയപ്പോള്‍ രക്തസമ്മര്‍ദത്തിലെ വ്യതിയാനം മാത്രമാണ് കണ്ടത്. എങ്കിലും അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. എംആര്‍ഐ സ്‌കാനിംഗും നടത്തി. ഒരു ദിവസംകൂടി പൂര്‍ണവിശ്രമം നിര്‍ദേശിച്ച് വെള്ളിയാഴ്ച വിട്ടയയ്ക്കുകയും ചെയ്തു. വി എസ് വിശ്രമത്തിലാണ്.

വി എസ് വിശ്രമത്തിലാണ്; ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ല. പക്ഷേ, വി എസ് സംസാരിക്കുമ്പോള്‍ മയക്കത്തിലേക്കു പോകുന്നുവെന്ന് ഇംഗ്ലീഷ് പോര്‍ട്ടല്‍

Keywords:  Kerala, Thiruvananthapuram, V.S Achuthanandan, Media, V.S is healthy, but somebody said he is not healthy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia