Vote | വോട്ടർ പട്ടികയിൽ എപ്പോഴും പേര് ചേർക്കാമോ, അപേക്ഷിക്കേണ്ടത് എങ്ങനെ, എന്തുകൊണ്ടാണ് ഇരട്ട വോട്ട് വരുന്നത്? വിശദമായി അറിയാം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം നമ്പർ 6 ഉപയോഗിക്കണം
● ബൂത്ത് ലെവൽ ഓഫീസർമാർ നൽകുന്ന അനുമതി പ്രധാനമാണ്
● തങ്ങളുടെ പേര് പട്ടികയിൽ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്
റോക്കി എറണാകുളം
(KVARTHA) വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പും നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പുകളുടെ പ്രചാരണസമയത്ത് ഉയർന്നുകേട്ട ഒരു പ്രധാന വിഷയമായിരുന്നു വോട്ടർ പട്ടികയിൽ പേര് ചേർത്തതു സംബന്ധിച്ചുള്ള തർക്കം. ഒരോ പാർട്ടികളും ഇലക്ഷൻ സമയത്ത് തങ്ങളുടെ പാർട്ടിയോട് അനുഭാവമുള്ളവരെ തെരഞ്ഞുപിടിച്ച് വോട്ടർ പട്ടികയിൽ പേർ ചേർപ്പിക്കുന്നത് സ്വഭാവികമാണ്. ഇത് പലപ്പോഴും തർക്കങ്ങൾക്കും ഇടവരുത്താറുണ്ട്.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾ പൂർണമായും ഇതുവരെ ബോധവാന്മാരായിട്ടില്ലെന്നതാണ് വാസ്തവം. അവർക്കുവേണ്ടിയാണ് ഈ കുറിപ്പ് . വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കേണ്ടത് എങ്ങനെ? വോട്ടർ പട്ടികയിൽ എപ്പോഴും പേര് ചേർക്കാൻ പറ്റുമോ? ഇതു സംബന്ധിച്ച് അറിവ് നൽകുന്ന ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നിബന്ധനകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് പലരും അജ്ഞരാണ്. കുറച്ചു കാലം മുൻപ് വരെ ഒരു വർഷം ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്കേ പട്ടികയിൽ പേര് ചേർക്കാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ വർഷത്തിലെ നാലു പാദത്തിലും യോഗ്യതാ തീയതി നിശ്ചയിച്ചിട്ടുണ്ട്. ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ ഒന്നാം തീയതി 18 വയസ്സു തികയുന്നവർക്ക് പട്ടികയിൽ പേര് ചേർക്കാം.
ഉദാഹരണം: പഴയ നിയമമനുസരിച്ച് 2024 ഫെബ്രുവരി 1 ന് 18 തികയുന്നയാൾക്ക് സാധാരണ ഗതിയിൽ 2025 ജനുവരിയിൽ നടക്കുന്ന പീരിയോഡിക് റിവിഷൻ സമയത്തേ പേര് ചേർക്കാൻ കഴിയുമായിരുന്നുള്ളൂ. പുതുക്കിയ തീയതി പ്രകാരം അയാൾക്ക് 2024 ഏപ്രിലിൽ പട്ടിക പുതുക്കുമ്പോൾ പേര് ചേർക്കാം. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോറം നമ്പർ - 6 ൽ അപേക്ഷിക്കണം. പേര് ചേർക്കുന്നതിനെതിരെ പരാതി ഫോറം - 7 ൽ നൽകാം. മറ്റൊരു മണ്ഡലത്തിലേയ്ക്ക് വോട്ട് മാറ്റാൻ അപേക്ഷ ഫോറം - 8 ൽ നൽകണം.
പേര് ചേർക്കാനുള്ള അപേക്ഷ ഇലക്റ്ററൽ രജിസ്ട്രേഷൻ ഉദ്യോഗസ്ഥന് (തഹസീൽദാർ - ERO) നേരിട്ടോ ഓൺലൈനിലോ നൽകാം. അപേക്ഷയിലെ വിലാസമടക്കമുള്ള വിവരം പരിശോധിച്ച് ഇആർഒയ്ക്ക് റിപ്പോർട്ട് നൽകുന്നത് ബൂത്ത് ലെവൽ ഓഫീസർ (BLO) ആണ്. പുതിയ രീതിയിലെ ഒരു പ്രധാന ന്യൂനത ഇതാണ്. നിയമാനുസൃതം അപേക്ഷ നൽകുന്നയാൾക്ക് ഹിയറിംഗിനും മറ്റുമായി താലൂക്ക് ആഫീസ് (ERO) കയറിയിറങ്ങുന്ന കടമ്പ ഒഴിവാക്കാമെന്ന ഗുണമുണ്ടെങ്കിലും, ബിഎൽഒ വിചാരിച്ചാൽ വ്യാജ വിലാസം നൽകുന്ന ഒരാളെ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കും.
ബിഎൽഒ നൽകുന്ന എല്ലാ റിപ്പോർട്ടിലും ഫീൽഡ് പരിശോധന ഇല്ല. ബിഎൽഒമാരായി സർക്കാർ ജീവനക്കാരെയും, തദ്ദേശഭരണ സർവ്വീസിലെ ഉദ്യോഗസ്ഥരേയും അധിക വേതനം നൽകി നിയോഗിക്കുന്നു. ഇവരിൽ ഭൂരിഭാഗവും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുമായി ബന്ധമുള്ള സർവ്വീസ് സംഘടനയിൽ പെട്ടവരാകും. ഈ രാഷ്ടീയ ചായ് വ് പലപ്പോഴും ക്രമക്കേടിന് കാരണമാകുന്നു. ഓരോ പുതുക്കൽ സമയത്തും അപേക്ഷകരുടെ പേരുൾപ്പെടുത്തിയ കരട് വോട്ടർ പട്ടിക താലൂക്ക്, വില്ലേജ് ആഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനു പുറമെ അംഗീകൃത രാഷ്ടീയ കക്ഷികൾക്കും ലഭ്യമാക്കും.
ആ ഘട്ടത്തിൽ തടസ്സവാദം തെളിവു സഹിതം നൽകിയാൽ വ്യാജ പേരുകൾ ഉൾപ്പെടുത്തുന്നത് തടയാൻ കഴിയും. അതു പോലെ അർഹരെ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ തിരുത്താനും. പരിശോധനയ്ക്ക് കരട് പട്ടിക ലഭിക്കുമ്പോൾ പരാതി നൽകിയില്ലെങ്കിൽ ബിഎൽഒയുടെ റിപ്പോർട്ട് അനുസരിച്ച് പേരുൾപ്പെടുത്തും. പട്ടികയിൽ നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യാനും ഇതേ നടപടി ക്രമമാണ്. വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മാത്രം വിചാരി ച്ചാൽ കഴിയില്ല. വോട്ടർമാരും രാഷ്രീയ കക്ഷികളും ഇതിനുള്ള സൗകര്യം പ്രയോജനപ്പെടുത്തണം.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അതിൽ മാറ്റം വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനു പോലും കഴിയില്ല. വോട്ടർ തിരിച്ചറിയൽ കാർഡ് കയ്യിലുണ്ടെന്ന കാരണം കൊണ്ടു മാത്രം ഒരാൾക്ക് വോട്ടു ചെയ്യാൻ കഴിയില്ല. തിരിച്ചറിൽ കാർഡ് ഉണ്ടായിട്ടും പട്ടികയിൽ പേരില്ലെങ്കിൽ പ്രയോജനമില്ല. ഇക്കാര്യം പരി ശോധിച്ച് ഉറപ്പാക്കേണ്ടത് വോട്ടറുടെ ചുമതലയാണ്. ഒരാൾ ഒരു മണ്ഡലത്തിൽ നിന്ന് മറ്റൊരു മണ്ഡലത്തിലേക്ക് മാറുമ്പോൾ ഫോറം 8 ൽ നൽകുന്ന അപേക്ഷ പരിശോധിച്ച ശേഷം ബിഎൽഒ പുതുതായി പേര് ചേർക്കുന്ന മണ്ഡലത്തിലെ ERO യ്ക്ക് പേര് ഉൾപ്പെടുത്താനും നിലവിൽ പേരുള്ള മണ്ഡലത്തിലെ EROയ്ക്ക് പേര് നീക്കം ചെയ്യാനും ശിപാർശ നൽകും.
ഇതിൽ നിലവിലെ മണ്ഡലത്തിലെ ERO കാണിക്കുന്ന ഉദാസീനത കാരണമാണ് രണ്ടു മണ്ഡലങ്ങളിൽ പേര് വരുന്നത്. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഇനി പാലക്കാട്ടെ പരാതികളിൽ കാര്യമായ ഒരു നടപടിയും തിരഞ്ഞെടുപ്പ് കമ്മീഷന് സാധ്യമല്ല. ആകെ കഴിയുക പാലക്കാട് മണ്ഡലത്തിലെ രണ്ട് ബൂത്തുകളിൽ പേരുണ്ടെങ്കിൽ ഏതെങ്കിലും ഒരു ബൂത്തിലേ അയാൾ വോട്ട് ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കുക മാത്രമാണ്. ബാക്കി ഉയർന്ന എല്ലാ പരാതികളും പരിശോധിക്കാൻ തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ക്ഷമതയുള്ള കോടതിക്കേ കഴിയൂ'.
തീർച്ചയായും എല്ലാവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ഏകദേശം പിടികിട്ടിയെന്ന് വിശ്വസിക്കുന്നു. രാജ്യത്തെ പൗരന്മാർ എന്ന രീതിയിൽ എല്ലാവരും പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. കൂടുതൽ പേരുടെ അറിവിലേയ്ക്ക് ഈ ലേഖനം പങ്കിടാൻ മടിക്കേണ്ടതില്ല.
