Vote Rigging | വയനാട്ടില്‍ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞു; 'മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്'

 
Vote Rigging in Wayanad Relief Booth, Polling Percentage Drops

Photo Credit: Facebook / Election Commission of India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്തിയിട്ടില്ല
● മണ്ഡലത്തില്‍ ഇത്തവണ വോട്ടര്‍മാരില്‍ തണുപ്പന്‍ മട്ടിലുള്ള പ്രതികരണം
● 64.54 ശതമാനമാണ് പോളിങ്
● 14,71,742 വോട്ടര്‍മാരില്‍ 9,50005 പേരാണ് വോട്ടു ചെയ്തത്
● ഹോം വോട്ടുകളും പോസ്റ്റല്‍ വോട്ടുകളും ഉള്‍പ്പെടുത്തി അന്തിമ ശതമാനം പുറത്തുവരുന്നതേയുള്ളു

വയനാട്: (KVARTHA) മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്. നബീസ അബൂബക്കര്‍ എന്നയാളുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. 168-ാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റൊരാള്‍ നേരത്തേ ചെയ്തു എന്ന് ഇവര്‍ അറിയുന്നത്.

Aster mims 04/11/2022

എന്നാല്‍ ആരാണ് കള്ളവോട്ട് ചെയ്തത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം വയനാട് ലോക് സഭാ ഉപതിരഞ്ഞെടുപ്പിനോട് തണുപ്പന്‍ മട്ടിലുള്ള പ്രതികരണമാണ് ഇത്തവണ വോട്ടര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ ലോക്‌സഭയിലേക്ക് നടത്തിയ പൊതുതിരഞ്ഞെടുപ്പിലുണ്ടായ പോളിങ് ഇത്തവണ ഉണ്ടായില്ല. പോളിങ് സമയം അവസാനിച്ചപ്പോള്‍ 64.54 ശതമാനമാണ് പോളിങ്. 

മണ്ഡലം രൂപീകരിച്ചതിനുശേഷം ഏറ്റവും കുറവ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 14,71,742 വോട്ടര്‍മാരില്‍ 9,50005 പേരാണ് വോട്ടു ചെയ്തത്. കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് ഏറനാടാണ്, 69.39 ശതമാനം. കുറവ് നിലമ്പൂര്‍- 61.62 ശതമാനം. ഹോം വോട്ടുകളും പോസ്റ്റല്‍ വോട്ടുകളും ഉള്‍പ്പെടുത്തി അന്തിമ ശതമാനം പുറത്തുവരുന്നതേയുള്ളു. 

ആറു മാസത്തിനിടെ വീണ്ടും തിരഞ്ഞെടുപ്പ് വന്നതും ഏകപക്ഷീയമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന തോന്നലുമാണ് വോട്ടുചെയ്യുന്നതില്‍ നിന്ന് വോട്ടര്‍മാരെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതര സംസ്ഥാനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരില്‍ ചുരുക്കം പേരെ ഇത്തവണ വോട്ടു ചെയ്യാന്‍ എത്തിയുള്ളു. 

വിവിധ കാരണങ്ങളാണ് ജനങ്ങളെ വോട്ടു ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 'ആര്‍ക്കുവോട്ടു ചെയ്തിട്ടും പ്രത്യേകിച്ച് കാര്യമില്ല' എന്നാണ് പലരുടേയും പ്രതികരണം.  ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം മുന്നോട്ടു നീങ്ങാത്തത്, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗ ആക്രമണം എന്നിവ പരിഹരിക്കാന്‍ ഒരു സര്‍ക്കാരും കാര്യമായ ഇടപെടല്‍ നടത്താത്തത് ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ്. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴി ചാരുന്നതല്ലാതെ നടപടിയൊന്നുമില്ല. മെഡിക്കല്‍ കോളജ്, രാത്രിയാത്രാ നിരോധനം, ചുരം ബദല്‍പാത തുടങ്ങി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമില്ല. അതേ സമയം പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിന്റെ പേരില്‍ വോട്ടുചെയ്യാനെത്തിയവരും നിരവധിയാണ്. പ്രിയങ്ക പ്രചാരണത്തിനായി മണ്ഡലത്തില്‍ ദിവസങ്ങളോളം ചിലവിഴിച്ചു എന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ കൊട്ടിക്കലാശം കഴിഞ്ഞിട്ടും തിരിച്ചുപോകാതെ  വോട്ടെടുപ്പ് ദിവസവും അവര്‍ മണ്ഡലത്തില്‍ തുടര്‍ന്നു. ബൂത്തുകള്‍ സന്ദര്‍ശിച്ച് പോളിങ് വിലയിരുത്തുകയും ചെയ്തു. 

പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരം എന്ന പ്രത്യേകതയായിരുന്നു വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. രാഹുല്‍ ഗാന്ധി രാജിവച്ചതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. രാജിക്ക് പിന്നാലെ രാഹുല്‍ തനിക്ക് പകരം സഹോദരി വയനാട്ടില്‍ മത്സരിക്കും എന്ന് അറിയിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയും എന്‍ഡിഎ സ്ഥാനാര്‍ഥിയായി നവ്യ ഹരിദാസുമാണ് മത്സരിക്കുന്നത്.  

അഞ്ച് ലക്ഷം ഭൂരിപക്ഷത്തില്‍ പ്രിയങ്കയെ ജയിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. എന്നാല്‍ ആ ലക്ഷ്യത്തിലേക്ക് യുഡിഎഫിന് എത്താന്‍ സാധിച്ചേക്കില്ല എന്നാണ് പോളിങ് സൂചിപ്പിക്കുന്നത്. 2019ല്‍ രാഹുല്‍ ഗാന്ധിക്ക് 4.3 ലക്ഷത്തിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ 80.27 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞതവണ പോളിങ് 73.48 ശതമാനമായി കുറഞ്ഞപ്പോള്‍ രാഹുലിന്റെ ഭൂരിപക്ഷം 3.6 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ തവണ നേട്ടമുണ്ടാക്കിയത് എന്‍ഡിഎയാണ്. 2019ല്‍ 78,816 വോട്ടാണ് ലഭിച്ചതെങ്കില്‍ 2024ല്‍ 141,045 ആയി വര്‍ധിപ്പിച്ചു. പതിനായിരത്തോളം വോട്ടുകളെ എല്‍ഡിഎഫിന് വര്‍ധിപ്പിക്കാന്‍ സാധിച്ചുള്ളു.

എങ്കിലും യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രതീക്ഷയുണ്ട്.  പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുന്നത് പ്രബലരായ സ്ഥാനാര്‍ഥികളല്ലാത്തതിനാല്‍ പ്രിയങ്കയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ അഞ്ചു ലക്ഷം ഭൂരിപക്ഷം എന്ന പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ല. 

എന്‍ഡിഎയും എല്‍ഡിഎഫും കാര്യമായ പ്രചാരണം നടത്താത്തതിനാലാണ് പോളിങ് കുറഞ്ഞതെന്നും യുഡിഎഫിന് ലഭിക്കേണ്ട എല്ലാ വോട്ടുകളും ഉറപ്പാക്കിയെന്നും ടി സിദ്ദീഖ് എംഎല്‍എ പ്രതികരിച്ചു. എല്‍ഡിഎഫിന് ലഭിക്കേണ്ട വോട്ടുകള്‍ ഉറപ്പാക്കിയെന്ന് സത്യന്‍ മൊകേരിയും പറഞ്ഞു. ആറ് മാസത്തിനിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനെ ആളുകള്‍ പ്രധാന്യം കുറച്ചു കാണുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്നും പോളിങ് കുറഞ്ഞത് എന്‍ഡിഎയെ ബാധിക്കില്ലെന്നും നവ്യ ഹരിദാസ് പ്രതികരിച്ചു.

 #WayanadByElection #VoteRigging #PriyankaGandhi #PollingDrop #KeralaPolitics #Election2024

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia