ഏറ്റവും കടുത്ത വിഭാഗീയത ഇടുക്കിയില്‍; ഗ്രൂപ്പു നേതാക്കള്‍ക്കെതിരെ വാളോങ്ങി സുധീരന്‍
Feb 13, 2015, 17:27 IST
തൊടുപുഴ: (www.kvartha.com 13/02/2015) സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ വിഭാഗീയതയുളളത് ഇടുക്കി ജില്ലയിലെന്ന് വി.എം. സുധീരന്‍. ഈ നില തുടര്‍ന്നാല്‍ ജില്ലയില്‍ പ്രസ്ഥാനം ഇല്ലാതാകും. വരുന്ന തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിടുകയും ചെയ്യും. ഇപ്പോഴത്തെ അവസ്ഥ പാര്‍ട്ടിക്ക് വെച്ചുപൊറുപ്പിക്കാനാകില്ല. വെളളിയാഴ്ച മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്‌പെഷ്യല്‍ മീറ്റിലായിരുന്നു സുധീരന്റെ മുന്നറിയിപ്പ്.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുഗള്‍ വാസനിക്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എം. ലിജു, വി.എം. സുരേഷ്ബാബു, സജീവ് ജോസഫ്, നെയ്യാറ്റിന്‍കര സനല്‍ എന്നിവരും സ്‌പെഷ്യല്‍ മീറ്റില്‍ പങ്കെടുത്തു. ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, കെപിസിസി, ഡിസിസി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍, പോഷക സംഘടന ജില്ലാപ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ക്കു വേണ്ടിയായിരുന്നു സ്‌പെഷ്യല്‍ മീറ്റ്.
ഗ്രൂപ്പിനുളളില്‍ ഗ്രൂപ്പുളള ജില്ലയാണ് ഇടുക്കി. എ ഗ്രൂപ്പില്‍ മുന്‍ എം.പി. പി.ടി. തോമസും ഡി.സി.സി പ്രസിഡന്റ് റോയി. കെ. പൗലോസും തമ്മിലുളള ഗ്രൂപ്പു പോര് സംഘര്‍ഷത്തിലും തീവെപ്പിലും തട്ടിക്കൊണ്ടു പോകലിലും വരെ എത്തിയിരുന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിളളിക്ക് സ്ഥാനം നഷ്ടമാക്കിയതും എ വിഭാഗത്തിലെ പോരാണ്. ഐ വിഭാഗത്തില്‍ ഇ.എം ആഗസ്തിയും സി.പി മാത്യുവും വ്യത്യസ്ഥ ചേരികള്‍ക്ക് നേതൃത്വം കൊടുക്കുന്നു. ഈ സാഹചര്യത്തിലാണ് സുധീരന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.
തന്നെ വന്നു കാണുന്ന നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസ്സിനെ നന്നാക്കാനല്ലെന്നും ഗ്രൂപ്പുകള്‍ക്കു വേണ്ടി മാത്രമാണെന്നും സുധീരന്‍ തുറന്നടിച്ചു. നേതാക്കളില്‍ പലരുടെയും കണ്ണുകളില്‍ വിദ്വേഷമാണു പ്രകടമാകുന്നത്. തെറ്റ് ചെയ്തതവര്‍ ശിക്ഷിക്കപ്പെടണം. പക്ഷേ പാര്‍ട്ടി സംവിധാനം നിലനിന്നു പോകേണ്ടതുള്ളതു കൊണ്ട് ശക്തമായ നടപടികളുണ്ടാവില്ല.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ആദ്യം മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നത് ഉചിതമായിരിക്കുമെന്ന് മീറ്റിന് ശേഷം വി. എം. സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏത് അന്വേഷണവും നേരിടുവാന്‍ തയ്യാറാണെന്ന് പറഞ്ഞത് സ്വാഗതാര്‍ഹമാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന സമീപനം ഉചിതമാണ്. തുടക്കം മുതലുള്ള കാര്യങ്ങള്‍ കൂടി അന്വേഷിച്ചാലെ പൂര്‍ണ്ണത വരികയുള്ളു.
ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നുണ്ട്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും വി. എം. സുധീരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസും സുധീരന് ഒപ്പമുണ്ടായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.