സംസ്ഥാനത്തെ അക്രമങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ തുറന്ന കത്ത്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.06.2016) സംസ്ഥാനത്തെ അക്രമങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ കത്തയച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.

കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെയുണ്ടായ അക്രമങ്ങളില്‍ കത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. കണ്ണൂര്‍ മുതല്‍ കേരളത്തിന്റെ തെക്കുള്ള പത്തനാപുരം വരെ സി പി എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമ സംഭവങ്ങള്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

കത്തിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്‌യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. പ്രധാനമായും സി.പി.എം. പ്രവര്‍ത്തകരാണ് ഇതിന് ഉത്തരവാദികള്‍ എല്‍.ഡി.എഫിനെഅനുകൂലിക്കുന്ന ഇതര വിഭാഗങ്ങളില്‍ പെട്ടവരും ചിലയിടത്ത് അക്രമങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പെടുത്തുന്നു.

കണ്ണൂര്‍
പയ്യന്നൂര്‍ കോളജിലെ അധ്യാപകരായ ഡോ. പ്രജിത, പ്രൊഫ. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ കാര്‍ കത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ മാനന്തേരിയില്‍ ഇന്നലെ രാജീവ് ഗാന്ധിയുടെ പേരിലുള്ള വെല്‍ ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി. താങ്കോല്‍ അരപ്പട്ടത്ത് മണ്ഡലം പ്രസിഡന്റ് എം.വി.നാരായണനെ അദ്ദേഹത്തിന്റെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന നാരായണന്റെ കാറിനു നേരെ ബോംബ് എറിഞ്ഞ് കാര്‍ തകര്‍ത്തു.

കരിവള്ളൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് ഓഫീസും താങ്ങോല്‍ മണ്ഡലത്തിലെ ലീഗ് ഓഫീസും കരിയോയില്‍ ഒഴിച്ച് വൃത്തികേടാക്കി.

ധര്‍മ്മടം മണ്ഡലത്തിലെ പാനുളിയിലെ ഇന്ദിരാഭവന്‍,എങ്കുവട്ടിയിലെ പ്രിയദര്‍ശിനി ഭവന്‍, ഓലായിക്കരയിലെ പ്രിയദര്‍ശിനി മന്ദിരം, മഹാത്മ പൊതുജന വായനശാല, ആലക്കണ്ടി ബസാറിലെ രാജീവ് ഭവന്‍ എന്നിവ തകര്‍ത്തു. ധര്‍മ്മടം മണ്ഡലത്തിലെ പാതിരിയാട് ബൂത്ത് ഏജന്റ് ശ്രീമതി എം.ഷീബയുടെ സ്‌കൂട്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

അഴീക്കോട് മണ്ഡലത്തിലെ ബൂത്ത് ഏജന്റുമാരായിരുന്ന മൃദുലിനെയും ആദര്‍ശിനെയും മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അഴീക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും പുന്നപ്പാറയിലെ ബൂത്ത് കമ്മിറ്റി ഓഫീസും എറിഞ്ഞു തകര്‍ത്തു. വിജയാഹ്ലാദം നടത്തിയ യു.ഡി.എഫ്. പ്രവര്‍ത്തകരെ സി.പി.എം.കാര്‍ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. പാപ്പിനിശ്ശേരി മണ്ഡലം കമ്മിറ്റി ഓഫീസും, മുസ്ലീം ലീഗിന്റെ സി.എച്ച് സൗദവും അടിച്ചു തകര്‍ത്തു.

സ്ത്രീകള്‍ മാത്രമുള്ള മുസ്ലിം ഭവനങ്ങളില്‍ കയറി മക്കളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വിട്ടാല്‍ അരിയില്‍ ഷുക്കൂറിന്റെ ഗതിയായിരിക്കും ഉണ്ടാവുക എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പാലോട്ടു വയലില്‍ ബഷീര്‍ എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി ബ്ലേഡ് കൊണ്ട് ബഷീറിന്റെ ദേഹത്ത് മുറിവേല്‍പ്പിച്ചു. പ്രായമായ ഉമ്മയെ ഭീഷണിപ്പെടുത്തി. വീട്ടിലെ എല്ലാ സാധനങ്ങളും അടിച്ചുതകര്‍ത്തു.

വയനാട്
സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ മേപ്പാടി പഞ്ചായത്തില്‍ മുക്കം കുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പിച്ചു.

മീനങ്ങാടി പഞ്ചായത്തില്‍ ശ്രീ.ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പര്യടനവാഹനത്തിന്റെ അനൗണ്‍സര്‍ ആയിരുന്ന ശ്രീനിവാസനെ വാഹനം തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കി മര്‍ദ്ദിച്ചു. മാനന്തവാടി നിയോജകമണ്ഡലത്തിലെ തിരുനെല്ലി പഞ്ചായത്തില്‍ വിധവയായ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വീടിനു നേരെ കല്ലെറിയുകയും അവരെ വീട്ടില്‍ നിന്നും പിടിച്ചിറക്കി റോഡില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കുകയും ചെയ്തു.

കോഴിക്കോട്

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പീലാശ്ശേരിയില്‍ മത്സ്യക്കച്ചവടക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചു. കുറ്റിയാടി നിയോജകമണ്ഡലത്തില്‍ കുന്നുമ്മല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചു നശിപ്പിച്ചു.

കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ മുടാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കണ്ടിയില്‍ രഞ്ജിത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുതുക്കുടി കുഞ്ഞുമൊയ്തീന്‍ എന്നിവരുടെ വീടിനു നേരെ കല്ലെറിഞ്ഞു. പന്നിയങ്കരയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നിര്‍മ്മലയെയും ഭര്‍ത്താവിനെയും സഹോദരനെയും മര്‍ദ്ദിച്ചു. പയ്യാനക്കല്‍ ടൗണ്‍ ലീഗ് ഓഫീസ് കത്തിച്ചു. ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ മണ്ഡലം ബൂത്ത് പ്രസിഡന്റ് മുണ്ടക്കാട് സുധീരനെ മര്‍ദ്ദിച്ചു.

മലപ്പുറം
മലപ്പുറം ജില്ലയുടെ തീരദേശപ്രദേശങ്ങളില്‍ സി പി എമ്മുകാര്‍ തേര്‍വാഴ്ച നടത്തി. താനൂര്‍, തവനൂര്‍ നിയോജകമണ്ഡലത്തില്‍ വ്യാപകമായ അക്രമം നടത്തി. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ നശിപ്പിച്ചു.

പാണ്ടിക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രോഹില്‍നാഥിന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തിച്ചു.

കോട്ടയം
പാല നിയോജകമണ്ഡലത്തിലെ എലിക്കുളം പഞ്ചായത്തില്‍ മുന്‍ എം എല്‍ എ എ ജെ ചാക്കോയുടെ വീട് ആക്രമിച്ച് മകനെ പരിക്കേല്‍പ്പിച്ചു.

ആലപ്പുഴ
കായംകുളം മണ്ഡലത്തില്‍ പത്തിയൂര്‍ പഞ്ചായത്തില്‍ പുന്നാശേരി കോയക്കുട്ടി മുസലിയാരുടെ മകന്‍ താഹയുടെ 2 ഏക്കര്‍ വാഴക്കൃഷി നശിപ്പിച്ചു. 850 ഓളം വാഴകളാണ് വെട്ടി നശിപ്പിച്ചത്. കായംകുളം നിയോജകമണ്ഡലത്തിലെ ഭരണിക്കാവില്‍ ചിങ്ങോലിയില്‍ഗാന്ധി പ്രതിമ തകര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

പത്തനംതിട്ട
ആറന്മുള മണ്ഡലത്തിലെ നാരങ്ങാനം പഞ്ചായത്തില്‍ തോമസ് കോശി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുകയും കണ്ണിന് ഗുരുതരമായ പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തു.

പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് കൊടിമരങ്ങള്‍ നശിപ്പിച്ചു.

കൊല്ലം
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ കുലശേഖരപുരം പതിനൊന്നാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റും ഐ.എന്‍.റ്റി.യു.സി നേതാവുമായ പുന്നക്കുളം പുത്തന്‍ വീട്ടില്‍ കിഴേക്കില്‍ അന്‍സാറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തു.

കൊട്ടാരാക്കരയില്‍ കോണ്‍ഗ്രസ് ഓഫീസും ആര്‍.എസ്.പി. ഓഫീസും ആക്രമിക്കപ്പെട്ടു. പത്തനാപുരത്ത് കഴിഞ്ഞ ദിവസം കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. കോണ്‍ഗ്രസ് ഓഫീസിനു നേരെയും ആക്രമണം നടത്തി.

സംസ്ഥാനത്തെ അക്രമങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ തുറന്ന കത്ത്എന്നാല്‍ ഇതിനൊന്നും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ല. എല്ലാവരെയും ഒന്നായി കാണുമെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ക്രിമിനലുകളെ സംരക്ഷിക്കില്ലെന്നുമുള്ള അങ്ങയുടെ പ്രസ്താവന പ്രത്യാശയോടെയാണ് കണ്ടത്. എന്നാല്‍ ഇതിനനുസൃതമായ തുടര്‍നടപടികള്‍ ഒന്നും കൈക്കൊണ്ടതായി കാണുന്നില്ല. ഇത് തികച്ചും ഖേദകരമാണ്. അക്രമപരമ്പരകള്‍ക്ക് അറുതി വരുത്തിയേ മതിയാകൂ. അക്രമകാരികള്‍ക്ക് രാഷ്ട്രീയ പരിഗണനയില്‍ സംരക്ഷണം നല്‍കാതെ മുഖം നോക്കാതെ ശക്തമായ നടപടികള്‍ സ്വീകരിക്കണം.

സ്‌നേഹപൂര്‍വം
വി എം സുധീരന്‍

ശ്രീ. പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി
തിരുവനന്തപുരം

Keywords : Congress, KPCC, President, V.M Sudheeran, LDF, Chief Minister, Government, Thiruvananthapuram, kerala, Congress, CPM.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia