Diseases | വൈറൽ പനിയും ഡെങ്കിപ്പനിയും വർധിക്കുന്നു; സർക്കാർ ഈ കാര്യങ്ങൾ ചെയ്തോ?
മിൻ്റാ മരിയ ജോസഫ്
(KVARTHA) ഇടവിട്ട് പെയ്യുന്ന മഴയാണ് നമ്മുടെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ വൈറൽ പനിയും ഡെങ്കിപ്പനിയും വർദ്ധിച്ചു വരുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തിൽ പനി ബാധിതരുടെ എണ്ണം ഒരോ ദിവസവും കുതിച്ചുയരുന്ന സ്ഥിതി വിശേഷമാണ് നിലവിൽ ഉള്ളത്. ഇതിന് വേണ്ടത്ര പബ്ലിസിറ്റി മാധ്യമങ്ങൾ കൊടുക്കുന്നില്ലെന്ന് വേണം പറയാൻ. സംസ്ഥാന സർക്കാരിനും കഴിഞ്ഞ പ്രാവശ്യത്തെ അത്രയും ജാഗ്രത ഇപ്പോൾ ഉണ്ടോയെന്നും സംശയമാണ്. ആ നിലയ്ക്കാണ് ഈ വിഷയത്തിൽ കാര്യങ്ങളുടെ പോക്ക്. പൊതുവേ മഴക്കാലമാകുമ്പോൾ എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടാറുണ്ട്.
ഇടപെട്ട് പെയ്യുന്ന മഴയിൽ വെള്ളം കെട്ടി നിൽക്കുന്നത് കൂടുന്നതിനാൽ കൊതുക് പെരുകുക സാധാരണമാണ്. ഇതും പനിയ്ക്ക് ഒരു പരിധിവരെ കാരണമാണ്. കേരളം പനിക്കിടക്കയിൽ ആകുന്നതിൻ്റെ പ്രധാന കാരണവും ഇതൊക്കെ തന്നെയാണ് . വെള്ളക്കെട്ടുകൾ മൂലമൊക്കെ പകർച്ചവ്യാധികള്‍ കുത്തനെ ഉയരുന്നതൊക്കെ തന്നെയാണ് ഇവിടെ വർദ്ധിച്ചു വരുന്ന പനികൾക്കൊക്കെ മുഖ്യ കാരണം. അതിലേയ്ക്കുള്ള സ്ഥിതി വിവരക്കണക്കുകളാണ് ഇനി പറയുന്നത്. ഇപ്പോൾ എച്ച് 1 എൻ 1, ഡെങ്കി കേസുകള്‍ കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. കണക്ക് കൂട്ടിയതിലും നേരത്തെ പകർച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്.
പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 പേർ മരിച്ചു. ജൂണ്‍ 26ന് റിപ്പോർട്ട് ചെയ്തത് 182 ഡെങ്കി കേസുകളാണ്. തുടർച്ചയായ ദിവസങ്ങളില്‍ ഡെങ്കികേസുകളുടെ എണ്ണം 100ന് മുകളിലാണ്. കഴിഞ്ഞ മാസം സംസ്ഥാനത്താകെ സ്ഥിരീകരിച്ച ഡെങ്കികേസുകളുടെ എണ്ണം 1150 എങ്കില്‍, ഈ മാസം ഇതുവരെ 2013 പേർക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്. അതില്‍ പകുതിയും കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് റിപ്പോർട്ട് ചെയ്ത്. കഴിഞ്ഞ മാസത്തേക്കാള്‍ മൂന്നരയിരട്ടി എച്ച്1എൻ1 കേസുകളാണ് ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്തത്. എലിപ്പനി പിടിപ്പെട്ടവരുടെ എണ്ണവും ഇരട്ടിയായി.
എറണാകുളത്താണ് കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലും കേസ് ഉയരുന്നുണ്ട്. പ്രതിദിന പനി ബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലേക്ക് ഉയരാമെന്നാണ് കണക്കുകൂട്ടല്‍. ഇടവിട്ടുള്ള മഴ, മലിന ജലത്തിന്റെ ഉപയോഗം, മഴക്കാല പൂർവ ശുചീകരണത്തിലെ വീഴ്ചകള്‍, പകർച്ചവ്യാധി വ്യാപനത്തിന് കാരണമിതൊക്കെയെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഒരാള്‍ക്ക് രോഗം പിടിപ്പെട്ടാല്‍ വീട്ടിലെ മുഴുവൻ ആളുകള്‍ക്കും രോഗം പിടിപ്പെടുന്ന സാഹചര്യമാണ്.
ആഘോഷവേളകളിലെ വെല്‍ക്കം ഡ്രിങ്കുകളും ഹോട്ടലുകളില്‍ നല്‍കുന്ന ശുദ്ധമല്ലാത്ത കുടിവെള്ളവും, മലിന ജലം ഉപയോഗിച്ച് പാത്രം കഴുകുന്നതും ഒക്കെ രോഗബാധയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് പലയിടത്തും ആരോഗ്യവകുപ്പ് കണ്ടെത്തിയത്. അടിയന്തരമായി എലിനശീകരണവും കൊതുക് നിർമ്മാർജനവും മാലിന്യ നിർമ്മാർജന ,ശുചീകരണ പ്രവർത്തനങ്ങളും സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നതിൽ സർക്കാർ വലിയ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തര ഇടപെടലുകൾക്ക് നിർദേശം നല്കി പകർച്ചവ്യാധികൾ തടയുന്നതിൽ സംസ്ഥാന സർക്കാർ ഇനിയും വൈകരുത്.
സർക്കാർ ആശുപത്രികളിൽ ഈ സമയത്ത് വേണ്ടത്ര മരുന്നുകളും ഡോക്ടർമാരും ആവശ്യമാണ്. സർക്കാർ ആശുപത്രികളെ ഇവിടെ കൂടുതലായും ആശ്രയിക്കുന്നത് ഇവിടുത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളാണ്. ഇങ്ങനെയുള്ള ആളുകൾ സർക്കാർ ഹോസ്പിറ്റലുകളെ ആശ്രയിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ പ്രതികരണമാണ് ഉണ്ടാകുന്നതെങ്കിൽ പനി കൂടി മരണം വരെ സംഭവിക്കുക സ്വഭാവികം. കൂടുതലും അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന പാവപ്പെട്ട ആളുകളെയാണ് എലിപ്പനിയോ ഡെങ്കിപ്പനിയോ ഒക്കെ കൂടുതൽ ബാധിക്കുക. അങ്ങനെയുള്ളവർക്ക് ആശ്രയമാകേണ്ട സർക്കാരും സർക്കാർ ഹോസ്പിറ്റലും സംസ്ഥാന ആരോഗ്യമന്ത്രിയുമൊക്കെ ഈ വിഷയത്തിന് കൂടുതൽ പ്രധാന്യം നൽകി വേണ്ട സംവിധാനം ഒരുക്കണം. ഇല്ലെങ്കിൽ പനിബാധിതരുടെ എണ്ണം വർദ്ധിക്കുക മാത്രമല്ല, പനിമൂലം മരണപ്പെടുന്നരുടെ എണ്ണവും ഇവിടെ വർദ്ധിക്കും.
അങ്ങനെയൊരു സാഹചര്യം സംജാതമാക്കാതിരിക്കാൻ സർക്കാർ ഇപ്പോൾ ഉണർന്ന് പ്രവർത്തിക്കേണ്ടത് ആവശ്യമായിരിക്കുന്നു. പനി ബാധിതർക്ക് കൃത്യമായ മരുന്നുകൾ ലഭ്യമാകുവാൻ ആശുപത്രികളിൽ കൃത്യമായ സംവിധാനം ഒരുങ്ങട്ടെ. എല്ലാ ജീവനും നമുക്ക് വിലപ്പെട്ടത് തന്നെ.