സിഡ്‌കോ അഴിമതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിനു പുല്ലുവില, സംരക്ഷിക്കാന്‍ രണ്ടുപക്ഷത്തെയും പ്രമുഖര്‍

 


തിരുവനന്തപുരം: (www.kvartha.com 07.08.2015) വി കെ ഇബ്രാഹിം കുഞ്ഞിനെയും പി ജെ ജോസഫിനെയും അറിയിക്കാതെ അവരുടെ വകുപ്പുകളിലെ ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടി ബാധകമാകാതെ സിഡ്‌കോ ( കേരള സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍) എംഡി. ഇതു സര്‍ക്കാരിനുള്ളില്‍ പുകയുകയാണ്.

സിഡ്‌കോയില്‍ അഴിമതി കണ്ടെത്തിയ വിജലന്‍സിന്റെ റിപ്പോര്‍ട്ടും എംഡി സജി ബഷീറിനെ സസ്‌പെന്‍ഡ് ചെയ്യണം എന്ന ശുപാര്‍ശയും വ്യവസായ മന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവച്ചിരിക്കുന്നു എന്നാണ് ആരോപണം. സമാനമായ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ജലവിഭ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ചീഫ് എഞ്ചിനീയര്‍മാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരേ ഇബ്രാംഹിം കുഞ്ഞ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത് വിവാദമായിരുന്നു. എന്നാല്‍ സസ്‌പെന്‍ഷനില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രിക്കു പരാതി നല്‍കിയില്ലെന്നും ഇബ്രാഹിം കുഞ്ഞിന് പിന്നീടു വിശദീകരിക്കേണ്ടി വന്നു.

സിഡ്‌കോ എംഡിയുടെ പ്രശ്‌നം ഇതുമായിച്ചേര്‍ത്തു വിവാദമായതോടെയാണ് ഈ വിശദീകരണം വേണ്ടിവന്നതെന്നാണു വിവരം. പി ജെ ജോസഫ് നിശ്ശബ്ദമായിരിക്കുകയുമാണ്. അതേസമയം സിപിഎം നേതൃത്വവുമായും അടുപ്പമുള്ള സിഡ്‌കോ എംഡിക്കു വേണ്ടി പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ഇടപെട്ടതായും സൂചനയുണ്ട്. കഴിഞ്ഞ സര്‍ക്കാരാണ് സിഡ്‌കോ എംഡിയെ നിയമിച്ചത്. ഈ സര്‍ക്കാര്‍ പല എംഡിമാരെയും മാറ്റിയെങ്കിലും സിഡ്‌കോയില്‍ തൊട്ടില്ല. വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാത്തവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കരുത് എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണിത്.

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തിനടുത്ത് മേനംകുളത്ത് ടെലികോം സിറ്റി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തു നിന്നുള്ള മണല്‍ വില്പനയില്‍ 5.19 കോടിയുടെ നഷ്ടമാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയെ തുടര്‍ന്ന് സജി ബഷീറിനെ പ്രധാന പ്രതിയാക്കി ആറു പേര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു. സജി ബഷീറിനെ സസ്‌പെന്‍ഡ് ചെയ്യണം എന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ നാലു മാസം മുമ്പ് അയച്ച റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റിലെ വിജിലന്‍സ് വകുപ്പ് ഓഫീസില്‍ നിന്ന് സെക്രട്ടേറിയറ്റിലെത്തന്നെ വ്യവസായ വകുപ്പില്‍ എത്തിയതുതന്നെ വൈകിയാണ്.

കുറച്ചുകാലം എംഡി സ്ഥാനത്തുനിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന് വ്യവസായ മന്ത്രിയുടെ ഓഫീസില്‍ നിന്ന് സജി ബഷീറിന് വിവരം ലഭിച്ചു. തൊട്ടടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നായിരുന്നു അറിയിപ്പ്. അപ്പോഴാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ ഉന്നത ഇടപെടല്‍ ഉണ്ടായത്. ഇപ്പോഴും അദ്ദേഹംതന്നെയാണ് എംഡി. യുഡിഎഫിന്റെ തന്നെ സര്‍ക്കാര്‍ 2001ല്‍ പുറത്തിറക്കിയ സര്‍ക്കുലറും ഉത്തരവും കാറ്റില്‍ പറത്തി.

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കോടികളുടെ അഴിമതി കണ്ടെത്തിയതിനു പുല്ലുവില. ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ് സജി ബഷീറിനു തുണ; പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ്, പത്തനംതിട്ട എസ്പി ആയിരുന്ന രാഹുല്‍ ആര്‍ നായര്‍ എന്നിവരുടെ അഴിമതിയും കൈക്കൂലിയും കണ്ടെത്തി വിജിലന്‍സ് ശുപാര്‍ശ ചെയ്ത ഉടന്‍ നടപടിയെടുത്തിരുന്നു.

സിഡ്‌കോ അസിസ്റ്റന്റ് മാനേജര്‍ അജിത് കെ എല്‍, നാല് കരാറുകാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് മേനംകുളം ടെലികോം സിറ്റിക്ക് അനുമതി നല്‍കിയത്. പദ്ധതിക്ക് ഏറ്റെടുത്ത സ്ഥലത്തുനിന്നുള്ള മണല്‍ നീക്കാനുള്ള കരാര്‍ സിഡ്‌കോ മുഖേന നല്‍കിയത് ഡെല്‍ഹി ആസ്ഥാനമായ കമ്പനിക്കാണ്. മണല്‍ വില്പനയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതുസംബന്ധിച്ചു സജി ബഷീറും സിഡ്‌കോയും നല്‍കിയ വിശദീകരണങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നും വിജിലന്‍സ് കണ്ടെത്തി.

''കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരെയും മാനേജിംഗ് ഡയറക്ടര്‍മാരെയും നിയമിക്കുമ്പോള്‍ അവര്‍ക്ക് വിജിലന്‍സ് വകുപ്പിന്റെ ക്ലിയറന്‍സ് ഉണ്ടായിരിക്കണം എന്ന മുന്നുപാധി ഇപ്പോഴില്ല. ഇനി മുതല്‍ അത്തരം നിയമനങ്ങള്‍ക്ക് ശുപാര്‍ശ നല്‍കുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് സംബന്ധിച്ച കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം എന്ന് ഇതിനാല്‍ ഉത്തരവിടുന്നു.

നിയമിക്കാന്‍ പരിഗണിക്കുന്നയാള്‍ക്കെതിരേ ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങള്‍
നടക്കുകയോ എഫ്‌ഐആര്‍ തയ്യാറാക്കി കേസെടുക്കുകയോ ഉണ്ടെങ്കില്‍ അതിനേക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് വിജിലന്‍സില്‍ നിന്നു വാങ്ങിയിരിക്കണം. ഈ നിര്‍ദേശങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാനുള്ളതാണ്.'' 2011 നവംബര്‍ 9ന് ചീഫ് സെക്രട്ടറി വി കൃഷ്ണമൂര്‍ത്തി പുറത്തിറക്കിയ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
സിഡ്‌കോ അഴിമതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിനു പുല്ലുവില, സംരക്ഷിക്കാന്‍ രണ്ടുപക്ഷത്തെയും പ്രമുഖര്‍

Also Read:
പുത്തിഗെ പുഴയില്‍ ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി

Keywords:  Vigilance report in cold storage on Sidco corruption, Thiruvananthapuram, Allegation, Report, Office, Chief Minister, Complaint, Suspension, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia