Corruption Probe | അജ്ഞാത പരാതിയില്‍ നവീന്‍ ബാബുവില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു; സംഭവം ജീവനൊടുക്കിയ ദിവസമെന്ന് വിജിലന്‍സ്
● വൈകിട്ട് നടന്ന യാത്രയയപ്പ് യോഗത്തിലാണ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്
● പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നവീന്‍ ബാബു വസ്ത്രം മാറിയില്ലെന്ന് പൊലീസ്
● മൃതദേഹം കാണപ്പെട്ടത് തീന്‍മുറിയില്‍
● മൃതദേഹത്തില്‍ നിന്നോ വീട്ടില്‍ നിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്നിലെ ഔദ്യോഗിക വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവില്‍ നിന്ന് അജ്ഞാത പരാതിയില്‍ വിജിലന്‍സ് മൊഴിയെടുത്തതായി വിവരം. ജീവനൊടുക്കിയ ദിവസം രാവിലെ കണ്ണൂരിലെ ഓഫീസിലെത്തിയാണ് വിജിലന്‍സ് ഡി വൈ എസ് പി വിവരങ്ങള്‍ അന്വേഷിച്ചത്
ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധനയാണ് നടത്തിയതെന്ന് വിജിലന്‍സ് അധികൃതര്‍ പറയുന്നു. ഇതിന് ശേഷം വൈകിട്ട് നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്.
പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നവീന്‍ ബാബു വസ്ത്രം മാറിയില്ലെന്നാണ് പൊലീസ് പരിശോധനയില്‍ വ്യക്തമായത്. തീന്‍ മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ മൃതദേഹത്തില്‍ നിന്നോ വീട്ടില്‍ നിന്നോ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണം ആദ്യ ഘട്ടത്തിലാണ്. ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അത് പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ വ്യക്തമാക്കി.
എന്നാല്‍ ഭരണസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
#VigilanceInquiry #ADMNaveenBabu #KeralaNews #BriberyCase #KannurNews #PoliceInvestigation