Arrested | ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

 


മലപ്പുറം: (www.kvartha.com) ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സബ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറസ്റ്റുചെയ്തു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചില്‍ അന്വേഷണത്തിലിരിക്കുന്ന വഞ്ചനാ കേസിലെ പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പൊലീസ് സബ് ഇന്‍സ്‌പെക്ടറായ സുഹൈലിനെയും ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബശീറിനേയും ചൊവ്വാഴ്ച വിജിലന്‍സ് കയ്യോടെ പിടികൂടി അറസ്റ്റുചെയ്തത്.

സംഭവത്തെ കുറിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്:


2017-ല്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസിലെ പ്രതിയായ പരാതിക്കാരന് 2019-ല്‍ ഹൈകോടതി വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കോവിഡ് കാരണം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കഴിയാതിരുന്ന പരാതിക്കാരന്‍ വ്യവസ്ഥകള്‍ ലഘൂകരിച്ച് നല്‍കാന്‍ ഹൈകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. ഈ അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കവേയാണ് മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പരാതിക്കാരനെ ബെംഗ്ലൂറില്‍നിന്ന് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയില്‍ ഹാജരാക്കിയത്.

Arrested | ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ഈ കേസില്‍ കോടതി ഉടന്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരനെതിരെ വേറെയും വാറന്റുകള്‍ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാല്‍ സഹായിക്കാമെന്നും ഐ-ഫോണ്‍ 14 വാങ്ങി നല്‍കണമെന്നും ഇന്‍സ്‌പെക്ടര്‍ സുഹൈല്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ജനുവരി രണ്ടിന് പരാതിക്കാരന്‍ ഒരു കറുത്ത ഐ-ഫോണ്‍ 14 വാങ്ങി സബ് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഏജന്റായ മുഹമ്മദ് ബശീറിനെ ഏല്‍പിച്ചു.

എന്നാല്‍, കറുത്ത ഫോണ്‍ വേണ്ടെന്നും നീല നിറത്തിലുള്ള ഐ-ഫോണ്‍ 14, 256 ജി ബി തന്നെ വേണമെന്നും കേസ് മയപ്പെടുത്തുന്നതിന് 3.5 ലക്ഷം രൂപ കൂടി കൈക്കൂലിയായി വേണമെന്നും സബ് ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടു. 3.5 ലക്ഷം രൂപ ഉടനടി നല്‍കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും നീല നിറത്തിലുള്ള ഐ-ഫോണ്‍ 14 256 ജിബി എത്രയും വേഗം വാങ്ങി നല്‍കാമെന്നും പണം നല്‍കാന്‍ കുറച്ച് സാവകാശം വേണമെന്നും പരാതിക്കാരന്‍ അറിയിച്ചു.

തുടര്‍ന്ന് ആദ്യം വാങ്ങി നല്‍കിയ കറുത്ത ഫോണ്‍ മുഹമ്മദ് ബശീര്‍ വഴി സബ് ഇന്‍സ്‌പെക്ടര്‍ 2023 ജനുവരി നാലിന് പരാതിക്കാരന് തിരികെ നല്‍കി. പണം നല്‍കിയില്ലെങ്കില്‍ പരാതിക്കാരന്‍ പ്രതിയായ കേസില്‍ ഇടപെട്ട് കൂടുതല്‍ പ്രയാസമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പരാതിക്കാരന്‍ വിജിലന്‍സ് ആസ്ഥാനത്തെത്തി ഡയറക്ടര്‍ മനോജ് എബ്രഹാമിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.

വിജിലന്‍സ് ഡയറക്ടര്‍ സബ് ഇന്‍സ്‌പെക്ടറെ ട്രാപില്‍ പെടുത്തുന്നതിനുള്ള നടപടികള്‍ക്കായി വിജിലന്‍സ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ ചുമതലപ്പെടുത്തി. വിജിലന്‍സ് സംഘം ഇക്കഴിഞ്ഞ 24 ന് നീല നിറത്തിലുള്ള ഐ ഫോണ്‍ 14 256 ജി ബി പരാതിക്കാരന് വാങ്ങി നല്‍കി സബ് ഇന്‍സ്‌പെക്ടര്‍ സുഹൈല്‍ നിര്‍ദേശിച്ച പ്രകാരം ഇരിങ്ങാലക്കുടയിലുള്ള ഏജന്റ് ഹാശിമിന്റെ കൈയില്‍ കൊടുത്തയച്ചു.

തുടര്‍ന്ന് സുഹൈല്‍ നിരന്തരം പരാതിക്കാരനോട് കൈക്കൂലി പണം ആവശ്യപ്പെടുകയും പരാതിക്കാരന്റെ സാമ്പത്തികാവസ്ഥ മനസിലാക്കി തുക തവണകളായി നല്‍കിയാല്‍ മതിയെന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഗഡുവായി 50,000 രൂപ സബ് ഇന്‍സ്‌പെക്ടര്‍ സുഹൈലിന്റെ ആവശ്യ പ്രകാരം മുഹമ്മദ് ബശീറിന്റെ കൈവശം ഏല്‍പിക്കുന്നതിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഹമ്മദ് ബശീറിനേയും തുടര്‍ന്ന് സുഹൈലിനേയും വിജിലന്‍സ് കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്നറിയിച്ചു.

Keywords: Vigilance nabs sub-inspector in bribery case, Malappuram, News, Bribe Scam, Arrested, Vigilance, Court, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia