Celebrations | വിദ്യാരംഭത്തിനൊരുങ്ങി കുരുന്നുകള്‍; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി


● പനച്ചിക്കാട് ക്ഷേത്രത്തില്‍ 51 ഗുരുക്കന്മാരുടെ കാര്‍മികത്വത്തില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ വിദ്യാരംഭം തുടങ്ങും
● ഇരുപതിനായിരത്തോളം കുട്ടികള്‍ എത്തുമെന്ന് ഭാരവാഹികള്‍
കോട്ടയം: (KVARTHA) വിജയ ദശമി നാളില്‍ വിദ്യാരംഭത്തിനൊരുങ്ങി കുരുന്നുകള്‍. ആയിര കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനൊരുങ്ങുന്നത്. കേരളത്തില്‍ വിവിധയിടങ്ങളില്‍ കുരുന്നുകളെ എഴുത്തിനിരുത്തുന്നുണ്ട്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തില്‍ 51 ഗുരുക്കന്മാരുടെ കാര്‍മികത്വത്തില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ വിദ്യാരംഭം തുടങ്ങും. ഇരുപതിനായിരത്തോളം കുട്ടികള്‍ വിദ്യാരംഭത്തിന് എത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സരസ്വതീ നടയ്ക്കുമുന്‍പില്‍ അറിവിന്റെ ആദ്യാക്ഷരങ്ങളും കലയുടെ അരങ്ങേറ്റവുമായി ഭക്തര്‍ നിറയും. ദുര്‍ഗാഷ്ടമിയും മഹാനവമിയും ഒഴികെ ദിവസഭേദമോ സമയഭേദമോ ഇല്ലാതെ ഇവിടെ വിദ്യാരംഭം നടത്താന്‍ എല്ലാ ദേശത്തുനിന്നും ഭക്തരെത്തുന്നുണ്ട്.
കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം, ഗുരുവായൂര്‍, ശങ്കരാചാര്യര്‍ വിദ്യാരംഭം നടത്തിയെന്നു വിശ്വസിക്കപ്പെടുന്ന നെടുമ്പാശ്ശേരി ആവണംകോട് സരസ്വതീക്ഷേത്രം, കണ്ണൂര്‍ മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം, പള്ളിക്കുന്ന് ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ്, പുനലൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര മണ്ഡപം, തൃശൂര്‍ തിരുവുളളക്കാവ് തുടങ്ങിയിടത്തെല്ലാം വിദ്യാരംഭത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
#Vidyarambham #KeralaTradition #SaraswatiPuja #CulturalFestivals #Education #TempleCeremony