Minister | ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോടതികളെ സമീപിച്ച വൈസ് ചാന്‍സലര്‍മാര്‍ നിയമപരമായ ചെലവുകള്‍ക്കായി ഉപയോഗിച്ചത് ഒരു കോടി 13 ലക്ഷം രൂപ; കണക്കുകള്‍ നിരത്തി മന്ത്രി ആര്‍ ബിന്ദു


സര്‍കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കെതിരായുള്ള കോടതി വ്യവഹാരങ്ങളില്‍ ചെലവുകള്‍ വഹിക്കേണ്ടത് സ്വന്തം നിലയ്ക്ക്
ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി സേവ് യൂനിവേഴ്‌സിറ്റി കാംപയ് ന്‍
തിരുവനന്തപുരം: (KVARTHA) സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനങ്ങള്‍ അസാധുവാക്കിയ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈകോടതിയേയും സുപ്രീംകോടതിയേയും സമീപിച്ച വൈസ് ചാന്‍സലര്‍മാര്‍ കോടതി ചെലവുകള്‍ക്കായി വിവിധ സര്‍വകലാശാലകളുടെ ഫണ്ടില്‍ നിന്നും ചെലവിട്ട തുകയുടെ കണക്കുകള്‍ പുറത്തുവിട്ട് മന്ത്രി ആര്‍ ബിന്ദു. എല്‍ദോസ് പി കുന്നപ്പിള്ളിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി നിയമസഭയില്‍ വിശദമായ കണക്ക് സമര്‍പ്പിച്ചത്. ഒരു കോടി 13 ലക്ഷം രൂപയാണ് വിസിമാര്‍ ചെലവഴിച്ചത്.
സര്‍കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കെതിരായുള്ള കോടതി വ്യവഹാരങ്ങളില്‍ സ്വന്തം നിലയ്ക്കാണ് ചെലവുകള്‍ വഹിക്കേണ്ടത് എന്നിരിക്കെ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെതിരെ ഗവര്‍ണറെ തന്നെ എതിര്‍കക്ഷിയാക്കി കോടതിയില്‍ ചോദ്യം ചെയ്യുന്നതിന് സര്‍വകലാശാല ഫണ്ടില്‍ നിന്നും തുക ചെലവിടുന്നത് ഇത് ആദ്യമായാണ്.
തുക ബന്ധപ്പെട്ട വിസിമാരില്‍ നിന്നോ യൂനിവേഴ്‌സിറ്റി ഫണ്ടില്‍ നിന്നും തുക അനുവദിച്ച സിന്‍ഡികേറ്റ് അംഗങ്ങളില്‍ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി കാംപയ് ന്‍ കമിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.
വിസിമാരും ചെലവഴിച്ച തുകയും അറിയാം
കണ്ണൂര്‍ വിസി ആയിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രന്‍ - 69 ലക്ഷം
കുഫോസ് വിസിയായിരുന്ന ഡോ.റിജി ജോണ്‍ - 36 ലക്ഷം
സാങ്കേതിക സര്‍വകലാശാല വിസിയായിരുന്ന ഡോ.എം എസ് രാജശ്രീ - 1.5 ലക്ഷം
കാലികറ്റ് വിസി ഡോ.എംകെ ജയരാജ് - 4.25 ലക്ഷം
കുസാറ്റ് വിസി ഡോ.കെഎന്‍ മധുസൂദനന്‍ - 77, 500 രൂപ
മലയാള സര്‍വകലാശാല വിസിയായിരുന്ന ഡോ.വി അനില്‍കുമാര്‍ 1 ലക്ഷം
ശ്രീനാരായണ ഓപണ്‍ യൂനിവേഴ്‌സിറ്റി വിസി ഡോ.മുബാറക് പാഷ 53,000 രൂപ
ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കോടതി ചെലവിനായി എട്ടു ലക്ഷം രൂപ നാളിതുവരെ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഫണ്ടില്‍ നിന്നും ചെലവാക്കിയതായും രേഖകള്‍ വ്യക്തമാക്കുന്നു.
കണ്ണൂര്‍ വിസിയും കുഫോസ് വിസിയും സുപ്രീം കോടതിയില്‍ തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാലിനെ പ്രത്യേകമായി ചുമതലപ്പെടുത്തുകയായിരുന്നു എന്നും രേഖകള്‍ വ്യക്തമാക്കുന്നു. കാലികറ്റ് വിസി, ഹൈകോടതിയിലെ യൂനിവേഴ്‌സിറ്റി സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ ഒഴിവാക്കി സീനിയര്‍ അഭിഭാഷകന്റെ സേവനം തേടിയതിന് നാലേകാല്‍ ലക്ഷം രൂപയാണ് യൂനിവേഴ്‌സിറ്റി ഫണ്ടില്‍ നിന്നും ചെലവിട്ടത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഹര്‍ജി ഹൈകോടതിയില്‍ പരിഗണിക്കുമ്പോഴും യൂനിവേഴ്‌സിറ്റി കൗണ്‍സലിനെ ഒഴിവാക്കി മുതിര്‍ന്ന അഭിഭാഷകന്‍ പി രവീന്ദ്രനെ ചുമതലപെടുത്തിയതിന് 6,50,000 രൂപ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഫണ്ടില്‍ നിന്നും ചെലവിട്ടു.