Obituary | ആദ്യകാല നാടക-സിനിമ ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി അന്തരിച്ചു

 
Veteran Singer-Actress Machattu Vasanthi Passes Away at 81
Veteran Singer-Actress Machattu Vasanthi Passes Away at 81

Photo Credit: Facebook / Vinod Krishnan

● ആദ്യമായി പാടുന്നത് 9 വയസ് ഉള്ളപ്പോള്‍
● വേദിയിലെത്തിക്കാന്‍ നിര്‍ദേശിച്ചത് ഇകെ നായനാര്‍
● സിനിമയില്‍ എത്തിച്ചത് ബാബുരാജ്

കോഴിക്കോട്: (KVARTHA) ആദ്യകാല നാടക- സിനിമ ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍ പരുക്കേറ്റിരുന്ന വാസന്തി വാര്‍ധക്യ സഹജമായ അസുഖങ്ങളാലും ചികിത്സയിലായിരുന്നു. 'പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ, പുന്നെല്ലിന്‍ പൊന്‍കതിരേ...' എന്നതുള്‍പ്പെടെ മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന ഒട്ടേറെ പാട്ടുകള്‍ അനശ്വരമാക്കിയ ഗായികയാണ് വാസന്തി. 


കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും വിപ്ലവ ഗായകനും റേഡിയോ ആര്‍ട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂര്‍ കക്കാടാണ് ജനനം. കണ്ണൂരില്‍ നടന്ന കിസാന്‍സഭാ സമ്മേളന വേദിയിലാണ് ഒമ്പത് വയസുള്ളപ്പോഴാണ് വാസന്തി ആദ്യമായി പാടുന്നത്. ഇകെ നായനാരാണ് അന്ന് കുട്ടിയെ വേദിയിലെത്തിക്കാന്‍ നിര്‍ദേശിച്ചത്. വാസന്തിയെ നായനാര്‍ വേദിയിലേക്ക് എടുത്തുകയറ്റുകയായിരുന്നു. 

വാസന്തിയുടെ പാട്ട് അച്ഛന്റെ കൂട്ടുകാരനായിരുന്ന എംഎസ് ബാബുരാജിനും ഇഷ്ടമായി. സംഗീതം പഠിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കല്ലായിയില്‍ ബാബുരാജിന്റെ താമസസ്ഥലത്ത് ദിവസവും രാവിലെയെത്തി വാസന്തി സംഗീതം അഭ്യസിച്ചു. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച തിരമാല എന്ന ചിത്രത്തില്‍ ആദ്യഗാനവും പാടി. എന്നാല്‍, സിനിമ പുറത്തിറങ്ങിയില്ല.

തുടര്‍ന്നു രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തില്‍, പി ഭാസ്‌കരന്റെ രചനയില്‍ ബാബുരാജ് ഈണം പകര്‍ന്ന 'തത്തമ്മേ തത്തമ്മേ നീ പാടിയാല്‍ അത്തിപ്പഴം തന്നിടും...',  'ആരു ചൊല്ലിടും ആരു ചൊല്ലിടും...' എന്നീ പാട്ടുകള്‍ പാടി. നാടകത്തിലും സിനിമയിലും ആകാശവാണിയിലുമായി പതിനായിരത്തിലേറെ ഗാനങ്ങള്‍ക്കാണ് പിന്നീട് വാസന്തി ശബ്ദം നല്‍കിയത്. 

ഓളവും തീരവും സിനിമയില്‍ ബാബുരാജിന്റെ സംഗീതത്തില്‍ കെജെ യേശുദാസിനൊപ്പം പാടിയ 'മണിമാരന്‍ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കരിമ്പുതോട്ടം..' എന്ന പാട്ട് മച്ചാട്ട് വാസന്തിയെ ജനകീയയാക്കി. 

പാട്ടു മാത്രമല്ല നാടകാഭിനയവും നന്നായി വഴങ്ങി വാസന്തിക്ക്. നെല്ലിക്കോട് ഭാസ്‌കരന്റെ തിളയ്ക്കുന്ന കടല്‍, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂര്‍ സംവിധാനം ചെയ്ത വല്ലാത്ത പഹയന്‍, പിജെ ആന്റണിയുടെ ഉഴുവുചാല്‍, കുതിരവട്ടം പപ്പുവിനൊപ്പം രാജാ തിയറ്റേഴ്‌സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, തിക്കോടിയന്റെ നാടകങ്ങള്‍ എന്നിവയില്‍ വാസന്തി അഭിനേത്രിയും ഗായികയുമായി.


പ്രൊജക്ടര്‍ ഓപ്പറേറ്ററായിരുന്ന ബാലകൃഷ്ണനുമായുള്ള വിവാഹത്തോടെ ദൂരയാത്രകള്‍ നിന്നു. പാട്ടിന്റെ എണ്ണവും കുറച്ചു. 
കൂടുതല്‍ സമയവും കുടുംബത്തിനൊപ്പം ചെലവഴിച്ചു. കിട്ടുന്ന നാടകങ്ങളില്‍ പാടിയാല്‍ മതിയെന്നായിരുന്നു ഭര്‍ത്താവിന്റെ ഉപദേശം. 48-ാം വയസ്സില്‍ ഭര്‍ത്താവ് മരിച്ചപ്പോള്‍ അദ്ദേഹം ബാക്കിവച്ച കടങ്ങള്‍ വീട്ടാനായാണു വാസന്തി വീണ്ടും പാട്ടിന്റെ വഴിയിലെത്തിയത്. മുരളി, സംഗീത എന്നിവര്‍ മക്കളാണ്. തിരഞ്ഞെടുപ്പുവേളകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി അടുത്തകാലം വരെയും വോട്ടഭ്യര്‍ഥിക്കാന്‍ വാസന്തി പാടിയിരുന്നു.

#MachattuVasanthi #VeteranSinger #MalayalamCinema #LegendaryArtist #Obituary #MalayalamSongs

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia