VD Satheesan's Pressmeet | ഹിന്ദു ഐക്യവേദി നേതാവിന്റെ വാര്‍ത്താസമ്മേളനം മന്ത്രി പി രാജീവിന്റെ നിര്‍ദേശപ്രകാരം; പ്രോടോകോള്‍ ലംഘനത്തെ കുറിച്ച് പറഞ്ഞതുകൊണ്ട് മാത്രമാണ് വിദേശകാര്യമന്ത്രിക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com) ഹിന്ദുഐക്യ വേദി നേതാവിന്റെ വാര്‍ത്താസമ്മേളനം ജനം ടി വി പോലും കൊടുത്തില്ല. പക്ഷെ കൈരളി ടി വി വളരെ പ്രധാനപ്പെട്ട ആ നേതാവിന്റെ വാര്‍ത്താസമ്മേളനം പൂര്‍ണമായും ടെലികാസ്റ്റ് ചെയ്തുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്റെ വാര്‍ത്താസമ്മേളനമാണെങ്കില്‍ കൈരളിയില്‍ നിന്നും ദേശാഭിമാനിയില്‍ നിന്നും അഞ്ച് പേരെ വിടും.

അങ്ങനെയുള്ളവര്‍ വിദേശകാര്യമന്ത്രി ജയശങ്കറിന്റെ വാര്‍ത്താസമ്മേളനത്തില്‍ പോയി ഒരു കാര്യമെങ്കിലും ചോദിച്ചോ? ഹിന്ദു ഐക്യവേദി നേതാവിനെ പ്രോത്സാഹിപ്പിക്കുന്ന കൈരളി ടി വി ബി ജെ പി ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷത്തിന് നേരെ ചോദ്യം ചോദിക്കുകയാണ്.

VD Satheesan's Pressmeet | ഹിന്ദു ഐക്യവേദി നേതാവിന്റെ വാര്‍ത്താസമ്മേളനം മന്ത്രി പി രാജീവിന്റെ നിര്‍ദേശപ്രകാരം; പ്രോടോകോള്‍ ലംഘനത്തെ കുറിച്ച് പറഞ്ഞതുകൊണ്ട് മാത്രമാണ് വിദേശകാര്യമന്ത്രിക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചതെന്നും  പ്രതിപക്ഷ നേതാവ്

മന്ത്രി പി രാജീവിന്റെ വീട്ടിലെയും ഓഫിസിലെയും നിത്യസന്ദര്‍ശകനാണ് വാര്‍ത്താസമ്മേളനം നടത്തിയ ഹിന്ദുഐക്യവേദി നേതാവ്. തെരഞ്ഞെടുപ്പില്‍ പോലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജീവിന്റെ നിര്‍ദേശപ്രകാരമാണ് എനിക്കെതിരെ നിരന്തരമായി വാര്‍ത്താസമ്മേളനം നടത്തുന്നത്. നിയമസഭയിലും എല്ലാ സി പി എം നേതാക്കളും പ്രതിപക്ഷ നേതാവിനെതിരെ പ്രസംഗിക്കുകയാണ്. അതിനെല്ലാം നിര്‍ദേശം നല്‍കുന്നത് പി രാജീവാണ്.

തൃക്കാക്കരയിലെ ദയനീയ പരാജയം രാജീവിന് വലിയ ഷോകായി. അത് ഈഗോ പ്രശ്നമാക്കി എടുത്ത് എന്റെ പിന്നാലെ നടന്ന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മാധ്യമങ്ങള്‍ ചോദിക്കാതെ തന്നെ ഹിന്ദു ഐക്യവേദിയുടെ നേതാവ് പറഞ്ഞ കാര്യങ്ങള്‍ മന്ത്രി തന്നെ പറയുകയാണ്. മന്ത്രി പറഞ്ഞിട്ടാണ് ഹിന്ദു ഐക്യവേദി നേതാവ് വാര്‍ത്താസമ്മേളനം നടത്തിയത്. ഞാന്‍ ആര്‍ എസ് എസിന്റെ വോട് തേടിപ്പോയി എന്ന് പറഞ്ഞാല്‍ നിയോജകമണ്ഡലത്തിലെ ആളുകള്‍ ചിരിക്കും.

വിവേകാനന്ദ കേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്തെന്ന വാര്‍ത്ത ആഘോഷമാക്കി ദേശാഭിമാനി എഴുതിയിട്ട് എന്ത് സംഭവിച്ചെന്ന് നിങ്ങള്‍ കണ്ടല്ലോ. സി പി എം നേതാക്കള്‍ പങ്കെടുത്ത എട്ട് പരിപാടികള്‍ ഞങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇ എം എസിന്റെ പോകറ്റില്‍ കെ ജി മാരാര്‍ ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം, ഇവരെല്ലാം കൂടി കൈകോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന പടം. ഇതൊക്കെ എനിക്ക് തന്നെ പറയേണ്ടി വന്നില്ലേ? ആര്‍ എസ് എസിന്റെ വോട് തേടിയല്ലേ 77-ല്‍ പിണറായി നിയമസഭയില്‍ എത്തിയതെന്നൊക്കെ നിങ്ങള്‍ തന്നെ പറയിപ്പിച്ചതാണെന്നും സതീശന്‍ പറഞ്ഞു.

വി എസിന്റെ പ്രസംഗം ചോദ്യം ചെയ്യുന്നില്ല. വിവേകാനന്ദന്റെ ഹിന്ദുവും സംഘപരിവാറിന്റെ ഹിന്ദുത്വവും രണ്ടാണെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസ് എം എല്‍ എ ആയ ഞാന്‍ പോയി ആര്‍ എസ് എസിന് വേണ്ടി പറയുമോ? വി എസിന് വേണ്ടി അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗം പറഞ്ഞത് നിങ്ങള്‍ വിശ്വസിച്ചു. പക്ഷെ സാക്ഷാല്‍ വിഡി സതീശന്‍ പറയുന്നതല്ല, സദാനന്ദന്‍ പറയുന്നതാണ് കൈരളിക്കാര്‍ക്ക് വിശ്വാസം.

മതേതരത്വത്തെ കുറിച്ചുള്ള എന്റെ നിലപാട് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഹിന്ദുഐക്യവേദി നേതാവിനെയും സദാനന്ദന്‍മാഷിനെയുമൊക്കെ നിങ്ങളാണല്ലോ തലയില്‍ വച്ചുകൊണ്ട് നടക്കുന്നത്. അവര്‍ പോലും വിട്ടു. സംഭവം അപകടമാണെന്ന് അവര്‍ക്ക് മനസിലായെന്നും സതീശന്‍ പറഞ്ഞു.

ഒരു ആര്‍ എസ് എസ് പരിപാടിയിലും പങ്കെടുത്തിട്ടില്ല. ശൈലജ ടീചര്‍ പങ്കെടുത്തത് കേന്ദ്ര സര്‍കാര്‍ പരിപാടിയില്‍ ആണെന്നാണല്ലോ പറഞ്ഞത്. പക്ഷെ പിന്നില്‍ ഭാരതാംബയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. വിജ്ഞാന്‍ ഭാരതി എന്ന ആര്‍ എസ് എസ് സംഘടനയുടെ പരിപാടിയിലാണ് പങ്കെടുത്തത്.

സേവാഭാരതിയുടെ പരിപാടയില്‍ ഐശ പോറ്റി പങ്കെടുത്ത ചിത്രവും പുറത്ത് വന്നിട്ടുണ്ടല്ലോ. ആ പരിപാടിയിലൊന്നും ഞാന്‍ പങ്കെടുത്തില്ല. പണ്ട് എല്ലാവരും എല്ലാ പാര്‍ടികളുടെ പരിപാടിയിലും പങ്കെടുക്കുമായിരുന്നു. ഇപ്പോള്‍ ആരും അങ്ങനെയൊന്നും പങ്കെടുക്കാറില്ല.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി ജയശങ്കര്‍ തിരുവനന്തപുരത്ത് എത്തിയത്. എല്ലാവര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള അവകാശമുണ്ട്. അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ല. പക്ഷെ ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്താല്‍ അതിനെ ചോദ്യം ചെയ്യാം. മുഖ്യമന്ത്രി സാധാരണ ബി ജെ പിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഒന്നും ഉന്നയിക്കാറില്ല.

കോണ്‍സുലേറ്റില്‍ പ്രോടോകോള്‍ ലംഘനം ഉണ്ടായെന്ന് കേന്ദ്ര മന്ത്രി ജയശങ്കര്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രോടോകോള്‍ ലംഘിച്ച് കോണ്‍സുല്‍ ജെനറല്‍ മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ അവര്‍ തമ്മില്‍ എന്ത് ഇടപാടാണ് ഉണ്ടായിരുന്നത്? വി മുരളീധരനൊക്കെ ദിവസേന എന്തെല്ലാം പറയുന്നുണ്ട്. അതിനോടൊന്നും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാറില്ല. ജയശങ്കര്‍ പ്രോടോകോള്‍ ലംഘനം ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. അല്ലാതെ പ്രധാനമന്ത്രിയെ പോലും മുഖ്യമന്ത്രി വിമര്‍ശിക്കാറില്ല.

സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ പൂര്‍ണരൂപം യു ഡി എഫ് പൊലീസിന് നല്‍കാമെന്നും സതീശന്‍ പറഞ്ഞു. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ ഒന്നര മിനിട്ട് ദൃശ്യം മാത്രമെ കയ്യിലുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ പൊലീസ് വിഷമിക്കേണ്ട. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന ആ ചടങ്ങിന്റെ മുഴുവന്‍ വീഡിയോയും യു ഡി എഫ് കൈമാറാന്‍ തയാറാണ്. ഇതൊന്നും ഒളിപ്പിച്ച് വയ്ക്കാന്‍ പറ്റുന്നതല്ലെന്നും സതീശന്‍ പറഞ്ഞു.

Keywords: VD Satheesan's Pressmeet,  Thiruvananthapuram, News, Politics, Press meet, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia