Backdoor appointments | സിപിഎം സംസ്ഥാന കമിറ്റിയും ജില്ലാ കമിറ്റികളും പിന്‍വാതിലിലൂടെ നിയമിച്ചവര്‍ തുടരുന്നത് കൊണ്ടാണ് പി എസ് സിക്ക് ഒഴിവുകള്‍ റിപോര്‍ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാര്‍ മടിക്കുന്നത്; പാര്‍ടിക്കാര്‍ക്കും നേതാക്കള്‍ക്കും വേണ്ടി മാത്രമുള്ള സെല്‍ഭരണമാണ് പിണറായി വിജയന്‍ സര്‍കാരിന്റെ തുടര്‍ ഭരണത്തില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) പാര്‍ടിക്കാര്‍ക്കും നേതാക്കള്‍ക്കും വേണ്ടി മാത്രമുള്ള സെല്‍ഭരണമാണ് പിണറായി വിജയന്‍ സര്‍കാരിന്റെ തുടര്‍ ഭരണത്തില്‍ നടക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം സംസ്ഥാന കമിറ്റിയും ജില്ലാ കമിറ്റികളും പിന്‍വാതിലിലൂടെ നിയമിച്ചവര്‍ തുടരുന്നതു കൊണ്ടാണ് പി എസ് സിക്ക് ഒഴിവുകള്‍ റിപോര്‍ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാരും മടിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പി എസ് സി റാങ്ക് പട്ടികയില്‍ ഉള്‍പെട്ട അപേക്ഷകര്‍ വേകന്‍സി റിപോര്‍ട് ചെയ്യുന്നതിന് വേണ്ടി മന്ത്രിമാരുടെ വീടുകള്‍ കയറിയിറങ്ങുകയാണ്. പിന്‍വാതിലിലൂടെ കയറിയവരെ 10 വര്‍ഷം കഴിയുമ്പോള്‍ സ്ഥിരപ്പെടുത്തുന്ന രീതിയാണ് സര്‍കാരും സിപിഎമും ചെയ്യുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ജീവനക്കാരുടെ നിയമനത്തില്‍ പാര്‍ടിയുടെ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രടറിക്ക് കത്തെഴുതിയതിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കില്‍ മേയറെ പുറത്താക്കാന്‍ സിപിഎം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

എസ് എ ടി ആശുപത്രിയിലെ ഒമ്പത് നിയമനങ്ങള്‍ക്കായി പട്ടിക ആവശ്യപ്പെട്ട് നഗരസഭയിലെ സിപിഎം പാര്‍ലമെന്ററി പാര്‍ടി സെക്രടറി ഡിആര്‍ അനില്‍ ജില്ലാ സെക്രടറിക്ക് എഴുതിയ കത്തും പുറത്തുവന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും സിപിഎം ജില്ലാ സെക്രടറിമാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നാണ് നിയമനം നടത്തുന്നത്.

തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ തെക്കുവടക്ക് നടക്കുന്ന ഒരു സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ച സര്‍കാര്‍ ചെയ്യുന്ന വൃത്തികേടുകളാണ് മേയറുടെ കത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. കേരളത്തില്‍ ഈ അസംബന്ധ നാടകങ്ങള്‍ നടത്തിയിട്ടാണ് മേയര്‍ ഉള്‍പെടെയുള്ള ഡിവൈഎഫ്‌ഐ നേതാക്കള്‍ 'ഞങ്ങളുടെ തൊഴില്‍ എവിടെ?' എന്ന മുദ്രാവാക്യവുമായി ഡെല്‍ഹിയില്‍ പോയി സമരം ചെയ്തതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

തൊഴിലിനു വേണ്ടി സമരം നടത്തിയവരാണ് ബന്ധുക്കളെയും പാര്‍ടിക്കാരെയും നിയമിക്കുന്നത്. നഗരസഭകളിലെ നിയമനം ലോകല്‍ കമിറ്റികള്‍ക്ക് വീതംവച്ച് കൊടുത്തിരിക്കുകയാണ്. ഇല്ലാത്ത ബസ് കാശുണ്ടാക്കി ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനെത്തുന്ന പാവങ്ങളെ ഇവര്‍ വഞ്ചിക്കുകയാണ്. നേരായ മാര്‍ഗത്തിലൂടെയുള്ള നിയമനം ഒരു മേഖലയിലും നടക്കുന്നില്ല. പിന്‍വാതില്‍ നിയമനം നടത്തുന്നതിനായി സിപിഎം ഓഫിസുകള്‍ കേന്ദ്രീകരിച്ച് മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പുറത്തുവരാത്ത നൂറുകണക്കിന് നിയമനങ്ങള്‍ വിവിധ ജില്ലകളില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Backdoor appointments | സിപിഎം സംസ്ഥാന കമിറ്റിയും ജില്ലാ കമിറ്റികളും പിന്‍വാതിലിലൂടെ നിയമിച്ചവര്‍ തുടരുന്നത് കൊണ്ടാണ് പി എസ് സിക്ക് ഒഴിവുകള്‍ റിപോര്‍ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാര്‍ മടിക്കുന്നത്; പാര്‍ടിക്കാര്‍ക്കും നേതാക്കള്‍ക്കും വേണ്ടി മാത്രമുള്ള സെല്‍ഭരണമാണ് പിണറായി വിജയന്‍ സര്‍കാരിന്റെ തുടര്‍ ഭരണത്തില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ്


കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ നിയമനം നടത്തിയപ്പോള്‍ ഒന്നാം റാങ്ക് നല്‍കിയത് പെരിയ കൊലക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യയ്ക്കും രണ്ടാം റാങ്ക് രണ്ടാം പ്രതിയുടെ ഭാര്യയ്ക്കുമായിരുന്നു. ചെറുപ്പക്കാരുടെ തല വെട്ടിപ്പിളര്‍ന്ന പ്രതിയുടെ വീട്ടുകാര്‍ക്ക് വേണ്ടി ജോലി റിസര്‍വ് ചെയ്തിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

അടുത്തിടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസ്സ് ആക്കാനുള്ള തീരുമാനം സര്‍കാരിന് മരവിപ്പിക്കേണ്ടി വന്നു. ഇത്തരമൊരു തീരുമാനത്തെ കുറിച്ച് മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പാര്‍ടി സെക്രടറിക്കോ അറിയില്ലെന്നാണ് പറയുന്നത്. മന്ത്രിസഭാ യോഗമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചത്. എന്നിട്ടും പാര്‍ടിയുടെയോ സര്‍കാരിന്റെയോ നയമല്ലെന്നു പറയുന്നു.

അങ്ങനെയെങ്കില്‍ നയവിരുദ്ധ ഉത്തരവിറക്കിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഇവര്‍ ആരും അറിയാതെ ആകാശത്തുനിന്നും പൊട്ടിവീണ ഉത്തരവാണോ? എല്ലാ മേഖലകളിലും സിപിഎം ഇടപെടല്‍ ഉണ്ടായൊരു കാലം കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. എസ്പിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ സെക്രടറിമാരും എസ്എച്ഒമാരെ നിയന്ത്രിക്കുന്നത് ഏരിയാ സെക്രടറിമാരുമാണ്. ഡിവൈഎഫ്‌ഐ നേതാവ് സെക്യൂരിറ്റി ഓഫിസറുടെ വാരിയെല്ല് ഒടിച്ച സംഭവം അന്വേഷിക്കാനെത്തിയ കമിഷണറെ ജില്ലാ സെക്രടറി വിരട്ടിയോടിച്ചുവെന്നും സതീശന്‍ പരിഹസിച്ചു.

തലശേരിയില്‍ ആറു വയസ്സുകാരനെ ചവിട്ടിയിട്ട പ്രതിയെ വിട്ടയച്ചത് ഏത് നേതാവിന്റെ ഓഫിസില്‍നിന്നും ആവശ്യപ്പെട്ടിട്ടാണെന്ന് പൊലീസ് വ്യക്തമാക്കണം. വിഷയം മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തതു കൊണ്ടുമാത്രമാണ് പ്രതിയെ വീണ്ടും പിടികൂടിയത്. എല്ലാ രംഗങ്ങളിലും പാര്‍ടി ഇടപെടുകയാണ്. ചെറുപ്പക്കാരെ മുഴുവന്‍ കബളിപ്പിക്കുന്ന കാപട്യക്കാരാണിവര്‍.

പാര്‍ടി നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും നിയമിക്കുന്നതിന് വേണ്ടിയാണ് പാവകളായ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത്. എല്ലായിടത്തും പിന്‍വാതില്‍ നിയമനമാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ മുഴുവന്‍ ആകാശത്ത് നിര്‍ത്തിയാണ് സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍വകലാശാലകളിലെ ഭരണ പ്രതിസന്ധി സര്‍കാര്‍ സൃഷ്ടിച്ചതാണ്. സര്‍കാരും ഗവര്‍ണറും തമ്മില്‍ വാചകമടി അല്ലാതെ ഒരു യുദ്ധവുമില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ചത് വിലക്കയറ്റം ഉള്‍പെടെയുള്ള ജനകീയ വിഷയങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനുള്ള നാടകമാണ്. സോളാര്‍ സമരകാലത്ത് പിണറായി വിജയന്‍ സെക്രടേറിയറ്റിന് മുന്നില്‍നിന്ന് എന്തൊക്കെയാണ് പറഞ്ഞത്? എന്നിട്ടും സ്വന്തം മന്ത്രിസഭയിലുണ്ടായിരുന്നവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കേസെടുക്കാന്‍ തയാറായോ എന്നും സതീശന്‍ ചോദിച്ചു

കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഒന്നും ചെയ്യാതെ ഉറങ്ങുന്ന ഒരു സര്‍കാരാണിത്. എന്റെ ജില്ലയിലെ ആളെ കണ്ണൂര്‍ സര്‍വകലാശാല വിസിയായി നിയമിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഇതിന് പകരമായാണ് സംഘപരിവാര്‍ ബന്ധമുള്ളയാളെ ഗവര്‍ണറുടെ സ്റ്റാഫംഗമാക്കിയത്. എന്നിട്ടാണ് മുഖ്യമന്ത്രി സംഘിവിരുദ്ധത പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

അഡ്വകറ്റ് ജെനറല്‍ ഉള്‍പെടെ നൂറുകണക്കിന് അഭിഭാഷകരുള്ളപ്പോഴാണ് ഗവര്‍ണര്‍ക്ക് ബില്‍ പിടിച്ചുവയ്ക്കാന്‍ അധികാരം ഉണ്ടോയെന്ന് അറിയാന്‍ ഫാലി എസ് നരിമാന് 46 ലക്ഷം രൂപ നല്‍കിയത്. ഇതറിയാന്‍ ഭരണഘടന മറിച്ചു നോക്കിയാല്‍ മതി. ഇതെല്ലാം യഥാര്‍ഥ കേസുകളില്‍നിന്നും വഴിതെറ്റിക്കാനുള്ള നാടകമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഈ സര്‍കാര്‍ അഞ്ചുവര്‍ഷവും ഭരിക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണ്. ഒന്നരക്കൊല്ലമായപ്പോള്‍ തന്നെ എന്തും ചെയ്യാമെന്ന ധിക്കാരമാണ് മുഖ്യമന്ത്രിക്കെന്നും സതീശന്‍ പറഞ്ഞു.

Keywords: VD Satheesan slams LDF Government in backdoor appointments, Kochi, News, Politics, Allegation, Chief Minister, PSC, UDF, LDF, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia