Critisized | മുഖ്യമന്ത്രിക്ക് പേടിയാണെങ്കില്‍ വീട്ടില്‍ ഇരിക്കണം, ജനത്തെ ബന്ദിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിക്ക് പേടിയാണെങ്കില്‍ വീട്ടില്‍ ഇരിക്കണമെന്നും, ജനത്തെ ബന്ദിയാക്കരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സെക്രടേറിയറ്റിന് മുന്നില്‍ യുഡിഎഫ് രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കല്ലെറിഞ്ഞവരാണ് സിപിഎമ്മുകാര്‍, അതുപോലെ പിണറായി വിജയനെ കല്ലെറിയില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും എന്തിനാണ് ഇത്രയും ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. കുറെക്കാലം കറുപ്പിനോടായിരുന്നു മുഖ്യമന്ത്രിക്ക് ദേഷ്യം. കാക്ക പോലും അക്കാലത്ത് പേടിച്ചാണ് പറന്നത്.

Critisized | മുഖ്യമന്ത്രിക്ക് പേടിയാണെങ്കില്‍ വീട്ടില്‍ ഇരിക്കണം, ജനത്തെ ബന്ദിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ്

എന്നാല്‍ ഇപ്പോള്‍ ആ ഭയം വെളുപ്പിനോടായി. ഖദറിട്ട ആരെയെങ്കിലും വഴിയില്‍ കണ്ടാല്‍ ഉടന്‍ കരുതല്‍ തടങ്കലിലാക്കും. ബസ് കാത്ത് പോലും ആരും നില്‍ക്കാന്‍ പാടില്ല. ഇത് സ്റ്റാലിന്റെ റഷ്യയല്ല മിസ്റ്റര്‍ പിണറായി വിജയന്‍, ജനാധിപത്യ കേരളമാണ്. ഇനി ഏതെങ്കിലും സ്ത്രീക്കെതിരെ പുരുഷ പൊലീസുകാര്‍ കൈവച്ചാല്‍ സമരരീതി മാറും. മുഖ്യമന്ത്രിക്ക് പേടിയുണ്ടെങ്കില്‍ പുറത്തിറങ്ങേണ്ട. നിങ്ങള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ ജനങ്ങളെ ബന്ദിയാക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നും സതീശന്‍ ചോദിച്ചു.

സര്‍കാരിന് വേണ്ടി ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനെതിരെ ഇത്രയധികം ജനരോഷം ഉയര്‍ന്നുവന്നൊരു കാലം സംസ്ഥാന ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം എന്തെന്നു മനസലാക്കാതെ ജനങ്ങളുടെ തലയില്‍ ഇരുമ്പ് കൂടം കൊണ്ട് അടിക്കുന്നതിന് തുല്യമാണ് ബജറ്റിലെ നികുതി നിര്‍ദേശങ്ങളെന്നും സതീശന്‍ കുറ്റപ്പെടുത്തി.

നികുതി പരിച്ചെടുക്കുന്നതിലുണ്ടായ പരാജയം മറച്ചു വക്കാനാണ് കേന്ദ്ര സഹായം കുറഞ്ഞെന്നും പെന്‍ഷന്‍ നല്‍കണമെന്നുമുള്ള ന്യായീകരങ്ങള്‍ സര്‍കാര്‍ പറയുന്നത്. കേരളത്തില്‍ മാറി മാറി വന്ന സര്‍കാരുകളെല്ലാം സമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നല്‍കുകയും വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാതെ ആദ്യമായി പെന്‍ഷന്‍ നല്‍കുന്ന സര്‍കാരല്ല പിണറായി വിജയന്റേതെന്നും സതീശന്‍ പറഞ്ഞു.

സ്വര്‍ണത്തില്‍ നിന്നും പതിനായിരം കോടിയെങ്കിലും നികുതി കിട്ടേണ്ട സ്ഥാനത്താണ് 340 കോടി മാത്രം പിരിച്ചെടുത്തത്. ബാറിന്റെ എണ്ണം കൂടിയിട്ടും ടേണ്‍ ഓവര്‍ ടാക്‌സ് പരിച്ചെടുത്തില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. നികുതി പിരിച്ചെടുക്കുന്നതില്‍ ജി എസ് ടി വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടപടി ക്രമങ്ങള്‍ പാലിക്കാത്തതു കൊണ്ടും കണക്ക് സമര്‍പ്പിക്കാത്തതും കൊണ്ട് ഐ ജി എസ് ടി പൂളില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് 25,000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമായത്. കേന്ദ്രത്തില്‍ നിന്നുള്ള ജി എസ് ടി കോംപെന്‍സേഷന്‍ കോവിഡ് കാലത്ത് മാത്രമാണ് വൈകിയത്. ഇനി 750 കോടി മാത്രമെ കിട്ടാനുള്ളൂ. എന്നിട്ടും റവന്യൂ കമ്മിയുടെ ഗ്രാന്റ് നാലായിരം കോടിയായി വെട്ടിക്കുറച്ചെന്ന് സിപിഎം കാപ്‌സ്യൂള്‍ ഇറക്കിയിരിക്കുകയാണ്.

റവന്യൂ കമ്മി ഗ്രാന്റ് നിശ്ചയിക്കുന്നത് ഫിനാന്‍സ് കമിഷനാണ്. അത് അഞ്ച് വര്‍ഷത്തേക്ക് 53000 കോടിയായിരുന്നു. ആദ്യ വര്‍ഷങ്ങളില്‍ അത് കൂടുതലാണ്. പിന്നീടത് കുറയുമെങ്കിലും ആകെ 53000 കോടി സംസ്ഥാനത്തിന് ലഭിക്കും. എന്നിട്ടും വെട്ടിക്കുറച്ചെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷം ഇക്കാര്യങ്ങളൊക്കെ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തെറ്റാണെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞിട്ടില്ല. ഇടത് കൈ കൊണ്ട് പെന്‍ഷന്‍ നല്‍കി വലം കൈ കൊണ്ട് പോകറ്റോടെ പിടിച്ച് പറിക്കുകയാണ് സര്‍കാര്‍ ചെയ്യുന്നത്. സര്‍കാരിന്റെ വികൃതമായ മുഖമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളത്. നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സമാധാനപരമായി സമരം ചെയ്യുന്നത് യുഡിഎഫിന്റെ ദൗര്‍ബല്യമായി കാണരുത്. സര്‍കാരിന്റെ മുഖംമൂടി ജനങ്ങള്‍ക്ക് മുന്നില്‍ വലിച്ചു കീറുന്ന സമരങ്ങളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: VD Satheesan Critisized CM Pinarayi Vijayan, Thiruvananthapuram, News, Politics, Controversy, Criticism, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia