Celebration | വള്ളുവന്‍കടവ് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം 31 മുതല്‍; ജനുവരി 5ന് മെഡിക്കൽ ക്യാമ്പ്
● വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര മഹോത്സവത്തിന് മാറ്റുകൂട്ടും.
● ജനുവരി ഒന്നിന് രാത്രി ഏഴ് മണിക്ക് വള്ളുവൻകടവ് മുത്തപ്പൻ വനിതാവേദി അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ അരങ്ങേറും.
● ജനുവരി അഞ്ചിന് രാവിലെ 10 മണിക്ക് കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
കണ്ണൂർ: (KVARTHA) വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 31ന് രാവിലെ ഏഴ് മണിക്ക് ക്ഷേത്രം തന്ത്രി എളേടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റോടെ തുടക്കമാകും. തുടർന്ന് വിവിധ ദിവസങ്ങളിലായി ആചാരപരമായ ചടങ്ങുകളും വർണാഭമായ കലാപരിപാടികളും അരങ്ങേറും.
ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10 മണിക്ക് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ആയുർവേദ സെമിനാറും ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര മഹോത്സവത്തിന് മാറ്റുകൂട്ടും. രാത്രി ഏഴ് മണിക്ക് കെ.വി. സുമേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ തിരുവപ്പന മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിക്കും.
ജനുവരി ഒന്നിന് രാത്രി ഏഴ് മണിക്ക് വള്ളുവൻകടവ് മുത്തപ്പൻ വനിതാവേദി അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ അരങ്ങേറും. ജനുവരി രണ്ടിന് വൈകുന്നേരം ആറ് മണിക്ക് വനിതകളുടെ കോൽക്കളിയും ഉണ്ടായിരിക്കും. മൂന്നാം തീയതി രാത്രി ഏഴ് മണിക്ക് പുല്ലൂപ്പി മയൂഖം കലാവേദി അവതരിപ്പിക്കുന്ന കലാസന്ധ്യ ആഘോഷങ്ങൾക്ക് മിഴിവേകും.
നാലാം തീയതി രാവിലെ നാഗസ്ഥാനത്ത് പാമ്പൻമേക്കാവ് ഇല്ലത്ത് വല്ലഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ നിവേദ്യവും പൂജയും നൂറും പാലും സമർപ്പണവും നടക്കും. ജനുവരി അഞ്ചിന് രാവിലെ 10 മണിക്ക് കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
ആറാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് മുത്തപ്പൻ വെള്ളാട്ടവും തുടർന്ന് ഏഴ് മണിക്ക് കാഴ്ചവരവും എട്ട് മണിക്ക് ഭഗവതി വെള്ളാട്ടവും നടക്കും. രാത്രി 12 മണിക്ക് കലശം വരവോടെ ആഘോഷങ്ങൾ അതിന്റെ പാരമ്യത്തിലെത്തും. ഏഴാം തീയതി പുലർച്ചെ നാല് മണിക്ക് ഗുളികൻ തിറയും അഞ്ച് മണിക്ക് തിരുവപ്പനയും നടക്കും. ഉച്ചയ്ക്ക് ശേഷം കൊടിയിറക്കത്തോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് പരിസമാപ്തി കുറിക്കും.
വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മറ്റി ചെയർമാൻ അരിയമ്പാട്ട് അച്ചുതൻ, കൺവീനർ എം.കെ. രമേശൻ, ട്രഷറർ ടി. ഗംഗാധരൻ മാസ്റ്റർ, ചോറോൻ ഗോപാലൻ, രാജൻ അഴീക്കോടൻ, എം.ഒ. രാമകൃഷ്ണൻ പങ്കെടുത്തു.
#Valluvankadavu, #MuthappanFestival, #Thiruvappana, #AyurvedaCamp, #KannurFestival, #CulturalEvents