Malappuram | മലപ്പുറത്തിൻ്റെ മനസിൽ ഇടം പിടിക്കാൻ വസീഫിനാകുമോ? മലപ്പുറം മണ്ഡലത്തിൽ പ്രചാരണ ആയുധം പൗരത്വ ഭേദഗതി നിയമം!
Mar 30, 2024, 20:57 IST
/ നവോദിത്ത് ബാബു
മലപ്പുറം: (KVARTHA) പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുയരുന്ന ആശങ്കയും പ്രതിഷേധവും തങ്ങൾക്ക് അനുകൂലമായ വോട്ടായി മാറുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം. ന്യൂനപക്ഷ സംരക്ഷണത്തിൻ്റെ യഥാർത്ഥ ചാംപ്യൻമാർ തങ്ങളാണ് എന്നു തെളിയിക്കാനുള്ള വെപ്രാളമാണ് എൽ.ഡി.എഫ് കഴിഞ്ഞ ഒരു മാസമായി കേരളത്തിൽ നടത്തുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിയടക്കമുള്ളവരാണ് നേതൃത്വം നൽകുന്നത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്നാലും മുസ്ലിം ലീഗ് ജയിക്കുന്ന മലപ്പുറം മണ്ഡലത്തിൽ ആ പരിപ്പ് വേവുമോയെന്ന ചോദ്യമാണ് ഉയരുന്നത്.
മലപ്പുറം ഉൾപ്പെടെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഗ് എം.എൽ.എമാരാണുള്ളത്. 2009ലാണ് മഞ്ചേരിക്ക് പകരം മലപ്പുറം ലോക്സഭാ മണ്ഡലം നിലവിൽ വരുന്നത്. തുടർന്ന് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ആര് കോണി ചിഹ്നത്തിൽ മത്സരിച്ചാലും വിജയം ഉറപ്പായിരുന്നു. എന്നാൽ മഞ്ചേരി മണ്ഡലമായിരുന്ന കാലത്ത് ഒരിക്കൽ മാത്രം മുസ്ലിം ലീഗിൻ്റെ വിജയകുതിപ്പിന് തടയിടാൻ എൽ.ഡി.എഫിന് കഴിഞ്ഞിരുന്നു. മുസ്ലിം ലീഗിലെ കെ.പി.എ മജീദിനെ സി.പി.എം നേതാവ് ടി.കെ ഹംസ അട്ടിമറിച്ചു. മഞ്ചേരിയിൽ ആദ്യമായും അവസാനമായും അന്നാണ് ചെങ്കൊടി പാറിയത്. എന്നാൽ പിന്നീട് മഞ്ചേരി മാറി മലപ്പുറമായപ്പോൾ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ടി.കെ ഹംസയെ തന്നെ സിപിഎം വീണ്ടും ഇറക്കിയെങ്കിലും ഇ.അഹമ്മദിനോട് പരാജയപ്പെട്ടത് 2.99 ലക്ഷം വോട്ടുകൾക്കാണ്.
2014ൽ 1.34 ലക്ഷത്തിൻ്റെ ഭൂരിപക്ഷവുമായി ഇ. അഹമ്മദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ അഹമ്മദിൻ്റെ നിര്യാണത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഇവിടെ നിന്നും മത്സരിച്ചത്. 1.71 ലക്ഷത്തിൻ്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. 2019 ൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2.60 ലക്ഷമായി മാറി. 2021ൽ പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കാനായി രാജിവെച്ചപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗ് കളത്തിലിറക്കിയ അബ്ദുസമദ് സമദാനി ഒരു ലക്ഷത്തി പതിനാലായിരം വോട്ടുകൾക്കാണ് വിജയിച്ചത്. ഇത്തവണ മുതിർന്ന മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിനെയാണ് ലീഗ് മലപ്പുറത്ത് മത്സരിപ്പിക്കുന്നത്. പൊന്നാനിയിൽ സിറ്റിങ് എം.പിയായിരുന്ന അദ്ദേഹം മലപ്പുറത്തേക്ക് മാറുകയായിരുന്നു. ദീർഘകാലം ലോക്സഭയിലും നിയമസഭയിലും അംഗമായ ഇ.ടി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു.
ഇടതു പക്ഷം ഇക്കുറി മത്സരിക്കാൻ ഇറക്കിയിരിക്കുന്നത് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവായിരുന്ന വി. വസീഫിനെയാണ്. കോഴിക്കോട് ജില്ലക്കാരനായ വസീഫിന് ഇതു കന്നിയങ്കമാണ്. യുവതലമുറയുടെ പ്രതീകമെന്ന നിലയിൽ വസിഫിന് മലപ്പുറം മണ്ഡലത്തിൽ നിന്നും വോട്ടിങ് മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൽ സലാമാണ് ബി.ജെ.പി. സ്ഥാനാർത്ഥി മലപ്പുറം മണ്ഡലത്തിൻ്റെ ചരിത്രവും കണക്കുകളും ഇതുവരെ മുസ്ലിം ലീഗിന് അനുകൂലമാണ്. എന്നാൽ ലീഗിനെതിരെ പാർട്ടി അണികൾക്കിടെയിലും വോട്ടർമാർക്കിടെയിലും വിപ്രതിപത്തി നിലനിൽക്കുന്നുമുണ്ട്. ഇതു വോട്ടായി മാറ്റാനുള്ള ലക്ഷ്യവുമായാണ് എൽ.ഡി.എഫ് പ്രചരണം കൊഴുപ്പിക്കുന്നത്.
: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, V. Vaseef vs ET Muhammed Basheer fight in Malappuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.