Social Reform | വി ടി ഭട്ടതിരിപ്പാട് വിട വാങ്ങിയിട്ട് 43 വർഷം; സാമൂഹ്യ വിപ്ലവത്തിന്റെ തീക്കാറ്റ് പടർത്തിയ രണ്ടക്ഷരം


● നമ്പൂതിരി സമുദായത്തിലെ സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടി.
● മിശ്രഭോജനം, മിശ്രവിവാഹം, വിധവാ വിവാഹം തുടങ്ങിയ ആശയങ്ങളെ പിന്തുണച്ചു.
● 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം അദ്ദേഹത്തിന്റെ പ്രധാന കൃതിയാണ്.
● 1931ൽ അദ്ദേഹം കേരളത്തിന്റെ വടക്കേ അറ്റം വരെ ഒരു യാചനായാത്ര നടത്തി.
(KVARTHA) വി ടി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി ടി ഭട്ടതിരിപ്പാട് (വെള്ളിത്തിരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട്) ഈ ലോകത്തോട് വിടവാങ്ങിയിട്ട് 43 വർഷം തികയുന്നു. 1896 മാർച്ച് 26ന് കിടങ്ങൂർ കൈപ്പിള്ളി മനയിൽ ജനിച്ച ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, പ്രത്യേകിച്ച് തന്റെ സമുദായമായ നമ്പൂതിരി സമുദായത്തിൽ, അന്ന് നിറമാടിയിരുന്ന കാലഹരണപ്പെട്ടതും മനുഷ്യത്വരഹിതവുമായ ആചാര്യങ്ങൾ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുവാൻ മുൻകയ്യെടുത്തയാളാണ്.
സ്ത്രീകളെ മറക്കുടക്ക് ഉള്ളിൽ ഒതുക്കുന്ന പുരുഷ സർവ്വാധിപത്യം മൂലവും, നമ്പൂതിരിമാരുടെ ഇടയിൽ ഉണ്ടായ തെറ്റായ ആചാരങ്ങൾ മൂലവും സമുദായത്തിലെ സ്ത്രീകളും ഇളം തലമുറയിൽ പെട്ട വലിയ വിഭാഗം പുരുഷന്മാരും നിശബ്ദമായ പ്രതിഷേധത്തിൽ ആയിരുന്നു. ഇത്തരം സാമൂഹികമായ അനാചാരങ്ങൾ കൊടികുത്തി വാഴുമ്പോഴാണ് സമുദായത്തിലെ ഇത്തരം നീചമായ ആചാരങ്ങൾക്കെതിരെ യുദ്ധകാഹളം മുഴക്കി വി ടി ഭട്ടതിരിപ്പാട് രംഗത്ത് വരുന്നത്. സാമൂഹ്യ അനാചാരങ്ങൾക്കെതിരെ പൊരുതാൻ സമൂഹത്തിലുള്ള പുത്തൻ അറിവുകളാണ് അത്യാവശ്യം എന്ന് മനസ്സിലാക്കിയ വി ടി
കൂടുതൽ പഠിക്കാനായി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
ഇക്കാലത്ത് അദ്ദേഹം കേരളത്തിൽ വളർന്നു വന്നിരുന്ന പുരോഗമനവാദിയും വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവുമായ കുട്ടൻ നമ്പൂതിരിപ്പാടിനെ പരിചയപ്പെടാൻ ഇടയായി. ‘ഉണ്ണി നമ്പൂതിരി‘ എന്ന യോഗക്ഷേമ മാസികയുടെ പത്രാധിപത്യത്തിൽ ഇരുന്നുകൊണ്ട് മിതവാദികൾക്കും യാഥാസ്ഥിതികർക്കും നേരേ പടവാൾ ഓങ്ങിയ ആൾ ആയിരുന്നു കുമാരമംഗലത്ത് കുട്ടൻ നമ്പൂതിരി. ഈ കാലഘട്ടത്തിൽ ഈഴവരുട പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കുകൊള്ളുകയും അവരുടെ വീടുകളിൽ നിന്ന് സഹഭോജനം നടത്തുകയും ചെയ്തു. മിശ്രഭോജനം, മിശ്രവിവാഹം എന്നീ വിപ്ലവാശയങ്ങൾ അദ്ദേഹത്തിൽ കടന്നുകൂടാൻ ഇത് കാരണമായി.
വി ടിയെ സംബന്ധിച്ചിടത്തോളം നമ്പൂതിരി സമൂഹം നന്നേ അധ:പതിച്ചു കഴിഞ്ഞിരുന്നു. പ്രചാരണം നടത്തുകയല്ല വേണ്ടത് പ്രവർത്തിയിലൂടെ കാണിക്കുകയാണ് വേണ്ടത് എന്ന ഉറച്ച വിശ്വാസപ്രകാരം മിശ്രവിവാഹം, വിധവ വിവാഹം തുടങ്ങിയവക്ക് സ്വന്തം പ്രവർത്തനങ്ങളിലൂടെ വി ടി മാതൃക സൃഷ്ടിച്ചു അവിശ്വസനീയമായ വിപ്ലവം സൃഷ്ടിച്ചു. 1934 സെപ്റ്റംബർ 13ന് ഭാര്യാസഹോദരിയും വിധവയുമായ ഉമാ അന്തർജനത്തെ എംആർബിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച് വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു.
1940-ൽ സ്വന്തം സഹോദരി പാർവതി അന്തർജനത്തെ എൻ.കെ. രാഘവപ്പണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മിശ്രവിവാഹത്തിന് തിരികൊളുത്തി. അദ്ദേഹം വീണ്ടും ഏറ്റവും ഇളയ സഹോദരി പ്രിയദത്ത അന്തർജനത്തെ സി.പി.ഐ. നേതാവായിരുന്ന കല്ലാട്ട് കൃഷ്ണൻ എന്ന ഈഴവന് വിവാഹം ചെയ്തു കൊടുത്തു. 1931ൽ അദ്ദേഹം കേരളത്തിന്റെ വടക്കേ അറ്റം വരെ ഒരു യാചനായാത്ര നടത്തി. വി.ടിയെ സംബന്ധിച്ചിടത്തോളം ഒരാദ്ധ്യാത്മിക വിപ്ലവമായിരുന്നു ഉദ്ദേശ്യം. ഒരു മഹത്തായ സന്ദേശത്തിന്റെ പ്രചരണമാണ് അതുകൊണ്ട് സാധിച്ചത്. യാഥാസ്ഥിതികരുടെ ഇടയിൽ ഒരു ചലനം സൃഷ്ടിക്കാനും ഉറങ്ങിക്കിടന്ന സമുദായത്തെ ഒന്നു പിടിച്ചുണർത്താനും ഈ യാത്രകൊണ്ട് സാധിച്ചു.
യോഗക്ഷേമസഭക്കാരുടേയും നമ്പൂതിരി യുവജനസംഘത്തിന്റേയും ശ്രമഫലമായി ശരിയാക്കിയ ‘നമ്പൂതിരി ബില്ലിന്‘ യാഥാസ്ഥിതികരായ നമ്പൂതിരിമാരുടെ സമ്മർദം മൂലം കൊച്ചി രാജാവ് നിയമ സാധുത നൽകിയില്ല. ഇതിൽ പരിക്ഷീണിതരായ വി.ടിയും മറ്റും പ്രഹസനമെന്ന നിലയിൽ ഒരു നാടകം അവതരിപ്പിക്കാൻ ശ്രമം തുടങ്ങി. ഇതാണ് പ്രസിദ്ധമായ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്‘ എന്ന നാടകം. നമ്പൂതിരി വർഗ്ഗത്തിലെ സാമുദായിക അനാചാരങ്ങളെ പ്രഹസനവിധേയമാക്കുന്ന ആ നാടകം വിവിധ അരങ്ങുകളിൽ പ്രദർശിക്കപ്പെട്ടു. പ്രദർശനം ഒരു വൻ വിജയമായിരുന്നു.
ഘോഷാബഹിഷ്കരണം കഴിഞ്ഞശേഷം അന്തർജനങ്ങൾ മറക്കുട ഇല്ലാതെ ജാഥയായി വി ടി പ്രസംഗിച്ചിരുന്ന വേദിയിലേക്ക് കയറിച്ചെന്നത് അവിശ്വസനീയമായ വിപ്ലവമായിരുന്നു. വി.ടി.യെ സംബന്ധിച്ചിടത്തോളം ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. നമ്പൂതിരിയെ മനുഷ്യനാക്കുകയെന്ന ആശയവുമായി ജീവിതം മുഴുവൻ പോരാട്ടം നയിച്ച വി ടി 43 വർഷം മുൻപ് തൻ്റെ 86-ാമത് വയസ്സിൽ ഫെബ്രുവരി 12ന് ഈ ലോകത്തോട് വിട പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
V.T. Bhattathirippad, a legendary social reformer and playwright, passed away 43 years ago, leaving behind a powerful legacy of change in Kerala's society.
#Bhattathiripad, #SocialReform, #KeralaHistory, #NamboothiriReforms, #WidowMarriage, #LegacyOfChange