വി എസ് തന്നെ വിശ്വാസ്യതയുള്ള നേതാവെന്ന് എസ്എന്‍ഡിപിയുടെ രഹസ്യ യോഗം; പിന്മാറാന്‍ വെള്ളാപ്പള്ളിക്ക് ഉപദേശം

 


തിരുവനന്തപുരം: (www.kvartha.com 07/10/2015) കേരളത്തിലെ ഈഴവ സമുദായത്തില്‍ ഇപ്പോഴും ഏറ്റവും വിശ്വാസ്യതയുള്ള നേതാവ് വി എസ് അച്യുതാനന്ദനാണെന്ന് എസ്എന്‍ഡിപി യോഗത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ പൊതുസമൂഹത്തില്‍ വി എസിന്റെ വിശ്വാസ്യത മറ്റൊരു നേതാവിനും അവകാശപ്പെടാനാകില്ലെന്നും യോഗം വിലയിരുത്തിയതായാണു സൂചന.

ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയും ദേവസ്വം സെക്രട്ടറി ഡോ. സോമനും വിവിധ എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറിമാരും പങ്കെടുത്ത കോര്‍ കമ്മിറ്റി യോഗത്തിന്റേതാണ് ഈ നിരീക്ഷണം. ഇതേത്തുടര്‍ന്നാണ് വി എസുമായുള്ള ഏറ്റുമുട്ടല്‍ മയപ്പെടുത്താനും തന്ത്രപരമായി പിന്‍മാറാനും വെള്ളാപ്പള്ളി തീരുമാനിച്ചത്. വി എസുമായി തര്‍ക്കത്തിനില്ല എന്നു വെള്ളാപ്പള്ളി കീഴടങ്ങിയത് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാവുകയും നാണക്കേടാവുകയും ചെയ്‌തെങ്കിലും ഈ നിലപാട് തല്‍ക്കാലം തുടരാനാണ് തീരുമാനം. അതേസമയം ശ്രീനാരായണ സൈബര്‍ സേന മുഖേന സോഷ്യല്‍ മീഡിയയില്‍ വെള്ളാപ്പള്ളി വിരുദ്ധര്‍ക്കെതിരേ രൂക്ഷ പ്രതികരണം തുടരുകയും ചെയ്യും.

സംഘ്പരിവാറുമായി അടുക്കുകയും പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തീരുമാനിച്ചതിനു പിന്നാലെ വി എസ് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് വെള്ളാപ്പള്ളിയും തുഷാറും മറുപടി പറഞ്ഞിരുന്നു. വി എസിന്റെ മകന്‍ വി എ അരുണിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നതും മറ്റും ചൂണ്ടിക്കാട്ടി വി എസിനെ പ്രതിരോധത്തിലാക്കാനാണു ശ്രമിച്ചത്.

എന്നാല്‍ വി എസ് അതിശക്തമായി തിരിച്ചടിച്ചതോടെ വെള്ളാപ്പള്ളി വെട്ടിലായി. ഇതേത്തുടര്‍ന്നാണ് നേതൃയോഗം അനൗപചാരികമായി ചേര്‍ന്നതെന്ന് അറിയുന്നു. ഏഴു പതിറ്റാണ്ടിലധികമായി കേരളത്തിലെ സാമൂഹിക രംഗത്തുള്ള വി എസിന് സമുദായത്തിലും പുറത്തുമുള്ള നിലയും വിലയും മനസ്സിലാക്കാതെ പ്രതികരിക്കാന്‍ നിന്നാല്‍ കോട്ടം യോഗം നേതാക്കള്‍ക്കായിരിക്കും എന്നാണ് പൊതുവിലുണ്ടായ വികാരം. വി എസിനും സിപിഎമ്മിനുമെതിരേ കൂടുതല്‍ രൂക്ഷമായി തിരിച്ചടിക്കണം എന്ന് വെള്ളാപ്പള്ളിയെ ഉപദേശിച്ച താലൂക്ക് യൂണിയന്‍ സെക്രട്ടറിമാര്‍ ചുരുക്കമായിരുന്നു.

ഹിന്ദു പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിക്കുകയും അത് പിന്നീട് മതേതര പാര്‍ട്ടിയെന്നു മാറ്റുകയും ചെയ്ത വെള്ളാപ്പള്ളിയുടെ നീക്കങ്ങളില്‍ ബിജെപിക്കും ആര്‍എസ്എസിനും സംശയം തോന്നിത്തുടങ്ങിയെന്നും സൂചനകളുണ്ട്. എന്നാല്‍ ഈ നീക്കം തന്ത്രപരമാണെന്ന് അവരെ വിശ്വസിപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. 
വി എസ് തന്നെ വിശ്വാസ്യതയുള്ള നേതാവെന്ന് എസ്എന്‍ഡിപിയുടെ രഹസ്യ യോഗം; പിന്മാറാന്‍ വെള്ളാപ്പള്ളിക്ക് ഉപദേശം

Keywords: SNDP, Vellapally Natesan, V.S Achuthanandan, Kerala, V S Achuthanandan is one and only credible leader in Kerala?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia