കേരളത്തില്‍ നിന്നും ഏക പ്രതിനിധിയായി വി മുരളീധരന്‍ കേന്ദ്രമന്ത്രിസഭയില്‍; വികസന പ്രതീക്ഷയോടെ വടക്കന്‍ കേരളം

 


കണ്ണൂര്‍: (www.kvartha.com 30.05.2019) അക്രമരാഷ്ട്രീയത്തിന്റെ ചോരമണ്ണില്‍ നിന്നും കാവിരാഷട്രീയത്തിന്റെ നെറുകെയിലെത്തിയ വി മുരളീധരനെ ഒടുവില്‍ തികച്ചും അര്‍ഹതപ്പെട്ട കേന്ദ്രമന്ത്രി പദം തേടിയെത്തി. 1958ല്‍ തലശ്ശേരിയിലെ എരഞ്ഞോളിയിലെ വണ്ണാത്തന്‍ വീട്ടില്‍ ഗോപാലന്റെയും വെള്ളംവെള്ളി ദേവകിയുടെയും മകനായി ജനിച്ച വെള്ളംവള്ളി മുരളീധരന്റെ രാഷ്ട്രീയ ജീവിതം കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സ്‌കൂള്‍ പഠനകാലത്തു തന്നെ എബിവിപിയില്‍ സജീവമായ മുരളീധരന്‍ പിന്നീട് ആര്‍എസ്എസ് ശാഖയിലുമെത്തി.

അടിയന്തിരാവസ്ഥക്കാലത്ത് വിദ്യാര്‍ഥി പരിഷത്തിന്റെ തലശ്ശേരി താലൂക്ക് പ്രസിഡന്റായിരുന്നു. 79ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പിന്നീട് സംസ്ഥാന പ്രസിഡന്റായും മാറി. പിതാവിന്റെ മരണത്തോടെ കുടുംബം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സര്‍വിസില്‍ എല്‍ഡി ക്ലര്‍ക്കായി ചേര്‍ന്ന മുരളീധരന്‍ കണ്ണൂര്‍ ജില്ലാവ്യവസായ കേന്ദ്രത്തിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ തലശ്ശേരി താലൂക്കില്‍ സിപിഎം - ആര്‍എസ്എസ് കൊലപാതക രാഷ്ട്രീയം പിടിമുറുക്കിയ കാലയളവില്‍ എതിരാളികളുടെ നോട്ടപ്പുള്ളികളിലൊരാളായി അദ്ദേഹം മാറി.

ഇതോടെ സ്വന്തം നാട്ടില്‍ ഏറെക്കാലത്തേക്ക് കാലുകുത്താന്‍ കഴിയാതെയായി. ഇതിനിടെ സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് ഈ യുവനേതാവിനെ വേട്ടയാടാനും തുടങ്ങി. ഇതിനുശേഷം രണ്ടുമാസം പോലിസ് കസ്റ്റഡിയിലായ മുരളീധരന് വേണ്ടി എബിവിപി പ്രവര്‍ത്തകര്‍ ഡല്‍ഹിയല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ തടഞ്ഞിരുന്നു. ഒടുവില്‍ ജയില്‍ മോചിതനായ ശേഷം കോഴിക്കോട് ആര്‍ എസ് എസ് കാര്യാലയത്തില്‍ കഴിയേണ്ടി വന്ന മുരളീധരന്‍ എബിവിപിയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഡല്‍ഹിയിലേക്ക് തന്റെ തട്ടകം മാറ്റി.

എബിവിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മുരളീധരന്‍ ഗോവിന്ദാചര്യ, അനന്ത്കുമാര്‍, ജഗദ് പ്രകാശ്‌നദ്ദ, മുരളീധരറാവു തുടങ്ങിയവരോടൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. ബിജെപി ഭരണകാലത്ത് നെഹ്‌റു യുവക് കേന്ദ്രയുടെ അധ്യക്ഷനായും മുരളീധരന്‍ പ്രവര്‍ത്തിച്ചു. 1997ല്‍ കേരളത്തിലേക്ക് മടങ്ങിയ മുരളീധരന്‍ പിന്നീട് ഭാരതീയ ജനതാപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി മാറി. ഇപ്പോള്‍ കേന്ദ്രപദവി ലഭിക്കുന്ന മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയിലേക്ക് കേരളത്തില്‍ നിന്ന് തന്നെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് വി മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്റെ മന്ത്രി സ്ഥാനമെന്നും മുരളീധരന്‍ പ്രതികരിച്ചു. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്റെ സൂചനയായാണ് മോദി ടീമിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദിത്വം അതിന് അര്‍ഹിക്കുന്ന ഗൗരവത്തോടെ നിറവേറ്റാനുള്ള പരിശ്രമമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക. തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം കൈവരിച്ചു. സംസ്ഥാനങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നു. അത്തരത്തിലാണ് കേരളത്തില്‍ നിന്നുള്ള ഒരു പ്രതിനിധിയെ തെരഞ്ഞെടുത്തിനെ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്നും ഏക പ്രതിനിധിയായി വി മുരളീധരന്‍ കേന്ദ്രമന്ത്രിസഭയില്‍; വികസന പ്രതീക്ഷയോടെ വടക്കന്‍ കേരളം


Keywords:  Kerala, Kannur, News, V.Muraleedaran, NDA, Cabinet, Union minister, V Muralidharan joined 2nd Modi cabinet

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia