Arrested | ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ കണ്ണൂര്‍ സ്വദേശിയുടെ ഒന്നരകോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുപി സ്വദേശി അറസ്റ്റില്‍


കണ്ണൂര്‍: (KVARTHA) ഓണ്‍ ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ കബളിപ്പിച്ച് കണ്ണൂര്‍ സ്വദേശിയുടെ ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് സ്വദേശി അല്‍ക്കാമയാ(26)ണ് അറസ്റ്റിലായത്. കണ്ണൂര്‍ സൈബര്‍ ഇന്‍സ്പെക്ടര്‍ ഷാജുജോസഫിന്റെ നേതൃത്വത്തിലുളള സംഘമാണ് മുംബൈയില്‍ വച്ച് പ്രതിയെ പിടികൂടിയത്. നിരവധി പേര്‍ സംഘത്തിലുള്‍പ്പെട്ടതായി പൊലീസ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുളള സംഘങ്ങള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായുളള അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പിനിരയാക്കിയത്. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ചു കൂടുതല്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പു തുടങ്ങുന്നത്.
തുടക്കത്തില്‍ നല്‍കുന്ന പണത്തിനനുസരിച്ച് ലാഭത്തോടു കൂടി പണം ലഭിക്കുമെങ്കിലും പിന്നീട് ട്രേഡിങ് ചെയ്യുന്നതിനായി കൂടുതല്‍ പണം ആവശ്യപ്പെട്ട് പല കാര്യങ്ങള്‍ പറഞ്ഞ് പണം തിരികെ നല്‍കാതെ തട്ടിപ്പിനിരയാക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
തുടക്കത്തില്‍ പണം തിരികെ ലഭിക്കുന്നത് കൊണ്ട് പലരും ഇതില്‍ വിശ്വസിക്കുന്നു. പിന്നീട് കൂടുതല്‍ പണം നഷ്ടമുണ്ടാകുന്നതോടെയാണ് പലര്‍ക്കും തട്ടിപ്പാണെന്ന് മനസിലാകുന്നത്. 2024-ല്‍ മാര്‍ച്, ഏപ്രില്‍ മാസങ്ങളിലായാണ് കണ്ണൂര്‍ സ്വദേശിയുടെ ഒരുകോടി 57 ലക്ഷം രൂപ സംഘം തട്ടിയെടുത്തത്. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ഓണ്‍ ലൈന്‍ ട്രേഡ് നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ സൈബര്‍ പൊലീസ് മുന്നറിയിപ്പു നല്‍കി.