മുണ്ടു ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പുറത്താക്കി; നാട്ടുകാര്‍ സ്‌കൂള്‍ ഗേറ്റ് തകര്‍ത്തു

 


തൊടുപുഴ: (www.kvartha.com 21/08/2015) ഓണാഘോഷത്തോടനുബന്ധിച്ച് സ്‌കൂളില്‍ വെള്ള മുണ്ട് ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത് സംഘര്‍ഷത്തിന് കാരണമായി. മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കുള്‍ കുട്ടികളെയാണ് കേരളീയ രീതിയില്‍ വസ്ത്രം ധരിച്ചതിന് സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശനം നിഷേധിച്ചത്.

മിക്കവാറും സ്‌കൂളുകളില്‍ ഓണാവധിക്ക് സ്‌കൂള്‍ അടയ്ക്കുന്ന വെള്ളിയാഴ്ചയാണ് ഓണാഘോഷ പരിപാടികളും നടത്തിയത്. മുതലക്കോടം സ്‌കൂളിലും വെള്ളിയാഴ്ചയായിരുന്നു ഓണാഘോഷം. ഈ സ്‌കൂളിലെ നൂറ്റമ്പതോളം ആണ്‍കുട്ടികളാണ് മുണ്ട് ഉടുത്ത് എത്തിയത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇവരെ പുറത്താക്കി ഗെയിറ്റ് താഴിട്ട് പൂട്ടി. വിവരമറിഞ്ഞ് നാട്ടുകാരും വിദ്യാര്‍ഥി സംഘടനകളും രംഗത്ത് എത്തി. ഇവര്‍ താഴ് അടിച്ചുപൊളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയായി.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തൊടുപുഴ പോലിസില്‍ വിവരം അറിയിച്ചതനുസരിച്ച് എസ് ഐ യുടെ നേതൃത്വത്തില്‍ പോലിസ് സംഘവും സ്ഥലത്തെത്തി. ഒടുവില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ എത്തി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മുണ്ടുടുത്തവരെ ക്ലാസില്‍ കയറ്റാതെ സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറി ആഘോഷപരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ അനുവദിച്ചാണ് പ്രശ്‌നം തല്‍ക്കാലം പരിഹരിച്ചത്.

കഴിഞ്ഞവര്‍ഷത്തെ ഓണാഘോഷത്തിന് മുണ്ടുടുത്തെത്തിയ കുട്ടികള്‍ ആഘോഷപരിപാടികള്‍ അലങ്കോലപ്പെടുത്തുകയും സഭ്യമല്ലാത്ത പെരുമാറ്റം നടത്തുകയും ചെയ്തതിനാല്‍ സ്‌കൂള്‍ പി.ടി.എ ചേര്‍ന്ന് ഈ വര്‍ഷം നിര്‍ബന്ധമായും യൂനിഫോം ധരിച്ചെത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മുണ്ടു കര്‍ശനമായും നിരോധിച്ചതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
മുണ്ടു ധരിച്ചെത്തിയ വിദ്യാര്‍ഥികളെ പുറത്താക്കി; നാട്ടുകാര്‍ സ്‌കൂള്‍ ഗേറ്റ് തകര്‍ത്തു

Keywords: Mundu, Idukki, Kerala, Onam Celebration, Clash, Kerala, Thodupuzha, Students.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia