Unemployment | കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാളിരട്ടി; പിന്നെ മലയാളി എങ്ങനെ ഗള്‍ഫിലേക്ക് പറക്കാതിരിക്കും! കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലൊരു അന്വേഷണം


അര്‍ണവ് അനിത
(KVARTHA) കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ വെന്തുമരിച്ചതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല. മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനാണ്, കടംവാങ്ങിയും വായ്പയെടുത്തും വീടും കുടിയും വിറ്റോ, പണയം വച്ചോ പലരും വിദേശങ്ങളിലേക്ക് കുടിയേറുന്നത്. നല്ല ശമ്പളവും ശക്തമായ തൊഴില്‍ നിയമങ്ങളും ഉള്ളത് കൊണ്ടാണ് ജീവിതം കരുപ്പിടിപ്പിക്കാന്‍ കൂടുതല്‍ പേരും ഗള്‍ഫിനെ ആശ്രയിക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളയയ്ക്കുന്ന പണം. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് വരുമാനമാണ് ജി.സി.സി രാജ്യങ്ങള്‍ നമുക്ക് നല്‍കുന്നത്.
പ്രവാസി മലയാളികള്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്കയച്ചത് 2,16,893 കോടി രൂപയാണെന്ന് കണക്കുകള്‍ പറയുന്നു. 22 ലക്ഷം മലയളികളാണ് വിദേശങ്ങളില്‍ തൊഴിലെടുക്കുന്നതെന്ന് 2023ലെ കേരള മൈഗ്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. 2018ല്‍ 85,092 കോടി രൂപയായിരുന്നു നമുക്ക് ലഭിച്ചിരുന്ന എന്‍ആര്‍ഐ പണം. അഞ്ച് കൊല്ലം കഴിഞ്ഞപ്പോഴത് 154.9 ശതമാനം വര്‍ദ്ധിച്ചു. കോവിഡ് കാലത്ത് വലിയതോതിലുള്ള കുറവ് വന്നതിന് ശേഷമാണ് ഈ കുതിച്ചുചാട്ടമുണ്ടായത്. ഓരോ പ്രവാസിയും അയയ്ക്കുന്ന പണത്തിലും വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 37,058 കോടി രൂപയാണ് ഇത്തരത്തില്‍ അയച്ചതെന്ന് സര്‍വ്വേ പറയുന്നു. പണം കൂടിയെങ്കിലും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്നില്ല.
ജിസിസി രാജ്യങ്ങളില്‍ നിയമങ്ങള്‍ ശക്തമാണെങ്കിലും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളിലും കമ്പനികളിലും വലിയ രീതിയിലുള്ള ചൂഷണം നടക്കുന്നുണ്ട്. മലയാളികള്‍ നടത്തുന്ന ലേബര്‍ ക്യാമ്പിലെ ശോച്യാവസ്ഥയെ കുറിച്ച് എത്രയോ പേര്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മാന്യമായ ശമ്പളം, വൃത്തിയുള്ള താമസസ്ഥലം, ആഹാരം എന്നിവയൊന്നും കൊടുക്കാറില്ല. കമ്പനി നടത്തുന്ന വമ്പന്മാര്‍ക്ക് നാട്ടില്‍ വലിയ സ്വാധീനമുള്ളതിനാല്‍ പലരും പരാതി പറയാറുമില്ല. വിസ തട്ടിപ്പ് നടത്തുന്നതില്‍ ഭൂരിപക്ഷവും മലയാളികളാണെന്ന് മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കുവൈറ്റ് ദുരന്തത്തിനിരയായ മലയാളികള്‍ ജോലി ചെയ്തിരുന്നതും താമസിച്ചിരുന്നതും മലയാളിയുടെ കമ്പനിയിലും അവരൊരുക്കിയ താമസസ്ഥലത്തുമായിരുന്നു.
നാട് വിട്ട് പ്രവാസത്തിന് പോകുന്നത് ഇവിടെ തൊഴിലവസരങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ്. അതൊരുക്കേണ്ട സര്‍ക്കാരുകള്‍ ദുരന്തം വന്നശേഷം മുതലക്കണ്ണീര്‍ ഒലിപ്പിച്ചിട്ടോ, ധനസഹായം നല്‍കിയിട്ടോ കാര്യമില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ലത്. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമാണെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. തൊഴിലില്ലായ്മ കഴിഞ്ഞ കൊല്ലങ്ങളേക്കാള്‍ ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ അനുസരിച്ച് ദേശീയ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമാണ്. സംസ്ഥാനത്ത് ഇത് 7.0 ശതമാനമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നു.
തൊഴില്‍ മേഖലയിലെ തൊഴിലില്ലാത്ത വ്യക്തികളുടെ ശതമാനമാണ് തൊഴിലില്ലായ്മ നിരക്കായി പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ രേഖപ്പെടുത്തുന്നത്. ഇതനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2021-22 വര്‍ഷത്തില്‍ 4.2 ശതമാനമായിരുന്നത് 2022-23 വര്‍ഷത്തില്‍ 3.2 ശതമാനമായി കുറഞ്ഞു. തല്‍ഫലമായി കേരളത്തിലും കുറവുണ്ടായി. 10.1 ശതമാനത്തില്‍ നിന്ന് 7.0 ശതമാനമായാണ് കുറഞ്ഞത്. തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാര്‍ക്കിടയില്‍ 4.8 ശതമാനവും സ്ത്രീകള്‍ക്കിടയില്‍ 10.7 ശതമാനവുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
തൊഴിലന്വേഷകരുടെ എണ്ണം കുറഞ്ഞതായി സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്ചേഞ്ചുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 ഡിസംബര്‍ 31 വരെ ജോലി തേടുന്നവരുടെ എണ്ണം 34.9 ലക്ഷമായിരുന്നു. 2023 ജൂലൈയില്‍ ഇത് 28.6 ശതമാനമായിരുന്നു. ഏറ്റവും ഒടുവിലെ കണക്കുകള്‍ അനുസരിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം 28.4 ലക്ഷമാണ്. 2021ല്‍ 40.3 ലക്ഷം പേര്‍ ജോലിക്കായി അന്വേഷണം നടത്തിയിരുന്നു. 2023ല്‍ അവരുടെ എണ്ണത്തില്‍ കുറവാണുണ്ടായി. ദേശീയ തലത്തില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ സ്ത്രീകളാണ് തൊഴിലന്വേഷകരില്‍ മുന്നില്‍ നില്‍ക്കുന്നത്.
63.86 ശതമാനം സ്ത്രീകളാണ് തൊഴില്‍ തേടുന്നത്. എണ്ണം കുറയാന്‍ കാരണം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലെ നിയമനം രാഷ്ട്രീയ നിയമനങ്ങളായി അധപതിച്ചത് കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്. സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കാനുള്ള അധികാരം പിടിഎയ്ക്ക് നല്‍കുകയും ഭരണത്തിലിരിക്കുന്ന കക്ഷികള്‍ക്ക് താല്‍പര്യമുള്ളവരെ നിയമിക്കുകയും ചെയ്യുന്നെന്ന ആക്ഷേപം ശക്തമാണ്. എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയുള്ള നിയമനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2021ല്‍ 10,705 ഉദ്യോഗാര്‍ത്ഥികളായിരുന്നതെങ്കില്‍ 2022ല്‍ നിയമനം 14,432 ആയി ഉയരുകയായിരുന്നു.
പത്താംക്ലാസ് പാസാകാത്തവരില്‍ 6.5 ശതമാനം മാത്രമാണ് തൊഴിലിന് രജിസ്റ്റര്‍ ചെയ്തത്. എസ്.എസ്.എല്‍.സി പാസായവരാണ് രജിസ്റ്റര്‍ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പേരും. 43.4 ശതമാനം വരും ഇവര്‍. 2.5 ലക്ഷം പേരാണ് പ്രൊഫഷണല്‍, സാങ്കേതിക യോഗ്യതയുള്ള തൊഴിലില്‍ തേടുന്നത്. ഇതില്‍ 63.7 ശതമാനവും ഐടിഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദധാരികളാണ്. 45,932 എഞ്ചിനീയറിംഗ് ബിരുദധാരികളും, 8,308 മെഡിക്കല്‍ ബിരുദധാരികളും 1,81,757 എല്‍എല്‍ബിയടക്കമുള്ള മറ്റ് പ്രൊഫഷണല്‍ ബിരുദധാരികളും ഇക്കൂട്ടത്തിലുണ്ട്.
തിരുവനന്തപുരം ജില്ലയിലാണ് തൊഴില്‍ തേടുന്നവരുടെ എണ്ണം കൂടുതല്‍. 4.6 ലക്ഷം പേരാണ് തലസ്ഥാന ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് ലക്ഷം പേര്‍ സ്ത്രീകളും 1.6 ലക്ഷം പേര്‍ പുരുഷന്മാരും ഇക്കൂട്ടത്തില്‍പ്പെടുന്നു. കൊല്ലം ജില്ലയില്‍ 3.3 ലക്ഷം പേരാണ് തൊഴിലന്വേഷകരായുള്ളത്. ഏറ്റവും കുറവ് തൊഴിലന്വേഷകരുള്ള ജില്ല കാസര്‍ഗോഡാണ്. 0.8 ലക്ഷം പേര്‍.
സാമ്പത്തിക വികസനത്തിന് അത്യന്താപേക്ഷിത ഘടകമാണ് തൊഴില്‍ മേഖലയിലെ യുവാക്കളുടെ (15-29 വയസ്) സാന്നിധ്യം. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം സംസ്ഥാനത്തെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് നഗരപ്രദേശങ്ങളില്‍ 29.4 ശതമാനമാണ്. ഗ്രാമപ്രദേശങ്ങളില്‍ 27.9 ശതമാനവും. ഗ്രാമങ്ങളില്‍ 44.7 ശതമാനവും നഗരങ്ങളില്‍ 42.8 ശതമാനം യുവതികളും തൊഴിലില്ലാത്തവരാണ്. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് ഗ്രാമങ്ങളില്‍ 21.7 ഉം നഗരങ്ങളില്‍ 19.3 ശതമാനവുമാണ്.
ഇത് പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകള്‍ ഭരണതലത്തിലുണ്ടാകണം. സ്റ്റാര്‍ട്ടപ്പോ, മറ്റേതെങ്കിലും തൊഴില്‍ സംരംഭങ്ങളോ പാവപ്പെട്ടവര്‍ക്ക് തുടങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ടാവില്ല. ഉള്ളവര്‍ തുടങ്ങാന്‍ ഒരുങ്ങിയാലും നിയമങ്ങളുടെ നൂലാമാലകളും തൊഴിലാളി സംഘടനകളുടെ സംഘടിത ശക്തിയും കുഴപ്പങ്ങളുണ്ടാക്കുന്നത് പതിവാണ്. ഇക്കാര്യങ്ങളിലൊക്കെ ആദ്യം മാറ്റംവരുത്തുകയും മെച്ചമായ തൊഴില്‍ സാഹചര്യവും അന്തരീക്ഷവും ഒരുക്കുകയും വേണം.
sp മെച്ചമായ തൊഴില്‍ സാഹചര്യവും അന്തരീക്ഷവും ഒരുക്കണം