ചെങ്ങന്നൂര്‍ പിടിക്കാന്‍ യുഡിഎഫും ഉണരുന്നു; ഹസന്‍ രാഹുലിനെ കണ്ടതു മാത്രമല്ല തെളിവ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.02.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ഇതുവരെ തയ്യാറെടുപ്പുകള്‍ തുടങ്ങിയില്ലെന്ന പേരുദോഷം നീക്കാന്‍ യുഡിഎഫ്. ഇതിന്റെ ഭാഗമായാണ് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടത്. കെ കരുണാകരന്റെ ചരമ വാര്‍ഷിക സമ്മേളനത്തിനു ക്ഷണിക്കാന്‍ മാത്രമല്ല ചെങ്ങന്നൂരിലെ സാധ്യതകള്‍ വിശദീകരിക്കാന്‍ കൂടിയായിരുന്നു സന്ദര്‍ശനം. അതേസമയം രണ്ടുവട്ടം ചെങ്ങന്നൂരില്‍ വിജയിക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്ത പി.സി വിഷ്ണുനാഥിനെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട സംസാരമൊന്നും കൂടിക്കാഴ്ചയില്‍ ഉണ്ടായതായി സൂചനയില്ല. നിലവില്‍ എഐസിസി സെക്രട്ടറിയായ വിഷ്ണുനാഥിനു പകരം മുന്‍ മാവേലിക്കര എംഎല്‍എ എം മുരളി ഉള്‍പ്പെടെയുള്ളവരാണ് പരിഗണനയില്‍.


ചെങ്ങന്നൂര്‍ പിടിക്കാന്‍ യുഡിഎഫും ഉണരുന്നു; ഹസന്‍ രാഹുലിനെ കണ്ടതു മാത്രമല്ല തെളിവ്

പുറമേ പറയുന്ന കാരണം വിഷ്ണുനാഥ് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തെ എംഎല്‍എ മാത്രമായി ഇവിടെ ഒതുക്കി നിര്‍ത്താന്‍ താല്‍പര്യമില്ല എന്നൊക്കെയാണ്. പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ആവര്‍ത്തനം ഉണ്ടാകില്ലെന്ന് വിഷ്ണുനാഥിന് ഉറപ്പില്ല എന്നത് യഥാര്‍ത്ഥ കാരണമായി പുറമേയ്ക്കു വരാതെ നില്‍ക്കുന്നു. ഉപതെരഞ്ഞെടുപ്പുകളില്‍ പൊതുവേ ഭരണവിരുദ്ധ വികാരം കുറവാണ് എന്ന കേരളത്തിന്റെ മുന്‍കാല അനുഭവങ്ങളും എംഎല്‍എ മരിച്ചതുകൊണ്ടുണ്ടായ തെരഞ്ഞെടുപ്പ് എന്ന സ്വാഭാവിക സഹതാപവും എല്‍ഡിഎഫിന് അനുകൂലമായാലോ എന്നതാണ് വീണ്ടുവിചാരത്തിനു പിന്നില്‍. വിഷ്ണുനാഥ് തന്നെ മല്‍സരിക്കണം എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനോ ഉമ്മന്‍ ചാണ്ടി വിഭാഗത്തിനോ നിര്‍ബന്ധമൊന്നുമില്ല. ജില്ലാ യുഡിഎഫ് കണ്‍വീനര്‍ കൂടിയായ എം മുരളി എംഎല്‍എ എന്ന നിലയില്‍ മികവു തെളിയിച്ച നേതാവാണ്. ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത വക്താവ്; ആലപ്പുഴ ജില്ലക്കാര്‍ തന്നെയായ എ കെ ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായും നല്ല ബന്ധം. ഈ കാരണങ്ങള്‍ മുരളിക്ക് അനുകൂലമാകും.

യുഡിഎഫ് ഘടക കക്ഷിയായിരുന്ന എന്‍ഡിപി മല്‍സരിച്ചിരുന്ന ചെങ്ങന്നൂരില്‍ ഏറെക്കാലത്തിനുശേഷം കോണ്‍ഗ്രസ് മല്‍സരിച്ചു തുടങ്ങിയത് 1991ലാണ്. ആറന്മുള എന്‍ഡിപിക്ക് നല്‍കിയാണ് അന്ന് ചെങ്ങന്നൂര്‍ ഏറ്റെടുത്തത്. എന്നാല്‍ കെ കരുണാകരന്‍ ഹൈക്കമാന്‍ഡിലേക്ക് അയച്ച ലിസ്റ്റില്‍ ചെങ്ങന്നൂരില്‍ മല്‍സരിക്കാന്‍ ഉള്‍പ്പെടുത്തിയിരുന്ന നാട്ടുകാരനായ ഡി വിജയകുമാര്‍ അല്ല ശോഭനാ ജോര്‍്ജ്ജ് ആണ് പട്ടിക പുറത്തുവന്നപ്പോള്‍ സ്ഥാനാര്‍ത്ഥയായത്. ആ വിജയകുമാറും ഇപ്പോള്‍ വീണ്ടും പരിഗണനയിലുണ്ട്.

വിഷ്ണുനാഥ് മത്സരിക്കാതിരിക്കുകയും മുരളിയോ വിജയകുമാറോ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്താല്‍ ഒരിക്കല്‍ക്കൂടി മാറി നില്‍ക്കേണ്ടി വരുന്ന ഒരു നേതാവുണ്ട് ഇവിടെ. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ട് എ ബി കുര്യാക്കോസ്. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ പരിഗണനാ പട്ടികയില്‍ വന്നതും എന്നാല്‍ അന്തിമ പട്ടികയില്‍ വരാതിരുന്നതുമായ പേരാണ് ഈ ഉമ്മന്‍ ചാണ്ടി പക്ഷക്കാരന്റേത്. അത്ഭുതം സംഭവിച്ചാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ എബി കുര്യാക്കോസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കും. മുമ്പും എബിക്ക് ചെങ്ങന്നൂര്‍ സീറ്റ് ഉമ്മന്‍ ചാണ്ടി വാഗ്ദാനം ചെയ്തിരുന്നുവെന്നും വാക്ക് പാലിച്ചില്ലെന്നുമുള്ള അമര്‍ഷം മണ്ഡലത്തില്‍ പോസ്റ്ററുകളിലൂടെ പ്രകടമായത് നേതൃത്വം ശ്രദ്ധിക്കാതിരുന്നിട്ടില്ല. 'നാടിന്റെ നന്മയ്ക്ക് നാട്ടുകാരന്‍ സ്ഥാനാര്‍ത്ഥിയാകട്ടെ' എന്ന് പോസ്റ്ററുകളിലൂടെ പ്രചരിപ്പിക്കുകയുമാണുണ്ടായത്. ചെങ്ങന്നൂരിന്റെ വികസനത്തിനും ജനാധിപത്യ-മതേതര സംരക്ഷണത്തിനും കോണ്‍ഗ്രസിന്റെ ജയം അനിവാര്യമാണ് എന്നും പോസ്റ്ററുകള്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ ഡിസിസി ക്യാമ്പ് എക്സിക്യുട്ടീവ് നടന്നിരുന്നു. മണ്ഡലം, ബ്ലോക് പ്രസിഡന്റുമാര്‍,ഡിസിസി ഭാരവാഹികള്‍, ജില്ലയിലെ കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, ഭരണം ഇല്ലാത്തിടത്ത് പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത ക്യാമ്പില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു. പക്ഷേ, സീറ്റ് തിരിച്ചുപിടിക്കാനുള്ള വലിയ ആവേശമൊന്നും കണ്ടില്ല. എന്നാല്‍ എല്‍ഡിഎഫ് ക്യാമ്പ് ഉണര്‍ന്നതോടെ നില്‍ക്കക്കള്ളിയില്ലാതെ യുഡിഎഫും ഉണരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Politics, UDF, M.M Hassan, Rahul Gandhi, Election, Ramesh Chennithala, Oommen Chandy, Congress, UDF too awaking for Chengannoor fight.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia