Maha Sangam | യുഡിഎഫ് മഹാസംഗമത്തിന് ഒരുക്കങ്ങളായി; രാഹുല്‍ഗാന്ധി 18ന് കണ്ണൂരില്‍

 

കണ്ണൂര്‍: (KVARTHA) വടക്കന്‍ ജില്ലകളില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധിയെത്തുന്നു. ഏപ്രില്‍ 18 ന് രാവിലെ പതിനൊന്നര മണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യുഡിഎഫ് മഹാ സംഗമത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹാസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കണ്ണൂര്‍, കാസര്‍കോട്, വടകര നിയോജക മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനാണ് രാഹുല്‍ ഗാന്ധിയെത്തുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ യുഡിഎഫിനു വേണ്ടി പ്രചാരണത്തിനെത്തും.
മഹാസംഗമത്തിനെത്തുന്ന പ്രവര്‍ത്തകര്‍ക്ക് വാഹനങ്ങള്‍ പാര്‍കു ചെയ്യാനും മറ്റും പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ടെന്നും നഗരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

Maha Sangam | യുഡിഎഫ് മഹാസംഗമത്തിന് ഒരുക്കങ്ങളായി; രാഹുല്‍ഗാന്ധി 18ന് കണ്ണൂരില്‍

പരാജയഭീതിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളെ പല രീതിയിലും തടസപ്പെടുത്താന്‍ സിപിഎം ശ്രമിക്കുന്നതായി യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നു. അക്രമപ്രവര്‍ത്തനങ്ങളിലൂടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം നേതൃത്വം ബോധപൂര്‍വം ശ്രമിക്കുകയാണ്.

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതു കൊണ്ടു മാത്രം സിപിഎമിന്റെ ഗൂഢനീക്കം പുറംലോകമറിഞ്ഞു. സിപിഎമിന്റെ പാര്‍ടി ഗ്രാമങ്ങളില്‍ വന്‍തോതില്‍ ബോംബുകളും മാരകായുധങ്ങളും സംഭരിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാകുന്നില്ല. സമാധാനപരമായ പോളിംഗ് ഉറപ്പു വരുത്താന്‍ തിരഞ്ഞെടുപ്പു കമീഷന്‍ ഇടപെടണമെന്നും സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രസേനയുടെ പൂര്‍ണനിയന്ത്രണത്തിലാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, അഡ്വ. ടിഒ മോഹനന്‍, കെ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

Keywords: UDF prepares for Maha Sangam; Rahul Gandhi in Kannur on 18th, Kannur, News, UDF, Maha Sangam, Rahul Gandhi, Politics, Campaign, CPM, Press Meet, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia