Allegations | മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്; ‘സുജിത് ദാസ് മലപ്പുറത്ത് നിന്നും പോയതിന് ശേഷവും പോലീസുകാര്‍ കേസെടുക്കുന്ന രീതി മാറ്റിയിട്ടില്ല’
യു.ഡി.എഫ് ഉന്നയിച്ച കാര്യങ്ങൾ ശരിയായിരുന്നുവെന്നാണ് ഇപ്പോൾ ഭരണപക്ഷ എം.എൽ.എ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. സുജിത് ദാസ് ഐ.പി.എസ് ജില്ലയിൽ നിന്നും പോയതിന് ശേഷവും പോലീസുകാര്‍ കേസെടുക്കുന്ന രീതി മാറ്റിയിട്ടില്ല.
മലപ്പുറം: (KVARTHA) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും നേതൃത്വം നൽകിയിരുന്ന അധോലോകം പ്രവർത്തിക്കുന്നുവെന്ന ഭരണകക്ഷി എം.എൽ.എ പി.വി അൻവർ തന്നെ ഉന്നയിച്ച സാഹചര്യത്തിൽ, ആഭ്യന്തരവകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ജില്ലാ യു.ഡി.എഫ് ആവശ്യപ്പെട്ടു.
എ.ഡി.ജി.പി എം.ആർ അജിത്കുമാർ വിഭാഗീയതയുണ്ടാക്കാൻ കൂട്ടുനിന്നുവെന്ന ആരോപണം ഗുരുതരമാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. അജിത്കുമാറിന്റെ ശിഷ്യനാണ് മുൻ ജില്ലാ പോലീസ് മേധാവി സുജിത്ദാസ് എന്നും അൻവർ പറയുന്നുണ്ട്. മലപ്പുറം ജില്ലയുടെ പേര് കളങ്കപ്പെടുത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങൾ നേരത്തെ തന്നെ യു.ഡി.എഫ് പറഞ്ഞിരുന്നു.
ജനവിരുദ്ധനും ക്രിമിനലുമായ മുൻ എസ്.പി മൂന്നര വർഷക്കാലം ജില്ലയിൽ അഴിഞ്ഞാടി. പിഴയൊടുക്കേണ്ട കുറ്റത്തിൽ പോലും എഫ്.ഐ.ആർ ഇട്ട് കേസുകള്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നു എസ്.പി ചെയ്തുകൊണ്ടിരുന്നത്. അതിനെതിരെ യു.ഡി.എഫ് തെരുവിലുണ്ടായിരുന്നു.
യു.ഡി.എഫ് ഉന്നയിച്ച കാര്യങ്ങൾ ശരിയായിരുന്നുവെന്നാണ് ഇപ്പോൾ ഭരണപക്ഷ എം.എൽ.എ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. സുജിത് ദാസ് ഐ.പി.എസ് ജില്ലയിൽ നിന്നും പോയതിന് ശേഷവും പോലീസുകാര്‍ കേസെടുക്കുന്ന രീതി മാറ്റിയിട്ടില്ല. കേസിന്റെ എണ്ണം കുറഞ്ഞുപോകുന്നുവെന്ന ഭീതിയിൽ പെറ്റിക്കേസുകള്‍ പോലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും ജില്ലാ ചെയർമാൻ പി.ടി അജയ്‌മോഹൻ, കൺവീനർ അഷ്‌റഫ് കോക്കൂർ എന്നിവർ ആവശ്യപ്പെട്ടു