Blast Case | കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനം; ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി


● സ്‌ഫോടക വസ്തു നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കും
● സ്‌ഫോടനം നടന്ന് ചൊവ്വാഴ്ച ഒരു വര്‍ഷം തികയുന്ന അവസരത്തിലാണ് വകുപ്പ് ഒഴിവാക്കുന്നത്
● ഡൊമനിക് മാര്‍ട്ടിന്റേത് തീവ്രവാദ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കളമശ്ശേരി പൊലീസ് യുപിഎ ചുമത്തിയിരുന്നത്
കൊച്ചി: (KVARTHA) കളമശ്ശേരി സാമ്രാ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഏക പ്രതിയായി പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്ന ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ സ്‌ഫോടക വസ്തു നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കും. സ്‌ഫോടനം നടന്ന് ചൊവ്വാഴ്ച ഒരു വര്‍ഷം തികയുന്ന അവസരത്തിലാണ് ഡൊമിനിക് മാര്‍ട്ടിനെതിരായ യുഎപിഎ ഒഴിവാക്കുന്നത്.
യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഏപ്രിലിലാണ് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി ഡൊമനിക് മാര്‍ട്ടിന്റേത് തീവ്രവാദ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കളമശ്ശേരി പൊലീസ് യുപിഎ ചുമത്തിയിരുന്നത്.
ഒക്ടോബര്‍ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. സംഭവത്തില്‍ എട്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിലാണ് സ്ഫോടനമുണ്ടായത്. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പാണ് സ്ഫോടനം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് മാര്‍ട്ടിന്‍ നല്‍കിയ മൊഴി എന്ന് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
സ്ഫോടനം നടത്താന്‍ വേണ്ടി രണ്ട് ഐഇഡി ബോംബുകളാണ് മാര്‍ട്ടിന്‍ നിര്‍മിച്ചത്. ഇത് രണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ നിര്‍ണായക തെളിവുകളായ റിമോട്ടുകള്‍ കൊടകര പൊലീസ് നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് മാര്‍ട്ടിന്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. സ്‌ഫോടനം നടത്താന്‍ ആവശ്യമായ വസ്തുക്കള്‍ തൃപ്പൂണിത്തുറയിലെ പടക്ക കടയില്‍ നിന്നാണ് വാങ്ങിയതെന്നും മാര്‍ട്ടിന്‍ നല്‍കിയ മൊഴിയില്‍ സൂചിപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഡൊമിനിക്ക് മാര്‍ട്ടിന്‍ സ്വയം പൊലീസിന് മുന്‍പാകെ കീഴടങ്ങുകയായിരുന്നു.
സംഭവം നടക്കുന്ന ദിവസം രാവിലെ 7 : 30 ന് ആദ്യം പ്രാര്‍ഥന നടക്കുന്ന സ്ഥലത്ത് പോയി. പിന്നീട് അവിടെനിന്ന് പുറത്തിറങ്ങി. ബോംബിനൊപ്പം ഹാളില്‍ പെട്രോളും വച്ചിരുന്നു. ബോംബ് വെച്ച ശേഷം പ്രാര്‍ത്ഥന നടക്കുന്ന ഹാളില്‍ നിന്നുമിറങ്ങി കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുറകിലേക്ക് പോകുകയും, അവിടെ ഇരുന്ന് ബോംബ് സ്ഫോടനം നടത്തുകയുമായിരുന്നു. സ്ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ ഇവിടെനിന്ന് ബൈക്കില്‍ പുറത്തേക്ക് പോയി എന്നും ഡൊമിനിക് മാര്‍ട്ടിന്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
#KalamasseryBlast #UAPA #KeralaNews #DominicMartin #JehovahsWitness