രണ്ട് വിഷമഴ ഇരക്കുരുന്നുകൾ കൂടി വിടവാങ്ങിയതോടെ സർകാറിനെതിരെ വിമര്‍ശം

 


സൂപ്പി വാണിമേൽ

കാസർകോട്: (www.kvartha.com 28.12.2021) എൻഡോസൾഫാൻ ദുരിത മേഖലയിലെ രോഗികളായ രണ്ടു കുട്ടികൾ കൂടി മരിച്ചു. കാഞ്ഞങ്ങാട് അജാനൂരിലെ മൊയ്തു-മിസ്‌രിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഇസ്മാഈൽ (11), അമ്പലത്തറ മുക്കുഴിയിലെ മനു-സുമിത്ര ദമ്പതികളുടെ മകൾ അമേയ(അഞ്ച്) എന്നിവരാണ് മരിച്ചത്.
 
രണ്ട് വിഷമഴ ഇരക്കുരുന്നുകൾ കൂടി വിടവാങ്ങിയതോടെ സർകാറിനെതിരെ വിമര്‍ശം

മംഗളൂരു ദേർളക്കട്ട യേനപൊയ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ് ഇസ്മാഈൽ. ദലിത് വിഭാഗത്തിൽ പെട്ട കുട്ടിയായ അമേയ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലാണ് മരിച്ചത്.

ഇരകളുടെ മരണത്തെത്തുടർന്ന് മുഖ്യമന്ത്രിക്കും സർകാറിനും എതിരെ രൂക്ഷ വിമർശമാണ് ഉയരുന്നത്. നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ ഡോ. അംബികാസുതൻ മാങ്ങാട് ചെന്നൈയിൽ നിന്ന് പ്രതികരിക്കുന്നത് ഇങ്ങിനെ: 'എൻഡോസൾഫാൻ ദുരിത ബാധിതരുടെ ലിസ്റ്റിൽ ഉള്ള കുട്ടിയാണ് മുഹമ്മദ് ഇസ്മാഈൽ. നിരവധി തവണ ആശുപത്രികളിൽ കഴിയേണ്ടി വന്നു. യേനപൊയയിൽ ചികിത്സാ സഹായം കേരള സർകാർ അവസാനിപ്പിച്ചപ്പോൾ ഈ കുഞ്ഞടക്കം കുഞ്ഞുങ്ങൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടപ്പോൾ എൻഡോസൾഫാൻ പീഡിത മുന്നണി പോരാളികളായ അമ്പലത്തറ കുഞ്ഞികൃഷ്ണനും മുനീസയും മറ്റും ചെന്ന് കലക്ടറേററിൽ ബഹളമുണ്ടാക്കിയ ശേഷമാണ് രണ്ട് മാസം മുമ്പ് വീണ്ടും അവിടെ ചികിത്സ കിട്ടിയത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട റമഡിയൽ സെൽ ഒന്നര വർഷമായി പ്രവർത്തിക്കുന്നില്ല.

മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിച്ചിട്ടില്ല. 2016 ൽ ഇലക്ഷന് മുമ്പ് ഈ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചും മധുര നാരങ്ങകൾ വിതരണം ചെയ്തും വലിയ പ്രതീക്ഷ നൽകി അധികാരത്തിൽ വന്ന സർകാരാണ് ഇപ്പോഴുള്ളത്. എയിംസ് അനുവദിക്കാനും, 2013 ൽ പണി തുടങ്ങിയ മെഡികൽ കോളജ് പ്രവർത്തിച്ചു തുടങ്ങാനും നിരവധി വർഷങ്ങളായി സമരം നടക്കുന്നു. ഇന്നലെ മുഖ്യമന്ത്രി ജില്ലയിൽ എത്തിയെങ്കിലും എയിംസിന്റെ കാര്യമോ ദുരിത ബാധിതർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല.
ഇത് ഒരു സാധാരണ മരണമല്ല. കാൽ നൂറ്റാണ്ട് കാലം മാറി മാറി വന്ന ഭരണകൂടങ്ങളുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു കുഞ്ഞാണിത്.

നിരവധിയായ കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞ്. ഈ കുഞ്ഞിന് നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ ജീവിക്കാൻ ഉള്ള അവകാശം നിഷേധിക്കപ്പെട്ടു.
മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു കുഞ്ഞ് കൂടി. കുഞ്ഞാറ്റ എന്ന് എല്ലാവരും വിളിച്ച അഞ്ചു വയസ്സുകാരി അമേയ. ഞങ്ങളുടെ സ്നേഹ വീട്ടിലെ ഓമന. തല വലുതായ കൂട്ടി. അവിടെ പോകുമ്പോഴൊക്കെ കാണുന്ന കുഞ്ഞാണ്. പല ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ആറ് മാസം മുമ്പ് ഈ കുഞ്ഞിനെ തിരുവനന്തപുരത്ത് ശ്രീ ചിത്രയിൽ കുറച്ച് മനുഷ്യ സ്നേഹികളുടെ സഹായത്തോടെ എത്തിച്ച് ചികിസിച്ചിരുന്നു. കിഡ്നി തകരാറായി മരിച്ചു. ദുരിത ബാധിതരുടെ പട്ടികയിൽ പെടാത്തതിനാൽ ചികിൽസാ സഹായം സർകാർ നൽകുന്നില്ല. 2016 ൽ തിരുവനന്തപുരത്ത് നടത്തിയ സമരത്തിൽ മുഖ്യമന്ത്രി തന്ന ഉറപ്പു് വർഷംതോറും മെഡികൽ ക്യാംപ് നടത്താം എന്നാണ്. നാലു വർഷമായി മെഡികൽ ക്യാംപ് നടക്കുന്നില്ല. പിന്നെ എങ്ങനെ കുഞ്ഞാറ്റയെപ്പോലുള്ള കുഞ്ഞുങ്ങൾ പട്ടികയിൽ വരും.

2017ലെ ക്യാംപിൽ തിരഞ്ഞെടുക്കപ്പെട്ട 511 തീരെ വയ്യാത്ത കുട്ടികളെ ലിസ്റ്റിൽ നിന്നും പുറത്താക്കിയപ്പോൾ നീണ്ട സമരം നടന്നു. അങ്ങനെയാണ് ആ 511 കുട്ടികൾ ലിസ്റ്റിൽ വന്നത്. അമ്പലത്തറ സ്നേഹവീട്ടിൽ നാല്പതിലധികം ദുരിത ബാധിതരായ കുഞ്ഞുങ്ങൾക്ക് തണലിന്റെ സഹായത്തോടെ എട്ടു തരത്തിലുള്ള സൗജന്യ തെറാപി നൽകുന്നുണ്ട്. മനുഷ്യ സ്നേഹികളുടെ സഹായത്തോടെ നടക്കുന്ന, സർകാർ ഫൻഡില്ലാതെ നടക്കുന്ന സ്ഥാപനമാണിത്. കുഞ്ഞുങ്ങൾക്കും അമ്മമാർക്കും വലിയ ആശ്വാസമാണ് ഈ പകൽ വീട്.
കഴിഞ്ഞ മാസം എയിംസിന് വേണ്ടി ഇവിടെ ആയിരങ്ങൾ അണിനിരന്ന ബഹുജന റാലി നടന്നു. പിറ്റേന്ന് ആരോഗ്യ മന്ത്രി ഓടിയെത്തി പ്രഖ്യാപിച്ചു. ഡിസംബർ ആദ്യവാരം മെഡി.കോളജ് ഒ പി. ആരംഭിക്കും എന്ന് (രണ്ട് കൊല്ലം മുമ്പ് ഒരു സമര സന്ദർഭത്തിൽ ശൈലജ ടീചെറും ഇത് പോലെ മാർചിൽ തുടങ്ങും എന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം ഒന്നരക്കൊല്ലം കടന്നു....ഒന്നും നടന്നില്ല.

കാസർകോട് നിങ്ങൾക്ക് ജാഥ തുടങ്ങാനുള്ള സ്ഥലമല്ലേ. ഇന്നലെ മുഖ്യമന്ത്രി മെഡികൽ കോളജിനെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്നു തന്നെ ജനങ്ങൾ വിശ്വസിച്ചു. സമരം നടത്തുന്നവരെ മുഖ്യമന്ത്രി കാണാതിരിക്കാൻ ഇന്നലെ പൊലീസ് മനുഷ്യ മതിൽ നിർമിച്ചു - അംബികാസുതൻ പറഞ്ഞു.

കുഞ്ഞാറ്റയെന്ന ഓമനപ്പേരുള്ള അമേയയുടെ മൃതദേഹത്തിനരികിൽ നിന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണൻ: കഴിഞ്ഞ ദിവസം ജില്ലയിൽ മുഴുവൻ സമയം ഉണ്ടായിട്ടും എൻഡോസൾഫാൻ ഇരകളുടെ ദുരിതം കേൾക്കാൻ പത്ത് മിനിറ്റ് സമയം അനുവദിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല.

ഹൈടെക് ഓഫീസും കല്യാണവും പാലങ്ങളും ഒക്കെയാവുമ്പോൾ സുന്ദരമല്ലാത്ത മുഖങ്ങളെക്കുറിച്ച് എന്തിന് ഓർക്കണം? നവകേരള യാത്രയ്ക്ക് മുമ്പ് കെട്ടിപ്പിടിക്കാൻ മറന്നില്ല. അന്ന് വിതരണം ചെയ്ത മധുര നാരങ്ങയുടെ ഓർമ മാഞ്ഞ് പോകാൻ സാധ്യതയില്ല. കാസർകോട് വന്ന് കാണാൻ സമയമില്ലെങ്കിൽ ഞങ്ങൾ വരുന്നു അനന്തപുരിയിലേക്ക്. പറയട്ടെ ഇനിയുള്ളത് അവസാനത്തെ യാത്ര തന്നെയായിരിക്കും. ഞങ്ങളുടെ കുഞ്ഞുങ്ങൾ ദിവസവും കരിഞ്ഞു തീരുമ്പോൾ ആരെ ഭയപ്പെടണം?.

Keywords:  Kerala, News, Kasaragod, Top-Headlines, Endosulfan, Death, Child, Goverment, Protest, Two more Endosulfan victims died in Kasaragod.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia