SWISS-TOWER 24/07/2023

അമ്മയുടെ മരണമറിഞ്ഞെത്തിയ മകളും ഭര്‍ത്താവും കാര്‍ മറിഞ്ഞ് മരിച്ചു

 


ഇടുക്കി: (www.kvartha.com 20/08/2015) അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് മകളും ഭര്‍ത്താവും മരിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ കട്ടപ്പന  കുട്ടിക്കാനം സംസ്ഥാനപാതയില്‍ ഏലപ്പാറ ചിന്നാര്‍ മൂന്നാംമൈലിലുണ്ടായ അപകടത്തില്‍ തിരുവനന്തപുരം പാപ്പനംകോട് കരിമം ഉത്രാടംഭവനില്‍ പ്രദീപ് (ചന്ദ്രന്‍ 50), ഭാര്യ റെജി (വിജയശ്രീ 46) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഇവരുടെ മൂത്ത മകന്‍ അഖില്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

വിജയശ്രീയുടെ മാതാവ് നെടുങ്കണ്ടം മുണ്ടിയെരുമ ബ്ലോക്ക് നമ്പര്‍ 89ല്‍ കൃഷ്ണമ്മയുടെ മരണവിവരമറിഞ്ഞ് തിരുവനന്തപുരത്തുനിന്നും നെടുങ്കണ്ടത്തേക്കു വരുന്നതിനിടെയാണ് അപകടമുണ്ടായത്. വളവില്‍ എതിരെവന്ന വാഹനത്തിനു സൈഡുകൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ 150 അടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു.

കാര്‍ കൊക്കയില്‍ പതിക്കുന്ന ഒച്ച കേട്ട് സമീപ വാസികള്‍ ഉണര്‍ന്നെത്തിയപ്പോഴേക്കും അഖില്‍ സഹായമഭ്യര്‍ത്ഥിച്ച് റോഡില്‍ എത്തിയിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കാറില്‍ കുടുങ്ങിയ വിജയശ്രീയെ റോഡിലെത്തിച്ച് പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ അമ്പതടി താഴ്ചയില്‍നിന്ന് ചന്ദ്രനെ കണ്ടെടുത്തു. ചന്ദ്രനെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റിലും എത്തിച്ചുവെങ്കിലും രണ്ട് പേരെയും രക്ഷിക്കാനായില്ല. പീരുമേട് സി.ഐ പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പീരുമേട്, ഉപ്പുതറ പോലീസും കട്ടപ്പന ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. വിദേശത്തായിരുന്ന ചന്ദ്രന്‍ എട്ടുവര്‍ഷമായി തിരുവനന്തപുരത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി നടത്തുകയാണ്.

എംടെക് കാരനായ അഖിലിനെകൂടാതെ അലന്‍ എന്ന ഒരുമകന്‍കൂടിയുണ്ട്. അലന്‍ പഞ്ചാബ് ലുധിയാനയില്‍ ബിടെക് വിദ്യാര്‍ഥിയാണ്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ചന്ദ്രന്റെയും വിജയശ്രീയുടെയും സംസ്‌കാരം കൃഷ്ണമ്മയുടെ സംസ്‌കാരത്തിനൊപ്പം ഇന്നലെ വൈകുന്നേരം അഞ്ചോടെ മുണ്ടിയെരുമയിലെ തറവാട്ടുവീട്ടില്‍ നടത്തി.

UPDATED
അമ്മയുടെ മരണമറിഞ്ഞെത്തിയ മകളും ഭര്‍ത്താവും കാര്‍ മറിഞ്ഞ് മരിച്ചു
അപകടത്തില്‍ മരിച്ച ചന്ദ്രനും ഭാര്യ വിജയശ്രീയും

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia