ഇന്‍ഫോപാര്‍ക്കിന് സമീപം സിമന്റ് ലോറി പാഞ്ഞുകയറി കോളജ് വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടുമരണം

 


കൊച്ചി: (www.kvartha.com 14.09.2015) കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം സിമന്റ് ലോറി പാഞ്ഞുകയറി കോളജ് വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടുമരണം. രാജഗിരി കോളജിലെ ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയും നെടുമ്പാശേരി സ്വദേശിനിയുമായ മിയ ജയ് (18), ബൈക്ക് യാത്രക്കാരന്‍ പ്രതാപന്‍ എന്നിവരാണ് മരിച്ചത്. തലയിലൂടെ ലോറി കയറിയിറങ്ങിയ മിയ സംഭവസ്ഥലത്തു വെച്ചും പ്രതാപന്‍ സ്വകാര്യ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് അപകടം നടന്നത്.

കാക്കനാട്ടെ നിര്‍മ്മാണ സ്ഥലത്തേക്ക് തമിഴ്‌നാട്ടില്‍ നിന്ന് സിമന്റുമായി എത്തിയ ലോറി നിയന്ത്രണം
വിട്ട് കോളജിലേക്ക് പോകുന്നതിനായി റോഡ് ക്രോസ് ചെയ്ത് ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്ന മിയയെയും സുഹൃത്ത് ആന്‍ഡ്രിയയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മിയയുടെ തലയിലൂടെയാണ് ലോറി കയറിയിറങ്ങിയത്. ആന്‍ഡ്രിയ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിന്റെ  വശത്ത് ബൈക്ക് നിര്‍ത്തി സംസാരിക്കുകയായിരുന്ന പ്രതാപനെയും സുഹൃത്തിനെയും ഇടിച്ച ശേഷമാണ് ഒടുവില്‍ ലോറി നിന്നത്.

രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രതാപനെ രക്ഷിക്കാനായില്ല. അപകടത്തില്‍പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ലോറിയില്‍ ക്ലീനര്‍ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ രാജപാളയം സ്വദേശി ശിവനെ (50) പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സീറോഡ് എയര്‍പോര്‍ട്ട് റോഡില്‍ നിരന്തരം അപകടങ്ങളുണ്ടാകുന്നതില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരും ഡിവൈഎഫ്‌ഐയും റോഡ് ഉപരോധിച്ചു.

Keywords:  Two killed as tanker rams into roadside kiosk, Kochi, Girl students, Hospital, Treatment, Passenger, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia