അപൂര്‍വമായൊരു നായക്കല്യാണം; കോടി ഉടുത്ത്, ഹാരമണിഞ്ഞ് ആക്‌സിഡിനും ജാന്‍വിക്കും പുതു ജീവിതം!
Sep 20, 2021, 11:59 IST
തൃശ്ശൂര്‍: (www.kvartha.com 20.09.2021) കന്നിമാസത്തിലെ ശുഭമുഹൂര്‍ത്തതില്‍ അപൂര്‍വമായൊരു നായക്കല്യാണത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പുന്നയൂര്‍ക്കുളം. രാവിലെ 11 നും 12 നുമിടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ വാടാനപ്പിള്ളി സ്വദേശികളായ ഷെല്ലിയുടെയും മക്കളുടെയും പ്രിയ വളര്‍ത്തുനായയായ ആക്‌സിഡിന്റെയും ജാന്‍വിയുടെയും വിവാഹമാണ്.
പുന്നയൂര്‍ക്കുളത്തെ കുന്നത്തൂര്‍മന ഹെറിറ്റേജിലാണ് ജാന്‍വിയുടെയും ആക്‌സിഡിന്റെയും വിവാഹം. ബീഗിള്‍ ഇനത്തില്‍പ്പെട്ട ആക്‌സിഡിനൊരു തുണവേണമെന്ന ഷെല്ലിയുടെയും ഭാര്യ നിഷയുടെയും ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു വിവാഹത്തിലെത്തിയത്.
ഷെല്ലിയുടെ മക്കളായ ആകാശിന്റേയും അര്‍ജുന്റേയും പൊന്നോമനയായ ആക്‌സിഡിന് അനുയോജ്യയായ ഇണയെ തേടിയുള്ള അന്വേഷണത്തിലായിരുന്നു ഇത്രയും നാള്‍. മൂന്ന് മാസം മുമ്പ് തന്നെ ആക്‌സിഡിന് വേണ്ടി ഷെല്ലിയും ഭാര്യ നിഷയും 'പെണ്ണന്വേഷിച്ച്' തുടങ്ങിയിരുന്നു. ഒടുവില്‍ ഒന്നര വയസ്സുകാരി ജാന്‍വിയെ കണ്ടെത്തി. ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ ആക്‌സിഡും ജാന്‍വിയും ഇഷ്ടത്തിലായതോടെ വിവാഹം ഉറപ്പിച്ചുവെന്ന് ഇവര്‍ പറയുന്നു. പിന്നാലെ വിവാഹം കന്നിമാസത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ സേവ ദ ഡേറ്റ്, പ്രീവെഡിംഗ് ഫോടോ ഷൂട്, കോസ്റ്റ്യും ഡിസൈനിംഗ് ഇങ്ങനെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് മാസം ഒന്നായി. ഷെല്ലിയുടെ മക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സേവ് ദ ഡേറ്റ് വീഡിയോ വൈറലായിരുന്നു. പ്രായം തികഞ്ഞ ഞങ്ങളിവിടെ നില്‍ക്കുമ്പോഴാണോ നായയുടെ കല്യാണം എന്ന കുറിപ്പോടെയാണ് ഇവര്‍ വീഡിയോ പങ്കുവച്ചിരുന്നത്.
ആക്‌സിഡിന്റേയും ജാന്‍വിയുടേയും വിവാഹം കെങ്കേമമായിട്ടാണ് നടത്തുന്നത്. പൂമാലകളാല്‍ അലങ്കരിച്ച കതിര്‍മണ്ഡപത്തില്‍ വധൂവരന്മാരെ ഇരുത്തും. രണ്ടുപേരുടേയും കഴുത്തില്‍ മാലയും അണിയിക്കും. പ്രത്യേക വിവാഹ വേഷവും ഇതിനകം തയ്യാറാണ്. സില്‍ക് ഷര്‍ടും മുണ്ടുമാണ് ആക്‌സിഡിന്റെ വേഷം. കസവില്‍ നെയ്ത പട്ടുപാവാടയണിഞ്ഞ് ജാന്‍വിയും എത്തും. തുടര്‍ന്ന് കഴുത്തില്‍ ഹാരമണിയിച്ച് വിവാഹം നടത്തും.
50 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. വധൂവരന്മാരുടെ ഇഷ്ട ഭക്ഷണമായ ചികെന്‍ ബിരിയാണിയും ഫ്രൈയുമാണ് ഉച്ച ഭക്ഷണം. ചടങ്ങുകള്‍ക്കും ആഹാരത്തിനും ശേഷം ആക്‌സിഡിന്റെ വീടായ വാടനപ്പിള്ളിയിലേക്ക് ഇരുവരും കുടുംബത്തോടൊപ്പം പോകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.