New License | ലൈസൻസ് കിട്ടിയ ആദ്യ ദിവസം തന്നെ ട്രിപ്പിൾ യാത്ര; പിന്നീട് സംഭവിച്ചത്
● പിടിവീണത് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി 'ചിലവ്' ചെയ്യാനുള്ള യാത്രയ്ക്കിടെ.
● ഹെല്‍മറ്റ് ധരിക്കാത്തതും വിനയായി.
● വിദ്യാര്‍ഥികളോട് ഡ്രൈവിങ് ബോധവല്‍ക്കരണ ക്ലാസില്‍ പോകാനും നിര്‍ദേശിച്ചിട്ടുണ്ട്.
കൊച്ചി: (KVARTHA) കയ്യില്‍ കിട്ടിയ ദിവസം തന്നെ ബൈകില്‍ ട്രിപ്പിള്‍ യാത്ര ചെയ്തതിന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും 3000 രൂപ പിഴ ഈടാക്കിയതിന്റെയും ഞെട്ടിലില്‍ ആണ് തൃക്കാക്കരയിലെ കോളജ് വിദ്യാര്‍ഥികള്‍. ലൈസന്‍സ് കയ്യില്‍ കിട്ടിയതോടെ ചിലവ് ചെയ്യണമെന്ന സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ബൈക്കില്‍ ട്രിപ്പിള്‍ യാത്ര ചെയ്ത് നിയമ ലംഘനം നടത്തിയതാണ് വിനയായത്. മാത്രമല്ല, ഹെല്‍മറ്റ് ധരിക്കാത്തതും പിഴയ്ക്ക് കാരണമായി.
രാവിലെയാണ് വിദ്യാര്‍ഥിക്ക് തപാല്‍ വഴി ലൈസന്‍സ് കയ്യില്‍ കിട്ടിയത്. കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഉച്ചയോടെ ആറംഗ സംഘം രണ്ടു ബൈക്കുകളിലായി 'ചെലവ്' ചെയ്യാനുള്ള യാത്ര തുടങ്ങി. ബൈക്ക് ഓടിക്കുന്ന രണ്ടു പേര്‍ക്ക് മാത്രമേ ഹെല്‍മെറ്റ് ഉള്ളൂ. ഇരു ബൈക്കുകളുടെയും പിന്നിലിരുന്ന നാലു പേര്‍ക്കും ഹെല്‍മെറ്റില്ല. അടിച്ചു പൊളിക്കാനായി പുറപ്പെട്ട യാത്ര അധികം വൈകാതെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെ തകിടം മറിഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ മനോജും സംഘവും ബൈക്കുകള്‍ കൈ കാണിച്ചു നിര്‍ത്തുകയും ആറു പേരെയും ഓഫിസിലെത്തിക്കുകയും ചെയ്തു. ബൈക്ക് ഓടിച്ചിരുന്ന രണ്ട് വിദ്യാര്‍ഥികളുടെയും ലൈസന്‍സുകള്‍ക്ക് ഒരു മാസത്തെ സസ്‌പെന്‍ഷനും നല്‍കി. മാത്രമല്ല, 3000 രൂപ വീതം ബൈക്ക് ഉടമകള്‍ക്ക് പിഴയും ചുമത്തി. വിദ്യാര്‍ഥികളോട് ഡ്രൈവിങ് ബോധവല്‍ക്കരണ ക്ലാസില്‍ പോകാനും ആര്‍ടിഒ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ വിദ്യാര്‍ഥികള്‍ ഇതുവരെ പിഴ അടച്ചിട്ടില്ല. ലൈന്‍സന്‍സിന്റെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് തിരികെ കിട്ടുമ്പോള്‍ പിഴയും ചേര്‍ത്ത് അടയ്ക്കാനാണ് ഇവരുടെ തീരുമാനം.
രണ്ടു ദിവസം മുമ്പ് യാത്രക്കാരോട് അമിത നിരക്ക് ഈടാക്കുന്ന നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും ഇത്തരത്തില്‍ ആര്‍ടിഒയുടെ 'ശിക്ഷ'ലഭിച്ചിരുന്നു. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്നും അധിക ചാര്‍ജ് ഈടാക്കുന്നുവെന്നുമുള്ള പരാതി ഉയര്‍ന്നതോടെ അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തെ ആര്‍ടിഒ വേഷം മാറി യാത്ര ചെയ്യാന്‍ നിയോഗിക്കുകയായിരുന്നു.
അധിക ചാര്‍ജ് ആവശ്യപ്പെട്ട ഡ്രൈവര്‍മാര്‍ യാത്രക്കാരായി വന്ന ഉദ്യോഗസ്ഥരുടെ 'തനിസ്വരൂപം' വൈകാതെ തന്നെ മനസിലാക്കി. ഇത്തരത്തില്‍ നടത്തിയ യാത്രയിലൂടെ ഗുരുതര നിയമലംഘനം നടത്തിയ 10 ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി എടുത്തത്. ഇവരില്‍ നിന്നും 23,250 രൂപ പിഴയും ഈടാക്കി.
#LicenseSuspended, #TrafficViolation, #TripleRiding, #KochiNews, #RTOAction, #HelmetRule