Tributes | കുവൈറ്റിലെ തീപ്പിടുത്തത്തിൽ മരണമടഞ്ഞവർക്ക് കണ്ണീരിൽ കുതിർന്ന വിട നൽകി ജന്മനാട്

 
Funeral
Funeral


മൃതദേഹം രാത്രിയോടെ വസതികളിലെത്തിച്ചു

 

കണ്ണൂർ / കാസർകോട്: (KVARTHA) കുവൈറ്റിലെ തീപ്പിടുത്തത്തിൽ മരണമടഞ്ഞവർക്ക് കണ്ണീരിൽ കുതിർന്ന വിട നൽകി നാട്. കണ്ണൂർ വയക്കര സ്വദേശി നിധിൻ കുത്തുരിനും ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണയ്ക്കും കാസർകോട് ചെർക്കള കുണ്ടടുക്കത്തെ രഞ്ജിതിനും സൗത് തൃക്കരിപ്പൂർ തെക്കുമ്പാട്ടെ പൊൻമലേരി കേളുവിനുമാണ് പിറന്ന നാടും നാട്ടുകാരും യാത്രാമൊഴിയേകിയത്. വെള്ളിയാഴ്ച രാവിലെ നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം രാത്രിയോടെ ജന്മനാട്ടിലെത്തിച്ച്  വൻജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്.

ധർമ്മടം സ്വദേശി വാഴയില്‍ വീട്ടില്‍ വിശ്വാസ് കൃഷ്ണ എട്ട് മാസം മുൻപ് കുവൈറ്റിലെ മംഗെഫില്‍ ഡ്രാഫ്റ്റ്സ്മാനായാണ് ജോലി ചെയ്തിരുന്നത്. നാട്ടിലെന്നപോലെ തൊഴിലിടത്തിലും താമസ സ്ഥലത്തുമെല്ലാം വിശ്വാസ് പ്രിയപ്പെട്ടവനായിരുന്നു. തലേ ദിവസം പതിവ് പോലെ ഭാര്യയെ ഫോണില്‍ വിളിച്ച്‌ ഏറെ സംസാരിച്ചിരുന്നു. അഗ്നിബാധയെക്കുറിച്ചുള്ള വിവരമറിഞ്ഞപ്പോള്‍ വീടിനത് ഇടിത്തീ പോലെയായി. വിശ്വാസ് ദുരന്തത്തിനിരയായെന്നത് നാട്ടുകാർക്ക് വിശ്വസിക്കാൻ പോലുമാവുന്നില്ല. ടി വിയില്‍ ദുരന്ത വാർത്ത കാണുമ്പോഴും അതില്‍ വിശ്വാസ് ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. കുവൈറ്റില്‍ നിന്ന് വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ദുരന്തം നാട്ടിലറിഞ്ഞത്.

നേരത്തെ ബെംഗ്ളൂറില്‍ വർഷങ്ങളോളം ജോലി ചെയ്തിരുന്ന വിശ്വാസ് പ്രവാസിയായിരുന്ന പിതാവ് കൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്. അച്ഛൻ മരിച്ചതിന് ശേഷവും നാട്ടില്‍ തന്നെയായി. പിന്നീട് ഗള്‍ഫില്‍ ജോലി തരപ്പെട്ടതിന് ശേഷമാണ് ഏറെ പ്രതീക്ഷകളോടെ നാടുവിട്ടത്. പഠന കാലത്തു തന്നെ ഫുട്ബാള്‍, വോളി, ക്രിക്കറ്റ് എന്നിവയിലെല്ലാം മികവ് തെളിയിച്ചിരുന്നു ഈ ചെറുപ്പക്കാരൻ. നാട്ടില്‍ ഏത് ചടങ്ങുകളിലും വിശ്വാസ് നിറഞ്ഞ് നില്‍ക്കും. വലിയ ഒരു സുഹ്യദ് വലയം തന്നെ വിശ്വാസിനുണ്ടായിരുന്നു. അണ്ടല്ലൂർ ഉത്സവക്കാലം തുടങ്ങിയാല്‍ പിന്നെ വിശ്വാസിയായ ഈ ചെറുപ്പക്കാരൻ വ്രതം നോറ്റ് അവിടെ തന്നെയായിരിക്കും.

നാട്ടിലെ ഏത് കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഈ ചെറുപ്പക്കാരന്റെ മരണം ദേശത്തെയാകെ കണ്ണീരിലാഴ്ത്തി. ഭാര്യ പൂജ കൊടുവള്ളി നിട്ടുർ പോസ്റ്റാഫീസിലെ ജീവനക്കാരിയാണ്. കെ സുധാകരൻ എം.പി, എം എൽ എ മാരായ കെ.കെ ശൈലജ, കെ.പി മോഹനൻ, കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, വിവിധ കക്ഷി നേതാക്കൾ എന്നിവർ അന്തിമോപചാരമർപ്പിച്ചു.

നിഥിൻ്റെ അപ്രതീക്ഷിത വിയോഗം ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്ത്തി. നിഥിൻ്റെ ഏറ്റവും വലിയ സ്വപ്‌നം കുടുംബത്തിന് വീട് പണിയുക എന്നതായിരുന്നു. 10 സെൻ്റ് സ്ഥലം വാങ്ങി വീടിൻ്റെ അടിത്തറ പണി പൂർത്തിയാക്കിയിരുന്നു. തന്റെ അഭിലാഷം പൂർത്തിയാക്കാതെയാണ് നിഥിൻ മടങ്ങിയത്. കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ പൂജയെയും മൂന്ന് വയസുള്ള മകനെയും തനിച്ചാക്കിയാണ് നിഥിൻ യാത്രയായത്. നിഥിൻ കുത്തൂരിൻ്റെ ഭൗതിക ശരീരത്തിൽ ടി ഐ മധുസുദനൻ എംഎൽഎ, എം വിജിൻ എംഎൽഎ വിവിധ കക്ഷി നേതാക്കൾ ജനപ്രതിനിധികൾ അന്തിമോപചാരമർപ്പിച്ചു.

ചെർക്കള കുണ്ടടുക്കത്തെ വീട്ടിൽ എത്തിച്ച കെ രഞ്ജിതിൻ്റെ മൃതദേഹത്തിൽ എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു, ജില്ലാ കലക്ടർ കെ ഇമ്പശേഖർ, ചെങ്കള പഞ്ചായത് പ്രസിഡണ്ട് ഖാദർ ബദരിയ എന്നിവരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള നിരവധി ആളുകളും അന്തിമോപചാരമർപ്പിച്ചു. പൊതുദർശനത്തിന് ശേഷം രാത്രിയോടെ കുടുംബ ശ്‌മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. കഴിഞ്ഞ 10 വർഷമായി കുവൈറ്റിൽ ജോലി ചെയ്ത് വരികയായിരുന്ന രഞ്ജിത്ത് സ്റ്റോർ കീപ്പറായിരുന്നു.

കേളുവിൻ്റെ മൃതദേഹം കാലിക്കടവിൽ എം രാജഗോപാലൻ എംഎൽഎ, സബ് കലക്ടർ സൂഫിയാൻ അഹ്‌മദ്‌,  ഹൊസ്ദുർഗ് തഹസിൽദാർ എം മായ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി തെക്കുമ്പാട്ടെ വീട്ടിൽ എത്തിച്ചു. വലിയ ജനക്കൂട്ടമാണ് യാത്രാമൊഴിയേകാൻ കാത്തുനിന്നത്. രാത്രി മണിയോടെ ആണൂർ ശ്‌മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടത്തി. കേളു പൊന്മലേരി പ്രൊഡക്ഷൻ എഞ്ചിനീയറായിരുന്നു. പിലിക്കോട് പഞ്ചായത് ഓഫീസിലെ ജീവനക്കാരി കെ എൻ മണിയാണ് ഭാര്യ. രണ്ട് ആൺമക്കളുമുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia