Condolence | യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയില്‍ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നല്‍കിയതെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

 
Tribute to Metropolitan Baselios Thomas I of Jacobite Syrian Church
Tribute to Metropolitan Baselios Thomas I of Jacobite Syrian Church

Photo Credit: Facebook / Pinarayi Vijayan

● ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അര്‍ത്ഥത്തെ അന്വര്‍ത്ഥമാക്കുന്ന വ്യക്തിത്വമായി ജീവിതം കൊണ്ട് അദ്ദേഹം മാറി
● പ്രയാസഘട്ടങ്ങളില്‍ സഭയെ സംരക്ഷിച്ചു നിര്‍ത്തിയ വലിയ ഇടയന്‍
● ഒന്നിന്റെയും മുന്നില്‍ പതറിയിട്ടില്ല, എല്ലാത്തിനെയും ധീരതയോടെ നേരിട്ടു
● നിലപാടുകളില്‍ അചഞ്ചലനായിരുന്നു 

തിരുവനന്തപുരം: (KVARTHA) ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാ മക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയില്‍ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നല്‍കിയത്. പ്രയാസഘട്ടങ്ങളില്‍ അക്ഷരാര്‍ത്ഥത്തില്‍ സഭയെ സംരക്ഷിച്ചു നിര്‍ത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ ക്രൈസ്തവ മേല്‍പട്ടക്കാരില്‍ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിര്‍ന്ന പിതാക്കന്മാരില്‍ ഒരാളായിരുന്നു. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള  ധൈര്യവും സമര്‍പ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷതയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഒന്നിന്റെയും മുന്നില്‍ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു. നിലപാടുകളില്‍ അചഞ്ചലനായിരുന്നു അദ്ദേഹം. ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അര്‍ത്ഥത്തെ അന്വര്‍ത്ഥമാക്കുന്ന വ്യക്തിത്വമായി ജീവിതം കൊണ്ട് അദ്ദേഹം മാറി.

22 വര്‍ഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവ. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാവട്ടെ, സാമൂഹ്യ മേഖലയിലാവട്ടെ, സംവാദത്തിന്റെ മേഖലയിലാവട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാവട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഒക്കെയായി അതിവിശാലമായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ, ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

#BaseliosThomasI #JacobiteChurch #KeralaNews #FaithTribute #ChristianLeader #KeralaCM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia