Kasargod | ഇത്തവണ വടക്കൻ മണ്ണിൽ കടപുഴകുന്നതാര്, ഉണ്ണിത്താനോ ബാലകൃഷ്ണൻ മാസ്റ്ററോ? കാസർകോട് അടുത്തറിയാം

 

/ ഡാനിയ ജോസ്

(KVARTHA) ഒരിക്കൽ ഇടതുകോട്ടയായി അറിയപ്പെട്ടിരുന്ന കാസർകോട് ലോക്‌സഭാ മണ്ഡലം ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസിൻ്റെ മുതിർന്ന നേതാവും നിലവിൽ കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താനാണ് യു.ഡി.എഫിനു വേണ്ടി മത്സരത്തിനിറങ്ങുന്നത്. ഇടത് മുന്നണി ഇക്കുറി സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്‌ണൻ മാസ്റ്ററെ ഇറക്കിയാണ് പ്രതിരോധിക്കുന്നത്. മഹിളാമോർച്ച നേതാവ് എം.എൽ അശ്വിനിയെ ആണ് ത്രികോണപ്പോരാട്ടത്തിന് എൻ.ഡി.എ. കളത്തിലിറക്കിയിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ ഇരുമുന്നണികളും പരസ്‌പരം ഏറ്റുമുട്ടുമ്പോൾ പരമാവധി വോട്ട് പിടിക്കുകയാവും ബിജെപിയുടെ ലക്ഷ്യം.

Kasargod | ഇത്തവണ വടക്കൻ മണ്ണിൽ കടപുഴകുന്നതാര്, ഉണ്ണിത്താനോ ബാലകൃഷ്ണൻ മാസ്റ്ററോ? കാസർകോട് അടുത്തറിയാം

മൂന്ന് മുന്നണികൾക്കും നല്ല സ്വാധീനമുള്ള ലോക്സഭാ മണ്ഡലമാണ് കാസർകോട്. മലപ്പുറത്തിന് പുറത്ത് മുസ്ലീം ലീഗിന് ശക്തിയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാസർകോട്. അത് യുഡിഎഫിന് ഗുണകരമാവുമെന്നാണ് ഉണ്ണിത്താൻ കരുതുന്നത്. ലീഗിന്റ വോട്ടുകൾ പെട്ടിയിലാക്കിയാൽ ജയം തുടരാൻ ഉണ്ണിത്താന് പ്രയാസമുണ്ടാവില്ലെന്ന് യു.ഡി.എഫ് കരുതുന്നു. ന്യൂനപക്ഷ വോട്ടുകൾ തന്നെയാണ് ഇടതു മുന്നണിയും ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കളുടെ വോട്ട് പലവഴിക്ക് പിരിയുമ്പോൾ അതിന് തടയിടാൻ ന്യൂനപക്ഷ വോട്ടുകളിലാണ് ഇരുമുന്നണികളും കണ്ണ് വയ്ക്കുന്നത്.

എം.പിയെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾക്കൊണ്ട് മണ്ഡലത്തിൽ സജീവമാകാൻ രാജ്മോഹൻ ഉണ്ണിത്താന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് രണ്ടാമങ്കത്തിന് ഉണ്ണിത്താൻ കാസർകോട് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ഉണ്ണിത്താനോ യു.ഡി.എഫോ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം. 2019ലെ തിരഞ്ഞെടുപ്പ് വരെ അങ്ങനെ ആയിരുന്നില്ല സ്ഥിതി. ഏത് മണ്ഡലം യു.ഡി.എഫിന് കിട്ടിയാലും കാസർകോട് പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് 2019ന് മുൻപ് വരെ യു.ഡി.എഫ് നേതാക്കൾ ചിന്തിച്ചത്. പലർക്കും കാസർകോട് മത്സരിക്കാനും പേടിയായിരുന്നു. ആ ചിന്താഗതിയെയാണ് രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് അപ്രതീക്ഷിത സ്ഥാനാർത്ഥിയായി വന്ന് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച് മാറ്റിയെടുത്തത്. ചുവപ്പ് കോട്ടയെന്ന് അതുവരെ അറിയപ്പെട്ടിരുന്ന കാസർകോട് കഴിഞ്ഞ അഞ്ച് കൊല്ലം കൊണ്ട് യു.ഡി.എഫിന് ഒരു പ്രത്യേക ഉണർവ് ഉണ്ടാക്കാൻ രാജ്മോഹൻ ഉണ്ണിത്താന് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പ് മുതലാണ് ഇവിടെ ലോക്‌സഭാ മണ്ഡലം രൂപീകരിച്ചത്. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ഉൾക്കൊള്ളുന്നതാണ് കാസർകോട് ലോക്‌സഭാ മണ്ഡലം. ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൈവശമാണുള്ളത്. പയ്യന്നൂർ, ഉദുമ, തൃക്കരിപ്പുർ, കല്യാശേരി മണ്ഡലങ്ങളിൽ സിപിഎമ്മും കാഞ്ഞങ്ങാട് മണ്ഡലത്തിൽ സിപിഐ നേതാവും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖരനുമാണ് ജയിച്ചിട്ടുള്ളത്. ശേഷിക്കുന്ന രണ്ട് മണ്ഡലങ്ങളായ കാസർകോട്, മഞ്ചേശ്വരം എന്നിവ ലീഗിന്റെ പക്കലുമാണുള്ളത്.

രാഷ്ട്രീയ ചരിത്രം


2004ലെ പൊതുതിരഞ്ഞെടുപ്പ് വരെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലവും കാസർകോട് പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്നു. എന്നാൽ പിന്നീട് മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി തളിപ്പറമ്പ് കണ്ണൂരിനൊപ്പം ചേർക്കുകയായിരുന്നു. 1957ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ കാസർകോട് കമ്മ്യൂണിറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോൾ അന്ന് സ്ഥാനാർത്ഥി ആയത് എകെജി ആയിരുന്നു. 1957, 1962, 1967 വർഷങ്ങളിൽ നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും എകെജിയെ ലോക്‌സഭയിലേക്ക് അയച്ചു. എന്നാല്‍ അതിന് അധികം ആയുസുണ്ടായിരുന്നില്ല. 1971ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി നടന്നു. അന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച യുവതുർക്കി കടന്നപ്പള്ളി രാമചന്ദ്രൻ (ഇന്നത്തെ മന്ത്രി) എല്‍ഡിഎഫിനെ തകർത്തുകൊണ്ട് മണ്ഡലം പിടിച്ചെടുത്തു. കമ്മ്യൂണിസ്‌റ്റ് പാർട്ടിയിലെ പ്രബലനായ ഇ കെ നായനാരെയാണ് 28,391 വോട്ടുകള്‍ക്ക് കടന്നപ്പള്ളി പരാജയപ്പെടുത്തിയത്.

പിന്നീട് 1989ല്‍ സിപിഎമ്മിന്റെ എം രാമണ്ണ റായ് മണ്ഡലം തിരിച്ചുപിടിച്ചതിന് ശേഷമാണ് ഇടതുകോട്ടയായി ഇവിടം ഒരിക്കൽ കൂടി മാറിയത്. ടി ഗോവിന്ദനും, പി കരുണാകരനും തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനായി സീറ്റുകൾ ഉറപ്പിച്ചു. 2019 ൽ അവസാന നിമിഷമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയത്. എന്നാൽ വളരെ ചിട്ടയോടെയുള്ള പ്രവർത്തനവും സിപിഎമ്മിലെ പ്രാദേശിക പ്രശ്‌നങ്ങളും മറ്റും മുതലെടുത്ത ഉണ്ണിത്താൻ ഒടുവിൽ അങ്കം ജയിച്ചു. കെപി സതീഷ് ചന്ദ്രനായിരുന്നു അന്ന് ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചത്. മുന്‍ എംഎല്‍എയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയുമായിരുന്ന സതീഷ് ചന്ദ്രൻ ഒരുഘട്ടത്തിൽ പോലും തോൽവി സ്വപ്‌നത്തിൽ പോലും കണ്ടില്ലെന്നതാണ് വാസ്‌തവം.

ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആകെയുള്ള 20ൽ 19ഉം കോൺഗ്രസിനൊപ്പം പോയപ്പോൾ കാസർകോടിൻറെ മണ്ണിൽ ഒരിക്കൽക്കൂടി കോൺഗ്രസിന് ഒരു എംപി കൂടിയായി. 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അന്ന് മണ്ഡലം പിടിച്ചെടുത്തത്. ആ ജയം യുഡിഎഫിനും കോൺഗ്രസിനും പുത്തനുണർവ് തന്നെയാണ് നൽകിയത്. 2019 ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് മണ്ഡലത്തിൽ നടന്നത്. തിരഞ്ഞെടുപ്പിൽ 4,74,961 വോട്ടുകൾ നേടി യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാസർകോട് നിന്ന് വിജയിച്ചത്. സി പി എം സ്ഥാനാർത്ഥി കെ പി സതീഷ് ചന്ദ്രൻ 4,34,523 വോട്ടുകൾ നേടി.

കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പ്രബല മതവിഭാഗങ്ങൾ ഹിന്ദുക്കളും മുസ്ലിംകളുമാണ്. 2011 സെൻസസ് പ്രകാരം കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ മൊത്തം സാക്ഷരതാ നിരക്ക് 92 ശതമാനം ആണ്. ഇവിടെയുള്ള വോട്ടർമാരിൽ മുപ്പത് ശതമാനത്തിൽ ഏറെയും മുസ്ലീം വിഭാഗത്തിൽപെട്ടവരാണ്. 58 ശതമാനത്തോളം ഹിന്ദു വോട്ടർമാരും, 11 ശതമാനത്തോളം ക്രിസ്ത്യൻ സാന്നിധ്യവും ഇവിടെ ഉണ്ടെന്നാണ് 2011 സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നത്. പട്ടികജാതി, വർഗ വോട്ടർമാർ യഥാക്രമം 4.3 ശതമാനവും, 2.9 ശതമാനവുമാണ്. ജാതി രാഷ്ട്രീയത്തിന് പൊതുവെ പ്രാധാന്യം കുറഞ്ഞ ഇവിടെ മത വോട്ടുകൾക്ക് വലിയ സ്ഥാനമുണ്ട്. തെക്കൻ കാസർകോട് പൊതുവേ ഇത്തരം സങ്കീർണതകളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുന്നുവെങ്കിലും മണ്ഡലത്തിന്റെ ഭാഗമായ വടക്കൻ കാസർകോട് ഈ അന്തരം പ്രകടമാണ്. ഇവിടെ ഒരുപരിധിവരെ രണ്ട് പ്രബല മത വിഭാഗങ്ങളുടെയും വോട്ട് എങ്ങോട്ട് മറിയുമെന്ന കാര്യം പ്രവചനീതാതമാണ്.

എംഎൽ അശ്വിനിയിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ ഏറിയ പങ്ക് വോട്ടും പെട്ടിയിലാക്കിയാൽ ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിൽ ചരിത്രം കുറിക്കാമെന്നാണ് അവർ കരുതുന്നത്. എന്നാൽ അത് എളുപ്പമല്ല, ശക്തമായ സ്വാധീനമുള്ള, ജയപ്രതീക്ഷയുള്ള രണ്ട് മുന്നണികളെയും മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും പാർട്ടി വോട്ടുകൾ ചോരാതെ നോക്കാനാവും അവരുടെ ശ്രമം. ആറ് ഭാഷകളിൽ വെള്ളംപോലെ ജനങ്ങളോട് സംവദിക്കാൻ കഴിയുന്ന അധ്യാപികയാണ് ബി.ജെ.പി സ്ഥാനാർത്ഥിയായ എംഎൽ അശ്വിനി. മഹിളാമോർച്ച ദേശീയ സമിതിയംഗമായ അശ്വിനി കടമ്പാർ വാർഡിൽനിന്നുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയാണ്. 1989 മുതൽ 2019 വരെ ചെങ്കൊടി പാറിക്കളിച്ച കാസർകോടൻ മണ്ണിൽ രാജ്മോഹൻ ഉണ്ണിത്താൻ എത്തിയപ്പോൾ കടപുഴകിയത് എകെജി ഉൾപ്പെടെ പല പ്രമുഖരുടെയും തട്ടകം കൂടിയായിരുന്നു. ഇക്കുറി ആ തട്ടകം നിലനിർത്താൻ രാജ്മോഹൻ ഉണ്ണിത്താന് കഴിയുമോ, അതോ കടപുഴകുമോ? ഫലം വരും വരെ കാത്തിരിക്കാം.

Keywords: News, Malayalam News, Politics, Election, Kasargod, Lok Sabha election, Balakrishnan Master, Unnithan, CPM, BJP, LDF, UDF, Tight Fight in Kasaragod.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia