കാഞ്ഞങ്ങാട് സ്വദേശിനിയെ ട്രെയിനില്‍ കൊള്ളയടിച്ച സംഘം വലയില്‍

 


കാഞ്ഞങ്ങാട് സ്വദേശിനിയെ ട്രെയിനില്‍ കൊള്ളയടിച്ച സംഘം വലയില്‍
ട്രെയിനില്‍ കവര്‍ച്ചക്കിരയായ കാഞ്ഞങ്ങാട് സ്വദേശിനി പ്രതിമ 

കാഞ്ഞങ്ങാട്: കൊങ്കണ്‍ മേഖലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നടന്ന തീവണ്ടി കവര്‍ച്ചകള്‍ക്ക് തു­മ്പാ­കുന്നു . കാഞ്ഞങ്ങാട് സ്വദേശിനിയായ പ്രതിമയെന്ന വീട്ടമ്മയെ കൊള്ളയടിച്ച കേസ് ഉള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസുകളില്‍ പങ്കുള്ള അന്തര്‍ സംസ്ഥാന ബ­ന്ധ­മുള്ള കുപ്രസിദ്ധ കവര്‍ച്ചാ സംഘം റെയില്‍വേ പോലീസിന്റെ വലയിലായി.

കൊങ്കണ്‍ പാതയിലൂടെ ഓടുന്ന തീവണ്ടിയില്‍ സംഘടിതമായി കവര്‍ച്ച നടത്തുക എന്നതാണ് ഈ സംഘത്തിന്റെ രീതി. പിടിയിലായ കവര്‍ച്ചക്കാരെയും കൊണ്ട് തെളിവെടുപ്പിന് റെയില്‍വെ പോലീസിലെ ഒരു സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുംബൈലെത്തിയിട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ട്രെയിനുകളില്‍ നടക്കുന്ന കവര്‍ച്ചകളുടെ നടുക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

ന്യൂഡല്‍ഹിയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് രത്‌നഗിരി മലമടക്കുകള്‍ കടന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന കൊങ്കണ്‍ പാതയിലെ ട്രെയിനുകളിലാണ് പ്രധാനമായും കവര്‍ച്ച ആവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ റൂട്ടിലെ ട്രെയിന്‍യാത്ര പേടി സ്വപ്‌നമാണ്. കവര്‍ച്ചക്കാരുടെ വിളയാട്ടങ്ങള്‍ക്ക് മുമ്പില്‍ പോലീസ്-ആര്‍പിഎഫ് വിഭാഗങ്ങള്‍ പതറിനില്‍ക്കുന്നതിനിടയിലാണ് കേരള റെയില്‍വെ പോലീസിലെ സമര്‍ത്ഥരായ ഒരു സംഘം ഉദ്യോഗസ്ഥര്‍ അതിസാഹസികമായ തന്ത്രങ്ങത്തിലൂടെ കവര്‍ച്ചാ സംഘത്തെ വലയിലാക്കിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് പുലര്‍ച്ചെയാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ ഭര്‍തൃമതി പ്രതിമ കവര്‍ച്ചക്കിരയായത്. നേത്രാവതി എക്‌സ്പ്രസ്സില്‍ മുംബൈയില്‍ നിന്നും സ്വദേശമായ കാഞ്ഞങ്ങാട്ടേക്ക് വരുമ്പോഴാണ് പ്രതിമ കവര്‍ച്ചയ്ക്കിരയായത്. മക്കളായ ചേതന്‍(15), അനുഷ്‌ക്ക(ഒമ്പ­ത്) എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിരത്തിനടുത്താണ് പ്രതിമയുടെ കുടുംബ വീട്. മുംബൈയിലാണ് താമസിക്കുന്നത്. ഇവര്‍ സഞ്ചരിച്ച എസ് ടു ബോഗിയിലാണ് കവര്‍ച്ച നടന്നത്.

ഉറങ്ങുന്നതിന് മുമ്പ് സീറ്റിനടിയില്‍ സൂക്ഷിച്ച ട്രോളി ബാഗിന്റെ ഒരു ഭാഗം കീറിയാണ് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചത്. കേരളത്തില്‍ നിന്നും പുറപ്പെട്ട പോലീസ് സംഘം മുംബൈയില്‍വെച്ച് പ്രതിമയില്‍ നിന്നും മൊഴിയെടുക്കും.

Keywords:  Train, Robbery, Case, Kanhangad, Kasaragod, Accused, Police, Enquiry, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia