Protest | യാത്രക്കാരുടെ പ്രതിഷേധത്തിന് ഫലമുണ്ടാകുമോ? വന്ദേഭാരതിന് വേണ്ടി പാലരുവി എക്‌സ്പ്രസ് പിടിച്ചിടുന്നത് ഒഴിവാക്കാന്‍ ബഫര്‍ സമയം ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശവുമായി വിദഗ്ധര്‍
കൊച്ചി: (KVARTHA) വന്ദേഭാരതിന് വേണ്ടി പാലരുവി എക്‌സ്പ്രസ് പിടിച്ചിടുന്ന പ്രശ്‌നം ഒഴിവാക്കാന്‍ ബഫര്‍ സമയം ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദേശവുമായി വിദഗ്ധര്‍. കൊല്ലത്തും കോട്ടയത്തും മുളന്തുരുത്തിയിലും പാലരുവി എക്‌സ്പ്രസിനു നല്‍കിയിരിക്കുന്ന ബഫര്‍ സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പിടിച്ചിടുന്ന പ്രശ്‌നം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. യാത്രാദുരിതത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം യാത്രക്കാര്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കാലുകുത്താന്‍ ഇടമില്ലാത്ത പാലരുവിയില്‍ പുതിയ കോചുകള്‍ അനുവദിക്കുക, പാലരുവിയ്ക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂര്‍ ഇടവേളയില്‍ ഒരു മെമു അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യാത്രക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് പാലരുവിയുടെ ബഫര്‍ സമയം ക്രമീകരിച്ചു പ്രതിസന്ധിക്കു താല്‍ക്കാലിക പരിഹാരത്തിനുള്ള ആലോചന ഉന്നതരുടെ ഭാഗത്തുനിന്നും ഉണ്ടായത്.
മെമുവോ പാസഞ്ചര്‍ ട്രെയിനോ അനുവദിക്കുന്നതിനൊപ്പം വന്ദേഭാരതിനു വേണ്ടി പാലരുവി പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേക്കു മാറ്റണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ശ്വാസംവിടാന്‍ പോലും ഇടമില്ലാതെ തിങ്ങിനിറഞ്ഞിരിക്കുന്ന ട്രെയിനാണ് ചൂടുകാലത്തുപോലും അര മണിക്കൂറോളം മുളന്തുരുത്തിയില്‍ പിടിച്ചിടുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.
പുറത്ത് വെള്ളം വാങ്ങിക്കുടിക്കാന്‍ കടകള്‍ പോലുമില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. മറ്റ് എവിടേക്കും പോകാനും കഴിയില്ല. ഇതിനു പകരം തൃപ്പൂണിത്തുറയില്‍ എത്തിച്ചാല്‍ അവിടെ നിന്ന് മെട്രോയ്‌ക്കോ ബസിനോ ആളുകള്‍ക്ക് ജോലി സ്ഥലത്തേക്ക് പോകാന്‍ സാധിക്കുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
യാത്രക്കാരുടെ ദുരതങ്ങളെ കുറിച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫ്രണ്ട്സ് ഓണ്‍ റെയില്‍സിന്റെ എക്‌സിക്യൂട്ടീവ് അംഗം ശ്രീജിത് കുമാറിന്റെ പ്രതികരണം ഇങ്ങനെ:
52 വര്‍ഷങ്ങളായി എറണാകുളം ജംക്ഷനിലേക്ക് എത്തിയിരുന്ന വേണാടാണ് യാതൊരു ബദല്‍മാര്‍ഗങ്ങളും ഒരുക്കാതെ യാത്ര നോര്‍ത്ത് വരെയാക്കിയത്. ഇതോടെ സൗത്തിലെ ഓഫിസുകളില്‍ സമയത്തിന് എത്തേണ്ടവര്‍ കൂടി പാലരുവിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. ഇത് തിരക്ക് നിയന്ത്രണാതീതമാകാന്‍ കാരണമായി. അനിയന്ത്രിതമായ തിരക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ കുഴഞ്ഞുവീഴുന്ന സംഭവവും പതിവാണ്.
യാത്രക്കാരുടെ തിരക്കിനെ തുടര്‍ന്ന് ചൊവ്വാഴ്ചയും പാലരുവി- മുളന്തുരുത്തിയില്‍ വച്ച് ഒരാള്‍ കുഴഞ്ഞുവീണു. പിന്നീട് തൃപ്പൂണിത്തുറ എത്തിച്ചാണ് പ്രഥമശുശ്രൂഷ നല്‍കിയത് എന്നും ശ്രീജിത് കുമാര്‍ പറഞ്ഞു.
പാലരുവി തൃപ്പൂണിത്തുറയില്‍ എത്തിക്കുന്നതിന് സമയക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ സാധ്യമാകുമെന്നു വിദഗ്ധര്‍ പറയുന്നു. 4.18നാണ് പാലരുവി കൊല്ലത്ത് എത്തുന്നത്. 4.50നാണ് അവിടെനിന്ന് പുറപ്പെടാന്‍ കൊടുത്തിരിക്കുന്ന സമയം. അവിടെ അര മണിക്കൂറോളം ട്രെയിന്‍ കാത്തുകിടക്കുന്നുണ്ട്. അത് അഞ്ചു മിനിറ്റ് നേരത്തയാക്കുകയാണ് ഒരു വഴി.
അതുപോലെ കോട്ടയത്ത് എത്താന്‍ നല്‍കിയിരിക്കുന്ന സമയം 6.55ഉം പുറപ്പെടേണ്ട സമയം 6.58ഉം ആണ്. എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി പാലരുവി 6.51ന് കോട്ടയത്ത് എത്തുന്നുണ്ട്. അത് 3 മിനിറ്റ് നേരത്തയാക്കിയാല്‍ ആകെ 8 മിനിറ്റ് ലഭിക്കും. ഈ 8 മിനിറ്റ് മതിയാവും പാലരുവി മുളന്തുരുത്തിയില്‍നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ എത്തിക്കാന്‍.
മുളുന്തുരുത്തിയില്‍ 7.49- 7.50ന് എത്തുന്ന പാലരുവി പുറപ്പെടാന്‍ നല്‍കിയിരിക്കുന്ന സമയം 7.52 ആണ്. എന്നാല്‍ കോട്ടയത്ത് നിന്ന് 34 മിനിറ്റ് നേരത്തെ പുറപ്പെട്ടാല്‍ മുളന്തുരുത്തിയില്‍ 7.46ന് എത്താന്‍ സാധിക്കും. അവിടെനിന്ന് ഉടന്‍ പുറപ്പെട്ടാല്‍ 7.55ന് തൃപ്പൂണിത്തുറയില്‍ എത്തും. ഈ സമയത്ത് വന്ദേഭാരത് പിറവം കഴിയുന്നതേ ഉണ്ടാവൂ. എന്നാല്‍ 7.52 വരെ പാലരുവി മുളന്തുരുത്തിയില്‍ കാത്തുനില്‍ക്കുന്ന സമയത്ത് വന്ദേഭാരത് പിറവത്തേക്ക് കടക്കും. അതിനാല്‍ പിന്നീട് വന്ദേഭാരത് കടന്നുപോയതിനു ശേഷമേ പാലരുവിക്ക് പുറപ്പെടാന്‍ സാധിക്കൂ. അതാണ് ഇപ്പോള്‍ 20- 30 മിനുറ്റോളം മുളന്തുരുത്തിയില്‍ പാലരുവി പിടിച്ചിടാന്‍ കാരണം.
വന്ദേഭാരത് വരുന്നതിനു മുന്‍പു തന്നെ പാലരുവിക്കും വേണാടിനും ഇടയില്‍ ഒരു പാസഞ്ചറോ മെമുവോ അനുവദിക്കണമെന്ന് യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഇതുവരെ നടപ്പായില്ല. പ്രതിഷേധത്തിനു പിന്നാലെ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സിന്റെ പരാതി സ്വീകരിച്ച റെയില്‍വേ അധികൃതര്‍ ഇക്കാര്യത്തില്‍ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.