Safety Concerns | ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം: അന്വേഷണം തുടരുന്നു
● തമിഴ്നാട് സ്വദേശികളായ നാല് തൊഴിലാളികളാണ് മരിച്ചത്.
● തൊഴിൽ പരിചയം ഇല്ലാത്ത തൊഴിലാളികളെ നിയമിച്ചതിനെതിരെ വിമർശനം.
പാലക്കാട്: (KVARTHA) ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ആര്‍പിഎഫ് അന്വേഷണം തുടരുന്നു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്‌പ്രസ് ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്. തമിഴ്നാട് സ്വദേശികളായ നാല് തൊഴിലാളികളാണ് മരിച്ചത്.
പത്തംഗ ശുചീകരണ സംഘത്തിൽ ആറ് പേർക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ട്രാക്ക് ക്ലീനിങ്ങിന് നിയോഗിച്ച തൊഴിലാളികളായിരുന്നു ഇവർ. എന്നാൽ, ഷൊർണ്ണൂർ സ്റ്റേഷനിലെ ക്ലീനിങ് ജോലി ചെയ്തിരുന്ന ഇവർക്ക് ഹൈസ്പീഡ് ട്രാക്ക് ക്ലീനിങ്ങിന്റെ പരിചയമില്ലായിരുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പരിചയമില്ലാത്ത കരാർ ജീവനക്കാരെ ട്രാക്ക് ക്ലീനിങ്ങിനായി നിയോഗിച്ചതിനെതിരെ വിമർശനം ശക്തമാണ്.
ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് വൈകുന്നേരം 3.05 ഓടെയാണ് അപകടമുണ്ടായത്. ട്രാക്കിലെ മാലിന്യങ്ങൾ നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. മാലിന്യങ്ങൾ ശേഖരിച്ച് വരുന്നതിനിടെ ഷൊർണ്ണൂർ പാലത്തിന് സമീപത്ത് വെച്ചാണ് തൊഴിലാളികളെ ട്രെയിൻ തട്ടിയത്. ട്രെയിൻ വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ ഇടിക്കുകയായിരുന്നു.
സേലം സ്വദേശികളായ ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മൃതദേഹം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
#TrainAccident #WorkerSafety #Investigation #Kerala #SanitationWorkers #RailwaySafety