Tragedy | ദാരുണം രാധയുടെ മരണം; കടുവ വലിച്ചിഴത് 100 മീറ്ററോളം; അടിയന്തര ധനസഹായവുമായി മന്ത്രി വീട്ടിലിലെത്തി; പിടികൂടാൻ സർവസന്നാഹവുമായി അധികൃതർ


● കാപ്പിക്കുരു പറിക്കാൻ പോയ വീട്ടമ്മയാണ് കൊല്ലപ്പെട്ടത്
● തണ്ടർബോൾട്ട് സേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്
● നൂറോളം വനപാലകരുടെ സംഘം തിരച്ചിൽ നടത്തുന്നു
● ഡ്രോണുകളും ഉപയോഗിക്കും
മാനന്തവാടി: (KVARTHA) വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. മാനന്തവാടി നഗരസഭയിലെ തറാട്ട് മീൻമുട്ടിയിൽ താമസിക്കുന്ന രാധ (46) ആണ് ദാരുണമായി മരിച്ചത്. പഞ്ചാരക്കൊല്ലിയിൽ കാപ്പിക്കുരു പറിക്കാൻ പോകുമ്പോളായിരുന്നു കടുവയുടെ ആക്രമണം. ഇതിനിടെ രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ മന്ത്രി ഒ ആർ കേളു കൈമാറി. സർക്കാർ പ്രഖ്യാപിച്ച 11 ലക്ഷം രൂപയുടെ ധനസഹായത്തിൽ നിന്നുള്ള അടിയന്തര സഹായമാണ് ഇത്.
മന്ത്രിയും കലക്ടറുമടക്കമുള്ളവർ രാധയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. രാധയുടെ വിയോഗം തീർത്ത ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും മന്ത്രി അറിയിച്ചു. കടുവയെ വെടിവെച്ച് കൊല്ലുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വന്യമൃഗ ശല്യം തടയുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാവിലെ പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം വനാതിർത്തിയിലെ തോട്ടത്തിൽ കാപ്പിക്കുരു പറിക്കാൻ പോയതായിരുന്നു രാധ. ആ സമയം ഒളിഞ്ഞിരുന്ന കടുവ രാധയെ ആക്രമിക്കുകയും വനത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. തോട്ടത്തിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മാവോയിസ്റ്റ് നിരീക്ഷണത്തിനായി വനത്തിൽ ഉണ്ടായിരുന്ന തണ്ടർബോൾട്ട് സേനാംഗങ്ങളാണ് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം ആദ്യം കണ്ടത്.
രാധയെ ഭർത്താവ് അച്ചപ്പൻ ബൈക്കിൽ തോട്ടത്തിനടുത്ത് കൊണ്ടുവിട്ട ഉടനെയാണ് കടുവയുടെ ആക്രമണം ഉണ്ടായത് എന്നത് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജില്ലാ ഭരണകൂടം കടുവയെ വെടിവെക്കാനുള്ള ഉത്തരവിറക്കിയിട്ടുണ്ട്. പ്രദേശത്ത് കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. നൂറോളം വനപാലകരുടെ സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുന്നു. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വനം മന്ത്രി എ കെ ശശീന്ദ്രൻ്റെ നിർദേശപ്രകാരം തലപ്പുഴ, വരയാൽ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാർ 12 ബോർ പമ്പ് ആക്ഷൻ ഗണ്ണുകളുമായി തിരച്ചിൽ നടത്തുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മൃഗഡോക്ടർമാരുടെ സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. ചെതലത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം, പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. തെർമൽ ഡ്രോണുകളും സാധാരണ ഡ്രോണുകളും തിരച്ചിലിനായി ഉപയോഗിക്കുന്നു.
A woman was tragically killed in a tiger attack in Wayanad while picking coffee beans. The government has announced financial aid for the family, and efforts are underway to capture the tiger.
#Wayanad #TigerAttack #WildlifeConflict #Kerala #Tragedy #Forest