ഒഞ്ചിയം വധം: പ്രതിരോധത്തിന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി സി.പി.എം പോരിനിറങ്ങി

 


ഒഞ്ചിയം വധം: പ്രതിരോധത്തിന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി സി.പി.എം പോരിനിറങ്ങി
കോഴിക്കോട്: ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്‍ വധവും ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദ പ്രസംഗവും മൂലം നേരിടേണ്ടിവരുന്ന പ്രതിസന്ധി മറികടക്കാന്‍ സി.പി.എം ബഹുജനങ്ങളെ അണിനിരത്തിയുള്ള വന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എന്ത് വിലകൊടുത്തും പാര്‍ട്ടിപ്രതിയോഗികളുടെയും ഒരു വിഭാഗം മാധ്യമ സംഘങ്ങളുടെയും കടന്നാക്രമണങ്ങളെ നേരിടാന്‍ തന്നെയാണ് സി.പി.എം സംസ്ഥാന തലം മുതല്‍ ബ്രാഞ്ച് തലം വരെ അരയുംതലയും മുറുക്കി രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ടും തിങ്കളാഴ്ച വടകരയിലും അതിനു മുമ്പ് വടകര പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിലും അഭൂതപൂര്‍വ്വമായ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നേറ്റമാണ് ദര്‍ശിക്കാനായത്.

തിങ്കളാഴ്ച വൈകിട്ട് വടകരയില്‍ നടന്ന ഡി.വൈ.എഫ്.ഐ റാലിയില്‍ ആയിരക്കണക്കിന് യുവജനങ്ങളാണ് അണിനിരന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. ഒഞ്ചിയത്ത് നടന്ന നിഷ്ഠൂരമായ കൊലയോട് സി.പി.എമ്മിന്റെ യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങളുടെ നിലപാട് എന്തെന്ന ചില കേന്ദ്രങ്ങളുടെ ചോദ്യത്തിനുള്ള മറുപടികൂടിയായിരുന്നു വടകരയില്‍ നടന്ന റാലി. റാലിയില്‍ മുഖ്യ പ്രാസംഗികനായി ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റും മുന്‍ എം.പിയുമായ എന്‍.എന്‍ കൃഷ്ണദാസ് പ്രത്യക്ഷപ്പെട്ടതും പരക്കെ ശ്രദ്ധിക്കപ്പെട്ടു. അച്യുതാനന്ദന്റെ ഉറ്റ അനുയായിയായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തപ്പെടുകയും ലോകസഭാ ടിക്കറ്റ് നിഷേധിക്കപ്പെടുകയും ചെയ്ത നേതാവാണ് കൃഷ്ണദാസ്. അദ്ദേഹത്തിന്റെ വടകരയിലെ സാന്നിധ്യം പാര്‍ട്ടിക്കുള്ളില്‍ ഒരു തിരിച്ചുവരവായാണ് വിലയിരുത്തപ്പെടുന്നത്.

പ്രതിസന്ധിയും വെല്ലുവിളിയും കടുത്ത അഗ്നിപരീക്ഷണങ്ങളും നേരിടുമ്പോഴോക്കെ മുമ്പേങ്ങുമില്ലാത്ത വിധം സടകുടഞ്ഞെഴുന്നേല്‍ക്കുന്നത് സി.പി.എമ്മില്‍ പതിവാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒരു പ്രത്യേകത കൂടിയാണത്. മറ്റു ചില സംഘടനകള്‍ എതിര്‍പ്പുകള്‍ നേരിടുമ്പോള്‍ ഒളിവിലിരുന്നുള്ള യുദ്ധങ്ങളാണ് നടത്തുന്നതെങ്കില്‍ സി.പി.എം ഈ രംഗത്ത് ബഹുജനങ്ങളെ അണിനിരത്തിയുള്ള പരസ്യമായ പോരാട്ടമാണ് നടത്തുന്നത്. ഇതിന്റെ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടുവരുന്നത്. ബദല്‍ രേഖ പ്രശ്‌നത്തിന്റെ പേരില്‍ എം.വി രാഘവനും തുടര്‍ന്ന് ആലപ്പുഴയില്‍ കെ.ആര്‍ ഗൗരിയമ്മയും പാര്‍ട്ടിക്ക് തലവേദനകള്‍ സൃഷ്ടിച്ചപ്പോഴോക്കെ കൂടുതല്‍ കൂടുതല്‍ അണികളെയും പ്രവര്‍ത്തനരംഗത്ത് നിഷ്‌ക്രിയരായവരെയും അനുനയിപ്പിച്ച് പാര്‍ട്ടിയുടെ മുന്നണിപോരിന് രംഗത്തിറക്കുകയാണ് ചെയ്തത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും കണ്ടുവരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടുക്കും നടന്ന പാര്‍ട്ടി ഏരിയാ തല പ്രവര്‍ത്തക യോഗങ്ങളില്‍ പാര്‍ട്ടി മെമ്പര്‍മാരുടെ വമ്പിച്ച സാന്നിധ്യമാണ് പ്രകടമായത്. ഏരിയാതല വിശദീകരണയോഗങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. ഇനി ബ്രാഞ്ച് തലത്തിലേക്കാണ് ഒഞ്ചിയം വധവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും നേതൃത്വം വിശദീകരിക്കാനിറങ്ങുന്നത്. ചന്ദ്രശേഖരനെ തങ്ങളുടെ അറിവോടെയല്ല വധിച്ചതെന്നാണ് സി.പി.എം ആവര്‍ത്തിക്കുന്നത്. കൊലയുമായി ഇപ്പോള്‍ അറസ്റ്റിലായ ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകനുള്‍പ്പെടെയുള്ളവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്നും അന്വേഷണസംഘം മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ആജ്ഞയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണെന്നാണ് നേതൃത്വത്തിന്റെ കുറ്റപ്പെടുത്തല്‍.

കൊലയില്‍ എതെങ്കിലും പാര്‍ട്ടി അംഗത്തിന് വിദൂരമായ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അത്തരക്കാര്‍ക്കുള്ള സ്ഥാനം പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രശേഖരനെ വധിച്ചത് വിവാദ വ്യവസായിയും കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധമുള്ളയാളാണെന്നും കാണിച്ച് സി.എച്ച് അശോകന്‍ ഹൈക്കോടതില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് പേരെടുത്ത് പറയാതെ വിവാദ വ്യവസായിയെ സംബന്ധിച്ച സൂചന നല്‍കിയത്. ഇതും കേസുമായി ബന്ധപ്പെട്ട് സി.പി.എം ഏറ്റെടുത്ത് നടത്താനിരിക്കുന്ന പുതിയ തന്ത്രത്തിന്റെ ഒന്നാം എപ്പിസോഡാണ്. പോലീസ് മാധ്യമങ്ങള്‍ക്ക് പ്രതികളുടെ മൊഴികള്‍ സംബന്ധിച്ച് വാര്‍ത്തകള്‍ ചോര്‍ത്തുന്നതായും ചില മാധ്യമങ്ങള്‍ ആസൂത്രിതമായി സി.പി.എമ്മിനെ കൊലയാളി പാര്‍ട്ടിയായി ചിത്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെയും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഒഞ്ചിയം കൊലക്കേസിനെതിരെയുള്ള രണ്ടാം എപ്പിസോഡാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുതിയ ഇനം തന്ത്രങ്ങളുമായി പോലീസിനെയും സര്‍ക്കാറിനെയും വെട്ടില്‍ വീഴ്ത്തുന്ന തരത്തിലുള്ള നീക്കങ്ങളുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ് പാര്‍ട്ടി പണിപ്പുര.

- K.S. Gopala krishnan 

Keywords:  Kozhikode, Kerala, T.P Chandrasekhar Murder Case, CPM


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia