അമ്പതിന്റെ യാദൃശ്ചികതയുമായി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമ്പതിന്റെ യാദൃശ്ചികതയുമായി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്
വടകര: 50 + 50 = കുഞ്ഞനന്തന്‍. 51 വെട്ടുകളേറ്റ് മരിച്ച റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ അമ്പതാം ചരമ ദിനത്തില്‍ കൊലക്കേസിലെ സൂത്രധാരനാണെന്ന് പോലീസ് കണ്ടെത്തിയ പി.കെ. കുഞ്ഞനന്തന്‍ കീഴടങ്ങുമ്പോള്‍ അതില്‍ യാദൃശ്ചികത ഏറെ. കുഞ്ഞനന്തനു വേണ്ടി 50 നാളുകളായി പോലീസ് കേരളവും അന്യസംസ്ഥാനങ്ങളും അരിച്ചു പെറുക്കിയിട്ടും കണ്ടെത്താതിരിക്കുമ്പോഴാണ് ഒരു ഓട്ടോറിക്ഷയില്‍ കുഞ്ഞനന്തന്‍ വന്ന് വടകര കോടതിയില്‍ കീഴടങ്ങിയത്.

കുഞ്ഞനന്തന്‍ കീഴടങ്ങിയതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സുപ്രധാനമായ ചില നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ചന്ദ്രശേഖരന്‍ വധക്കേസിന്റെ സൂത്രധാരന്‍ ഇദ്ദേഹമാണെങ്കിലും കൊലയ്ക്ക് നിര്‍ദ്ദേശം നല്‍കിയത് ആരാണെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്തണം. ഈ ഉത്തരം കുഞ്ഞനന്തന്റെ നാവില്‍ നിന്ന് തന്നെ പുറത്ത് വരണം. സി.പി.എമ്മിലെ ചില പ്രമുഖരുടെ പേരുകള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. കുഞ്ഞനന്തനെ സംരക്ഷിച്ചത് പാര്‍ട്ടി തന്നെയാണെന്ന് ഇ.പി. ജയരാജന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കുഞ്ഞനന്തനെ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചത് പാര്‍ട്ടി തന്നെയാണെന്ന് ഉറപ്പാണ്.

അമ്പതിന്റെ യാദൃശ്ചികതയുമായി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്കുഞ്ഞനന്തന്റെ ജീവന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കുഞ്ഞനന്തന്റെ കീഴടങ്ങള്‍ ഉണ്ടായിട്ടുള്ളത്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയും കൂടിയാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്ന് പൊതു സമൂഹവും അന്വേഷണ സംഘവും ഉറച്ച് വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട പല നേതാക്കളും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോള്‍ തന്നെ ചിത്രം വ്യക്തമായിരുന്നു, പാര്‍ട്ടിക്ക് ടി.പി വധക്കേസില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് എന്നത്. പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാഴ്ത്തിയ ഈ കൊലപാതകം കുഞ്ഞനന്തന്റെ കീഴടങ്ങലോടെ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. പാര്‍ട്ടിയുടെ കില്ലര്‍ സംഘത്തെ ഉപയോഗിച്ച് നടത്തിയ നിരവധി കൊലക്കേസുകളുടെ വിവരങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട പ്രതികള്‍ പിടിയിലായപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതു മുതല്‍ പാര്‍ട്ടിക്ക് കൊലയില്‍ പങ്കില്ലെന്നാണ് ആവര്‍ത്തിച്ച് നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ പുറത്തു കൊണ്ടുവന്നിരുന്ന എല്ലാ തെളിവുകളും പാര്‍ട്ടിക്കും പാര്‍ട്ടിയുടെ ചില നേതാക്കള്‍ക്കുമെതിരായിരുന്നു. ടി.പി വധത്തിന് ശേഷവും ഒഞ്ചിയത്തെ ആര്‍.എം.പി നേതാക്കളേയും പ്രവര്‍ത്തകരേയും കുലംകുത്തികളാണെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ച് ആക്ഷേപിച്ചതോടെ പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും കടുത്ത പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. ഇതിന്റെ പേരില്‍ പാര്‍ട്ടിക്ക് എല്ലാ ഭാഗത്ത് നിന്നും വെല്ലുവിളിയും നേരിടേണ്ടി വന്നു. ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ പ്രതികരണം കേരളത്തിലെ ജനങ്ങള്‍ ശ്രദ്ധയോടെയാണ് കേട്ടത്. രാഷ്ട്രീയ പ്രതിയോഗികളെ കൊലക്കത്തിയിലൂടെ ഇല്ലാതാക്കുന്ന പ്രസ്ഥാനമാണ് സി.പി.എം എന്ന തോന്നല്‍ ഇതോടെ ഉണ്ടാവുകയും ചെയ്തു.

ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാന്‍ ഇടുക്കിയിലെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന മണിയുടെ വിവാദപ്രസംഗവും കൂടി സഹായകരമായി. പാര്‍ട്ടിയുടെ ഭാവിക്കു വേണ്ടി എതിരാളികളായ പലരേയും ലിസ്റ്റ് തയ്യാറാക്കി കൊന്നിട്ടുണ്ടെന്നാണ് മണി വെളിപ്പെടുത്തിയത്. ഇതിനെ വെറും തെരുവ് പ്രസംഗമായി കാണാനാണ് സി.പി.എം ശ്രമിച്ചത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും മുന്നണിക്കുള്ളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ കാല്‍നൂറ്റാണ്ട് കാലം ജില്ലാ സെക്രട്ടറിയായിരുന്ന മണിയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സി.പി.എം നിര്‍ബന്ധിതരാകുകയായിരുന്നു.

ടി.പി. വധക്കേസില്‍ പോലീസ് കേരള ചരിത്രത്തില്‍ ഇതുവരെ നടത്തിയിട്ടില്ലാത്ത നീക്കങ്ങളാണ് നടത്തിയത്. അതു കൊണ്ട് തന്നെ കൊലയുമായി ബന്ധമുള്ള ഓരോരുത്തരേയും കൃത്യമായി തന്നെ പിടികൂടാന്‍ സാധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഉന്നതങ്ങളിലേക്ക് അന്വേഷണം നീളുന്നത് ഒഴിവാക്കാന്‍ സി.പി.എം ശ്രമിച്ചതും അവര്‍ക്ക് തിരിച്ചടയായി മാറി. കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലെ സെക്രട്ടറിയെ ടി.പി. വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തപ്പോള്‍ മുന്‍ എം.എല്‍.എ എം.വി. ജയരാജന്‍ വടകര ഡി.വൈ.എസ്.പി ഓഫീസില്‍ കുത്തിയിരുന്ന് വിട്ടയക്കാന്‍ നടത്തിയ ശ്രമങ്ങളും പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തുകയായിരുന്നു.

തലശ്ശേരിയിലെ ഫസല്‍ വധക്കേസിലും, തളിപ്പറമ്പിലെ ഷുക്കൂര്‍ വധക്കേസിലും സി.പി.എമ്മിന്റെ പ്രമുഖരായ നേതാക്കളാണ് പ്രതി സ്ഥാനത്തുള്ളത്. കുഞ്ഞനന്തന്റെ കീഴടങ്ങലോടെ അന്വേഷണം ഇനി ഉന്നതങ്ങളിലേക്ക് നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. 51 വെട്ടുകളേറ്റ് ടി.പി കൊല്ലപ്പെട്ട് 50 ദിവസം പിന്നിടുമ്പോള്‍ തന്നെ പ്രതികളുടെ എണ്ണവും അമ്പതില്‍ എത്തി നില്‍ക്കുകയാണ്. 45 പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കുഞ്ഞനന്തന്‍ കീഴടങ്ങുകയും ചെയ്തു. നാലു പേരെ ഇനി പിടികൂടാന്‍ ബാക്കിയുണ്ട്. കൊലയാളി സംഘത്തിലെ ഷിനോജ്, കൊലയാളികള്‍ക്ക് വഴി കാട്ടിയ രജികാന്ത്, ആയുധങ്ങളും സിം കാര്‍ഡും സംഘടിപ്പിച്ച രാഹുല്‍ എന്നിവരാണ് പൊലീസ് പട്ടികയില്‍ പിടികൂടാന്‍ ബാക്കിയുള്ളവര്‍. ഇനി പിടിയിലാകുന്ന പ്രതികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം സൂചിപ്പിക്കുന്നു.

അമ്പതിന്റെ യാദൃശ്ചികതയുമായി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി.എച്ച്. അശോകന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ. കൃഷ്ണന്‍, പി.കെ. കുഞ്ഞനന്തന്‍, പി.പി. രാമകൃഷ്ണന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.സി. രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍, ജ്യോതി ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ വടക്കേയില്‍ മനോജ്, ഇ.എം. ഷാജി എന്നിവരാണ് കേസില്‍ പ്രതികളായ മറ്റു പാര്‍ട്ടി നേതാക്കള്‍.

ടിപി വധത്തില്‍ ഇവര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നു ബോധ്യപ്പെടും വിധം അന്വേഷണം പുരോഗമിച്ചിട്ടും ഒരാള്‍ക്കെതിരെ പോലും പാര്‍ട്ടി നടപടിയെടുത്തിട്ടില്ല. ഇവര്‍ക്കാര്‍ക്കും വധവുമായി ബന്ധമില്ലെന്ന ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തല്‍ കൊടി സുനി പാര്‍ട്ടി കോട്ടയില്‍ നിന്നു പിടിയിലായതോടെ അവസാനിച്ചിരുന്നു. പാര്‍ട്ടി അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ മാത്രമേ പാര്‍ട്ടി നടപടിയെടുക്കുകയുള്ളുവെന്ന് നേതൃത്വം പറയുമ്പോഴും സംഘടനാ തല അന്വേഷണം ഇനിയും തുടങ്ങിയിട്ടില്ല. കുഞ്ഞനന്തന്റെ അറസ്‌റ്റോടെ പാര്‍ട്ടി അന്വേഷണം ഉണ്ടാകുമോ എന്ന് ഇനിയും വ്യക്തമല്ല.

Keywords: Vadakara, T.P Chandrashekaran Murder Case, Kunhananthan, M.A Mani, CPM, Pinarayi Vijayan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia