Kakadu River | കക്കാട് പുഴ സംരക്ഷിക്കുന്നതിനായി കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ നടത്തി

 


കണ്ണൂര്‍: (www.kvartha.com) മൂന്നാറിലെ കൈയ്യേറ്റം മിടുക്കരായ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഏറെക്കുറെ ഒഴിപ്പിച്ചത് പോലെ കക്കാട് പുഴയുടെ പുനരുജ്ജീവനത്തിന് എല്ലാവരെയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ആത്മാര്‍ഥമായ ശ്രമം ഉണ്ടാവണമെന്നും അത്തരമൊരു തുടക്കമാണ് കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളതെന്നും ചെറുകഥാകൃത്ത് ടി പത്മനാഭന്‍.

Kakadu River | കക്കാട് പുഴ സംരക്ഷിക്കുന്നതിനായി കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ നടത്തി

അങ്ങനെയുണ്ടായാല്‍ മാത്രമേ വരും തലമുറക്കെങ്കിലും കക്കാട് പുഴ പ്രയോജനപ്രദമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കക്കാട് പുഴ മലിനമാക്കുന്നവര്‍ക്കെതിരെ കണ്ണൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്കാട് പുഴയെ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ശാരീരിക പ്രയാസമുണ്ടായിട്ടും 94-ാമത്തെ വയസ്സില്‍ ഞാന്‍ ഇവിടെ എത്തിയത്.

ഒരു കാലത്ത് കക്കാട് പുഴയിലെ മത്സ്യവിഭവങ്ങള്‍ ഏറെ പ്രസിദ്ധിയുള്ളതായിരുന്നു. മഹത്തായ സംസ്‌കാരത്തെക്കുറിച്ചൊക്കെ കേരളീയര്‍ സംസാരിക്കുമെങ്കിലും സ്വഭാവത്തില്‍ അതിന് വിരുദ്ധമാണ്. വിദ്യാഭ്യാസവും പരിഷ്‌കാരവുമൊക്കെ പറയുമെങ്കിലും വലിയ കാറുകളില്‍ വലിയ പ്ലാസ്റ്റിക് കെട്ടുകളുമായി സഞ്ചരിച്ച് വഴിയില്‍ വലിച്ചെറിയുകയാണ് നമ്മില്‍ ചിലര്‍.

കക്കാട് പുഴയുടെ ദുസ്ഥിതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. വള്ളത്തോള്‍ ഇന്നുണ്ടായിരുന്നെങ്കില്‍ കക്കാട് പുഴയെക്കുറിച്ച് വിലാപം എഴുതിയേനെ. നമ്മുടെ നാട്ടില്‍ നായ്ക്കള്‍ പെരുകുന്നതും ക്രൂരസ്വഭാവമുള്ളവരാകുന്നതും പുഴയിലും മറ്റും വലിച്ചെറിയുന്ന അറവ് മാലിന്യങ്ങള്‍ ഭക്ഷിച്ചാണ്.

ഉത്തരേന്‍ഡ്യയില്‍ ഗംഗയാണ് ഇന്ന് ഏറ്റവും കൂടുതല്‍ മലിനമായിരിക്കുന്നത്. മാറിമാറിവരുന്ന കേന്ദ്രസര്‍കാരുകള്‍ കോടിക്കണക്കിന് രൂപയാണ് ഗംഗാ സംരക്ഷണത്തിനായി ചെലവഴിക്കുന്നത്. എന്നിട്ടും ഗംഗ മാലിന്യ വാഹിനിയായി തുടരുന്നു. വിദേശ രാജ്യങ്ങളില്‍ നദികളെല്ലാം സ്ഫടികസമാനമാണ്. അവിടെ നദികള്‍ സംരക്ഷിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇവിടെ അത് നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ മേയര്‍ അഡ്വ.ടിഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍മാരായ പി ശമീമ ടീചര്‍, എംപി രാജേഷ്, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, ശാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍ സുകന്യ, എന്‍ ഉഷ, പനയന്‍ ഉഷ, ടി രവീന്ദ്രന്‍ വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ കല്ലിക്കോടന്‍ രാഗേഷ്, അഡ്വ.അഹ് മദ് മാണിയൂര്‍, വെള്ളോറ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൗണ്‍സിലര്‍മാരും, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും, നാട്ടുകാരും ഉള്‍പെടെ വലിയ ജനാവലി സന്നിഹിതരായി. ജനകീയ കൂട്ടായ്മക്ക് അഭിവാദ്യങ്ങള്‍ അര്‍പിച്ചുകൊണ്ട് കക്കാട് വി പി മഹ് മൂദ് ഹാജി സ്മാരക സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്ലകാര്‍ഡുകളേന്തി നടത്തിയ റാലി ശ്രദ്ധേയമായി. ഇതിന്റെ തുടര്‍ചയായി ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പുഴാതി കമ്യൂണിറ്റി ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ ചേരും.

Keywords: To save Kakadu River, public association organized under leadership of Kannur Corporation, Kannur, News, River, Protection, Writer, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia