കൂടംകുളം:വി എസ്സിനെ തമിഴ്‌നാട് പൊലീസ് തടഞ്ഞു

 


കൂടംകുളം:വി എസ്സിനെ തമിഴ്‌നാട് പൊലീസ് തടഞ്ഞു
തിരുവനന്തപുരം: കൂടംകുളം ആണവനിലയെത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യാത്ര തിരിച്ച പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ  തമിഴ്‌നാട് പൊലീസ് തടഞ്ഞു. കന്യാകുമാരി എസ്.പിയുടെ നേതൃത്വത്തിലുളള സംഘം കളിയിക്കാവിളയിലാണ് വി.എസിനെ തടഞ്ഞത്. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും കൂടംകുളത്തേക്ക് പോകരുതെന്നുളള പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് വി.എസ് സന്ദര്‍ശനം ഉപേക്ഷിച്ചു.

കൂടംകുളം സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാവാത്തതില്‍ നിരാശനാണെന്നും എന്നാല്‍ തമിഴ്‌നാട്ടിലെ ക്രമസമാധാനം വഷളാക്കാന്‍ ശ്രമിക്കില്ലെന്നും വി.എസ് പറഞ്ഞു.തമിഴ്‌നാട്ടിലെ ക്രമസമാധാനപ്രശ്‌നം വഷളാക്കാനല്ല തന്റെ സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഉദയകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനാണ് കൂടംകുളത്തേക്ക് പോകുന്നതെന്നും വി.എസ് വ്യക്തമാക്കി. രാവിലെ 9.30നാണ് വി.എസ് കൂടംകുളത്തേക്ക് പുറപ്പെട്ടത്. സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ വിലക്കു ലംഘിച്ചായിരുന്നു വി.എസിന്റെ യാത്ര.

വി.എസിനെ തടയാന്‍ കളിയിക്കാവിളയില്‍ വന്‍ പൊലീസ് സംഘത്തെ തമിഴ്‌നാട് വിന്യസിച്ചിരുന്നു. 10.25 ഓടെ കളിയിക്കാവിളയില്‍ എത്തിയ അദ്ദേഹത്തിന്റെ വാഹനത്തിന് സമീപമെത്തി എസ്.പി തമിഴ്‌നാട് പൊലീസിന്റെ നിര്‍ദ്ദേശം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി മാധ്യമപ്രവര്‍ത്തകരെയും ജനങ്ങളെയും അഭിസംബോധന ചെയ്ത വി.എസ് പൊലീസിന്റെ അഭ്യര്‍ഥന സ്വീകരിച്ച് താന്‍ മടങ്ങിപേ്പാകുകയാണെന്ന് അറിയിച്ചു.

അമേരിക്കയുമായി ചേര്‍ന്ന് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന ആണവകരാറില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച ഒരു പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകനാണ് താന്‍.തമിഴ്‌നാട് ശാന്തമായും സമാധാനമായും കഴിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മലയാളിയെന്നോ തമിഴനെന്നോ ഹിന്ദിക്കാരനെന്നോ വേര്‍തിരിക്കുന്ന പ്രശ്‌നമല്ല ഇത്. കഴിഞ്ഞ 400 ദിവസമായി ഉദയകുമാറിന്റെ നേതൃത്വത്തില്‍ കൂടംകുളത്ത് പ്രതിഷേധം നടക്കുകയാണ്. ഇവരെ കാണാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്-  വി.എസ് പറഞ്ഞു.

SUMMARY:  Ignoring the CPIM's official line, party veteran V S Achuthanandan today set out to Kundankulam to pledge solidarity with anti-nuclear protesters but was stopped by Tamil Nadu Police at the border town of Kaliyikkavila near here.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia