ടി.കെ രജീഷിനെ പാമ്പിന്‍വിഷകേസില്‍ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും

 


ടി.കെ രജീഷിനെ പാമ്പിന്‍വിഷകേസില്‍ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും
കാഞ്ഞങ്ങാട്: ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ ഘാതകസംഘത്തിലെ പ്രമുഖന്‍ ടി കെ രജീഷിനെ പാമ്പിന്‍ വിഷ കേസില്‍ ഹൊസ്ദുര്‍ഗ് കോടതിയിലേക്ക് കൊണ്ടുവരും. വനം വകുപ്പ് ഇതിനുള്ള നടപടികള്‍ തുടങ്ങി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി(ഒന്ന്)പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കാഞ്ഞങ്ങാട്ടെ വനംവകുപ്പ് റേയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി. പാമ്പിന്‍വിഷക്കേസ് പരിഗണിക്കുന്ന ജൂണ്‍ 28 ന് രജീഷിനെ ഹൊസ്ദുര്‍ഗ് കോടതിയിലേക്ക് കൊണ്ടുവരും.

2002 ഏപ്രില്‍ 6 ന് പാമ്പിന്‍വിഷം വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ പുതിയകോട്ടയിലെ ഒരു ലോഡ്ജില്‍ നിന്ന് ടി കെ രജീഷ് ഉള്‍പ്പെടെ അഞ്ചുപേരെ ഹൊസ്ദുര്‍ഗ് പോലീസ് സമര്‍ത്ഥമായി അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിന്റെ തുടരന്വേഷണം പോലീസ് പിന്നീട് വനംവകുപ്പിന് കൈമാറി. രജീഷിന് പുറമെ കണ്ണൂര്‍ പത്തായകുന്ന് സ്വദേശികളായ കെ സി ബാലന്‍, കെ വി മഹേഷ്‌കുമാര്‍, കല്ല്യാശേരിയിലെ കെ രാജന്‍, നെടുംപൊയിലിലെ എ രാജന്‍, പാട്യത്തെ വി ബി ഭാസ്‌കരന്‍, കണ്ണൂര്‍ ചാലയിലെ ടി അഷ്‌റഫ്, പൂക്കോട് കാരാട്ടെ പി രവി എന്നിവരും പ്രതികളാണ്.

പാമ്പിന്‍വിഷം രജീഷാണ് നല്‍കിയത്. അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് കുപ്പി പാമ്പിന്‍ വിഷം ഈ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.പാമ്പിന്‍ വിഷം നല്‍കിയത് രജീഷാണെന്ന് കേസിലെ മുഖ്യപ്രതി പി രവി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് രജീഷിന്റെ പങ്കാളിത്തം പോലീസിനും വനംവകുപ്പിനും വ്യക്തമായത്.
പാമ്പിന്‍ വിഷം വിറ്റുതന്നാ ല്‍ അരലക്ഷം രൂപ നല്‍കാമെന്ന് രജീഷ് സംഘത്തോട് പറഞ്ഞുവത്രെ. ഒരു മില്ലിലിറ്ററിന് 8000 രൂപ വില മതിക്കുന്ന പാമ്പിന്‍ വിഷം കാഞ്ഞങ്ങാട്ടെ ഒരു സംഘത്തിന് വി ല്‍ക്കാനാണ് പദ്ധതിയിട്ടത്.
രജീഷിന്റെ കയ്യില്‍ നിന്ന് പാമ്പിന്‍ വിഷം വാങ്ങി രവിയടക്കം പുതിയകോട്ടയിലെ ലോഡ്ജില്‍ താമസിക്കുമ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്. പിന്നീട് വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ രജീഷ് ഉള്‍പ്പെടെ മൂന്നുപേരെ പ്രതികളാക്കുകയും ഒരു മാരുതി വാന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഈ കേസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്. നിരവധി തവണ രജീഷ് ഈ കേസില്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്.
വിചാരണ പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതികളുടെ മൊഴി ജൂണ്‍ 7ന് വ്യാഴാഴ്ച രേഖപ്പെടുത്താന്‍ കോടതി നിശ്ചയിച്ചിരുന്നു. എന്നാല്‍ രജീഷ് അന്ന് കോടതിയില്‍ ഹാജരായില്ല. ഇതേതുടര്‍ന്ന് കോടതി രജീഷിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും കേസ് ജൂണ്‍ 28 ന് പരിഗണിക്കാന്‍ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.
അറസ്റ്റ് വാറണ്ട് ഇന്നലെ വനംവകുപ്പിന്റെ ചെമ്മട്ടംവയലിലുള്ള റൈഞ്ച് ഓഫീസില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട് ജയിലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന ടി കെ രജീഷിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ കൊണ്ടുവരുന്നതിന് വനം വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
രജീഷിനെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കാ ന്‍ വനംവകുപ്പ് ഹൊസ്ദുര്‍ഗ് കോടതിയെ ഉടന്‍ സമീപിക്കുന്നുണ്ട്. കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചാല്‍ ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘ ത്തിന്റെ കസ്റ്റഡിയില്‍ കഴിയു ന്ന രജീഷിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതിയിലേക്ക് കൊണ്ടുവരേണ്ടുന്ന ചുമതല പോലീസിനായിരിക്കും.

Keywords: Kanhangad, Kasaragod, Accused, Court, T.P Chandrasekhar Murder Case, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia