Tiger | കണ്ണൂരില്‍ വീണ്ടും ജനവാസ കേന്ദ്രത്തില്‍ കടുവ; ജില്ലാകലക്ടര്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു; വീഡിയോ കാണാം

 


കണ്ണൂര്‍: (KVARTHA) ജില്ലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ജനങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്നു. അടയ്ക്കാത്തോട്ടില്‍ ചിറകുഴിയില്‍ ബാബുവിന്റെ വീട്ടുപറമ്പില്‍ കടുവ ഇറങ്ങിയതിനെ തുടര്‍ന്ന് കേളകം പഞ്ചായത്ത് അടയ്ക്കാത്തോട്ടിലെ ആറാംവാര്‍ഡില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. ഞായറാഴ്ച്ച വൈകുന്നേരം നാലുമണിവരെയാണ് നിരോധനാഞ്ജ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ കടുവയുടെ വീഡിയോ ദൃശ്യം ലഭിച്ചതിനെ തുടര്‍ന്ന് അടയ്ക്കാത്തോട് ഹമീദ് റാവുത്തര്‍ കോളനിക്ക് സമീപം കടുവയെ പിടികൂടാന്‍ ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ കൂട് സ്ഥാപിച്ചു.
   
Tiger | കണ്ണൂരില്‍ വീണ്ടും ജനവാസ കേന്ദ്രത്തില്‍ കടുവ; ജില്ലാകലക്ടര്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു; വീഡിയോ കാണാം

കൊട്ടിയൂരില്‍ നിന്നുമെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണി മുതല്‍ വൈകിട്ട് നാലുമണിവരെ പ്രദേശത്ത് തെരച്ചില്‍ നടത്തി. ശനിയാഴ്ച്ച രാവിലെ ഏഴുമണിക്കാണ് വീട്ടുകാര്‍ കടുവ നടന്നു പോകുന്നതായി കണ്ടത്.

ഇതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഈ മേഖലയിലെ ജനങ്ങള്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടുവയെ പിടികൂടാന്‍ കൂടുവയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും ഇറങ്ങിയ കടുവയെയാണ് അടയ്ക്കാത്തോട്ടില്‍ കണ്ടതെന്നാണ് വനം വകുപ്പ് നല്‍കുന്ന വിവരം.

ഇതിനിടെ അടക്കാത്തോട് മേഖലയിലെ പ്രദേശവാസികളുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും വനംവകുപ്പും പരാജയമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ആരോപിച്ചു.
കടുവയുടെ സാന്നിധ്യവും കാല്‍പാടുകളും ദിവസങ്ങള്‍ക്ക് മുന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടും വേണ്ട മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതില്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും തികഞ്ഞ അലംഭാവമാണ് ഉണ്ടായത്. മയക്കുവെടി വെച്ച് കടുവയെ പിടിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോട് വനം വകുപ്പ് മുഖം തിരിക്കുകയാണ്. പ്രദേശത്ത് കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കൈമാറിയിട്ടും വനംവകുപ്പിന്റെ ക്യാമറയില്‍ കടുവയുടെ സാന്നിധ്യം പതിഞ്ഞിട്ടില്ലെന്ന മുട്ടാപ്പോക്ക് ന്യായമാണ് വനംവകുപ്പ് നിരത്തുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വന്യജീവികളുടെ ആക്രമണം തടയാന്‍ ഒന്നും ചെയ്യുന്നില്ല. രണ്ടു സര്‍ക്കാരുകളും ജനങ്ങളെ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകാന്‍ വലിച്ചെറിയുകയാണ്. വിലപ്പെട്ട ഒരു മനുഷ്യജീവന്‍ ബലിനല്‍കുന്നതുവരെ നിസ്സംഗത തുടരാനാണ് സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്നെ 9 ഓളം വിലപ്പെട്ട മനുഷ്യ ജീവനുകളാണ് വന്യജീവി ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നഷ്ടമായത്. യുഡിഎഫിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാത്രമാണ് വന്യജീവി ആക്രമണത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യജീവികളെ വെടിവെയ്ക്കാനുള്ള നിയന്ത്രണങ്ങളില്‍ ഭേദഗതി വേണമെന്ന ആവശ്യം പോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. അടക്കാത്തോട് ജനവാസമേഖലയില്‍ കണ്ട കടുവയെ എത്രയും വേഗം പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.


Keywords:  Kannur, Kannur-News, News, News-Malayalam-News, Kerala,Kerala-News, Tiger spotted agian in Kannur; District Collector announced sec144.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia