Thrissur 2024 | കൊട്ടിക്കയറുന്നു തൃശൂരിലെ തെരഞ്ഞെടുപ്പ് പൂരം; പ്രതാപനും സുനില്‍കുമാറും കളത്തിലേക്ക്; മോദി തരംഗത്തെ തടയിടാന്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്

 


/ നവോദിത്ത് ബാബു

തൃശൂര്‍: (KVARTHA)
പൂരനഗരിയാണ് തൃശൂര്‍. എന്നാല്‍ ഇത്തവണ വരുന്ന തെരഞ്ഞെടുപ്പ് പൂരം ഏറ്റവും കൂടുതല്‍ ആവശത്തോടെ കൊട്ടിക്കയറുക വടക്കുംനാഥന്റെ മണ്ണില്‍തന്നെ. മേളപ്പെരുക്കത്തിന് മുന്‍പെയുളള ബഹളമാണ് ഇപ്പോള്‍ തൃശൂരില്‍ നിന്നും കേള്‍ക്കുന്നത്. ആരാ നിങ്ങ്‌ടെ സ്ഥാനാര്‍ത്ഥിയെന്നാണ് പാര്‍ട്ടികള്‍ തമ്മില്‍ ചോദിക്കുന്നത്. പ്രധാനമന്ത്രിയുടെ വരവോടെ ബി.ജെ.പി സുരേഷ് ഗോപിയെ അനൗപചാരികമായി കളത്തിലിറക്കിയിട്ടുണ്ടെങ്കിലും ഔപചാരികതയുടെ ആശയകുഴപ്പം സിപിഐയ്ക്കും കോണ്‍ഗ്രസിനുമുണ്ട്. എന്നാല്‍ അവരുടെ സ്ഥാനാര്‍ത്ഥികള്‍ ആരാണെന്നു മാലോകര്‍ക്കറിയാം. വി എസ്. സുനില്‍കുമാര്‍ സി. പി ഐയ്ക്കായും ടി. എന്‍ പ്രതാപന്‍ കോണ്‍ഗ്രസിനായും ഇക്കുറികളത്തിലിറങ്ങും.
  
Thrissur 2024 | കൊട്ടിക്കയറുന്നു തൃശൂരിലെ തെരഞ്ഞെടുപ്പ് പൂരം; പ്രതാപനും സുനില്‍കുമാറും കളത്തിലേക്ക്; മോദി തരംഗത്തെ തടയിടാന്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്

വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ അതിശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂരില്‍ അതിവേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് സി.പി.ഐയും കോണ്‍ഗ്രസും ലക്ഷ്യമിടുന്നത്. വിഎസ് സുനില്‍കുമാറിനെ തന്നെ തൃശൂരിലിറക്കണമെന്ന നിര്‍ബന്ധമാണ് സിപിഎമ്മിനുളളത്. ശക്തമായ ത്രികോണമത്സരം നടക്കാനിരിക്കുന്ന തൃശൂരിന് വേണ്ടി ഇടതുമുന്നണി പ്രത്യേക പ്രചാരണ തന്ത്രം തന്നെ ഒരുക്കാനാണ് തീരുമാനം.

പ്രധാനമന്ത്രി നേരിട്ടെത്തി ഇളക്കി മറിച്ചിട്ട മണ്ഡലത്തില്‍ ഒരു മുഴം മുന്‍പെ വിഎസ് സുനില്‍കുമാര്‍ ഇറങ്ങട്ടെന്നാണ് സിപിഎമ്മിന്റെ നിലപാട്. കുടുംബയോഗങ്ങളിലടക്കം സജീവമാകാന്‍ സുനിലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലെ സാധ്യത പ്രഖ്യാപനത്തില്‍ നീരസമുണ്ടെങ്കിലും വിഎസ് സുനില്‍കുമാറിനപ്പുറം ഒരു സ്ഥാനാര്‍ത്ഥി തൃശൂരിലുണ്ടാകില്ലെന്ന് തന്നെയാണ് സിപിഐ നേതൃത്വവും കരുതുന്നത്.

കാനം പക്ഷത്തിന് അത്ര സ്വീകാര്യനല്ലാത്തത് മാത്രമാണ് പാര്‍ട്ടിക്കകത്ത് വിഎസ് സുനില്‍കുമാറിന്റെ നെഗറ്റീവ്. ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കാനംപക്ഷക്കാരനാണ്. എന്നാല്‍ ജനകീയനായ വി. എസ് സുനില്‍കുമാറിന് പകരം ആരുസ്ഥാനാര്‍ത്ഥിയാകുമെന്ന ചോദ്യത്തിന് അവര്‍ക്കു മുന്‍പില്‍ വേറെ ചോയ്‌സില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവും തൃശൂരില്‍ നടത്തിയ റോഡ് ഷോയും തൃശൂരില്‍
ഏറെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത് കോണ്‍ഗ്രസിനാണ്.
    
Thrissur 2024 | കൊട്ടിക്കയറുന്നു തൃശൂരിലെ തെരഞ്ഞെടുപ്പ് പൂരം; പ്രതാപനും സുനില്‍കുമാറും കളത്തിലേക്ക്; മോദി തരംഗത്തെ തടയിടാന്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്

ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഗാര്‍ഗെയെ തൃശൂരില്‍ കൊണ്ടു വന്ന് ബി.ജെ.പി സര്‍ക്കാരിനെതിരെ മണിപ്പൂര്‍ വിഷയത്തില്‍ ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 2019-ല്‍ 27.03 ശതമാനം വോട്ടുഷെയറോടെ രണ്ടേമുക്കാല്‍ ലക്ഷം വോട്ടാണ് തൃശൂരില്‍ സുരേഷ് ഗോപി നേടിയത്. അതുകൊണ്ടു തന്നെ തൃശൂരില്‍ അപകടസാധ്യത കോണ്‍ഗ്രസ് മണയ്ക്കുന്നുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള തൃശൂരിലെ പോരാട്ടം ദേശീയ ശ്രദ്ധതന്നെ പിടിച്ചു പറ്റിയിരിക്കുകയാണ്. ആരുജയിക്കുമെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ആത്യന്തികമായി വോട്ടര്‍മാര്‍ തന്നെയാണ്.

Keywords: News, News-Malayalam-News, Kerala, Politics, Thrissur: Tough challenge for UDF, BJP and LDF.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia